ADVERTISEMENT

കൊച്ചി∙ അങ്കമാലി പൂതംകുറ്റിയിൽ മീൻപിടിക്കുന്നതിനിടെ, പാടത്ത് കൃഷിയുടമ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിയെ തിരഞ്ഞ് പൊലീസ്. വൈദ്യുതി ബോർഡിന്റെ റിപ്പോർട്ടിനു ശേഷം അറസ്റ്റ് ചെയ്യാൻ കാത്തിരുന്നത് പൊലീസിന് വിനയായി. അനധികൃതമായി വൈദ്യുത വേലി സ്ഥാപിച്ച പ്രതി മുങ്ങിയെന്നാണ് പൊലീസിന്റെ വിശദീകരണം. സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ സ്ഥലത്തില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ ദിവസം പ്രതിഷേധ സമരം സംഘടിപ്പിച്ചു.

youth-dies-of-electric-shock-Angamaly
പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധം

ഭൂമി ഉടമ സ്വാധീനമുള്ള ആളായതിനാലാണ് പൊലീസ് നടപടി സ്വീകരിക്കാത്തത് എന്നാരോപിച്ച് നാട്ടുകാർ കഴി‍‍ഞ്ഞ ദിവസം സമരപരിപാടികൾ ആരംഭിച്ചിരുന്നു. കോവിഡായതിനാൽ സമൂഹിക അകലം പാലിച്ച് പോസ്റ്ററുകൾ കയ്യിൽ പിടിച്ചായിരുന്നു സമരം. #JusticeForSonat എന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. പൊലീസ് നടപടിയുണ്ടാകാത്ത പക്ഷം സമരം കൂടുതൽ വ്യാപിപ്പിക്കുമെന്നും ജില്ലാ പൊലീസ് മേധാവിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.

മൂക്കന്നൂർ ഇഞ്ചയ്ക്ക പാലാട്ടി മാത്യുവിന്റെയും ആനിയുടെയും മകൻ സോണറ്റ് മാത്യുവാണ് (32) രാത്രി സുഹൃത്തിനൊപ്പം മീൻ പിടിക്കാൻ വീടിനടുത്തുള്ള പാടശേഖരത്തിന് അടുത്തുള്ള തോട്ടിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപെട്ടത്. കപ്പ കൃഷിയെ പന്നിയിൽനിന്നു രക്ഷിക്കാൻ പറമ്പിനു ചുറ്റും കമ്പി വേലി കെട്ടി ലൈനിൽനിന്ന് നേരിട്ട് വൈദ്യുതി നൽകിയിരുന്നതാണ് അപകടമുണ്ടാക്കിയത്. മുന്നിൽ നടന്ന സോണറ്റ് കമ്പിയുടെ മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താബോർ പാലയ്ക്കാപ്പിള്ളി ജോസഫിന്റെ (ബേബി) മകൻ റോബിൻ പി.ജോസഫിനും ഷോക്കേറ്റു.

ബഹളം വച്ച് റോബിൻ നാട്ടുകാരെ വിളിച്ചുകൂട്ടി. ആളുകൾ എത്തിയപ്പോൾ പാടത്തു വൈദ്യുതിയുണ്ടെന്നും വെള്ളത്തിലേക്ക് ഇറങ്ങരുതെന്ന് റോബിൻ വിളിച്ചുപറഞ്ഞതിനാൽ നാട്ടുകാർ ട്രാൻസ്ഫോമറിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണു രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും മൂക്കന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സോണറ്റ് മരിച്ചു. അങ്കമാലിയിൽ ബേക്കറി ബിസിനസ് നടത്തിയിരുന്ന സോണറ്റ് കോവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. മാതാപിതാക്കളും രണ്ടു ചെറിയ കുഞ്ഞുങ്ങളുമുള്ള സോണറ്റിന്റെ മരണം നാട്ടുകാരെയും സങ്കടത്തിലാക്കിയിരിക്കുകയാണ്.

English Summary: Youth dies of Electric Shock: Follow-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com