ADVERTISEMENT

പത്തനംതിട്ട ∙ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ പമ്പാ ഡാമിന്റെ ആറു ഷട്ടറുകളും തുറന്നു. നേരത്തെ രണ്ടു ഷട്ടറുകൾ മാത്രമാണ് തുറന്നിരുന്നത്. വെള്ളം 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഡാം തുറന്നു.

ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയർത്തിയത്. പമ്പാ നദിയിൽ 40 സെന്റിമീറ്റർ വെള്ളം ഉയരുമെന്നാണ് കണക്ക് കൂട്ടൽ. ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെത്തോങ്കര ജംക്‌ഷനിൽ നിലവിൽ വെള്ളമുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ അവശേഷിക്കുന്ന സാധനങ്ങൾ കൂടി മാറ്റാൻ തുടങ്ങി.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നിയന്ത്രിതമായ അളവിൽ വെള്ളം തുറന്നുവിടുന്നത് പിന്നീട് വലിയ അളവിൽ വെള്ളം ഒഴുക്കുന്ന സാഹചര്യം ഒഴിവാക്കാനായാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി.നൂഹ് പറഞ്ഞു. റാന്നിയിലേക്ക് ഏകദേശം 5 മണിക്കൂറിനുള്ളിൽ വെള്ളം ഒഴുകിയെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ജലനിരപ്പ് ഏകദേശം 40 സെന്റിമീറ്ററോളം അധികമാകും.

കഴിഞ്ഞ ദിവസത്തെ പീക് ടൈമിലുള്ള പമ്പാനദിയിലെ ജലനിരപ്പ് നോക്കിയാല്‍ അത് കുറഞ്ഞിരിക്കുകയാണ്. ഇന്നത്തെ അളവ് പ്രകാരം 6.42 മീറ്ററാണ് പമ്പയിലെ ജലനിരപ്പ്. അത് മാലക്കര എന്ന സ്ഥലത്താണ് എടുക്കുന്നത്. കഴിഞ്ഞ ദിവസം വന്ന ആ ലെവൽ വരെയാണ് ഇത്തവണ ജലം എത്തുകയുള്ളൂ. അതിന് മുകളിൽ വരാനുള്ള സാധ്യത കുറവാണെന്നും ജില്ലാ കലക്ടർ മനോരമ ന്യൂസിനോടു പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ കാലവര്‍ഷം: സംശയനിവാരണത്തിനായി വിളിക്കാം

കാലവര്‍ഷവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പരുകളില്‍ ജനങ്ങള്‍ക്ക് വിളിക്കാമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

0468-2322515, 1077 (ടോള്‍ഫ്രീ)

8547705557, 8547715558, 8547724440, 8547715024,

8547724243, 8547711140,

8547725445, 8547729816,

8547733132.

English Summary: Pamba dam will open soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com