ADVERTISEMENT

അങ്കാറ ∙ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി കഴിഞ്ഞ​ വർഷം ഓഗസ്റ്റിൽ റദ്ദാക്കിയ ഇന്ത്യൻ നടപടി ആ മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാകുന്നതിന് ഇടയാക്കിയില്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ സർക്കാരിന്റെ നടപടി ജമ്മുകശ്മീരിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നതിന് ഇടയാക്കിയെന്ന് ആരോപിച്ച തുർക്കി വിദേശകാര്യ മന്ത്രാലയം,  ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയ്ക്കു തയാറാകണമെന്ന് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഒന്നാം വാർഷികത്തിൽ ഈ വിഷയത്തിൽ ചൈനയെ കൂടാതെ പ്രസ്താവന പുറപ്പെടുവിച്ച ഏക രാജ്യമാണ് തുർക്കി. അതേസമയം, പാക്ക് അധിനിവേശ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാക്കി പ്രധാനമന്ത്രി ഇമ്രാൻഖാൻ പുറത്തിറക്കിയ പുതിയ രാഷ്ട്രീയ ഭൂപടത്തെ കുറിച്ച് പ്രതികരിക്കാൻ തുർക്കി തയാറായില്ല. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്നത് ഇന്ത്യ എടുത്തുകളഞ്ഞതിന്റെ ഒന്നാം വാർഷികത്തിന്റെ തലേന്നാണ് പാക്കിസ്ഥാൻ വിവാദ ഭൂപടം പുറത്തിറക്കിയത്.

ഇക്കഴി‍ഞ്ഞ ഫെബ്രുവരിയിലെ പാക്ക് സന്ദർശനത്തിനിടെ പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു. കശ്മീർ ജനത അനുഭവിക്കുന്ന ദുരിതം ഒന്നാംലോക മഹായുദ്ധകാലത്ത് ഓട്ടോമാൻ സാമ്രാജ്യം നടത്തിയ പോരാട്ടത്തിനു സമാനമാണെന്നായിരുന്നു തയ്യിപ് എർദോഗന്റെ പ്രസ്താവന. 

2019 ഓഗസ്റ്റ് 5നാണ് കേന്ദ്ര സർക്കാർ ഭരണഘടനയുടെ 370–ാം വകുപ്പ് അനുസരിച്ചുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറ്റിയത്. 

English Summary: Turkish foreign ministry criticised India’s decision to revoke Jammu and Kashmir’s special status August last year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com