ADVERTISEMENT

‘52 മൃതശരീരം ഇതുവരെ കണ്ടെടുത്തു, ഇനിയും 19 ശരീരങ്ങൾ മണ്ണിനടിയിൽ ഉണ്ട്. എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും. രണ്ടു ദിവസത്തിനുള്ളിൽ എല്ലാം മൃതശരീരങ്ങളും പുറത്തെടുക്കാൻ ആയില്ലെങ്കിൽ ശരീരം മണ്ണിനടിയിൽ കിടന്ന് അഴുകാൻ തുടങ്ങും. അതിനു ശേഷം ശ്രമിച്ചിട്ട് കാര്യമില്ലാതാകും.....’

പിന്നിട്ട രണ്ടു വർഷവും പോലെ ദുരന്തം പതിയിരുന്ന കാലവർഷക്കാലത്ത് പെട്ടിമുടിയിൽ ഒരൊറ്റ രാത്രികൊണ്ട് മണ്ണിനടിയിൽ അകപ്പെട്ട മനുഷ്യരുടെ ചേതനയറ്റ ശരീരങ്ങൾ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് എൻഡിആർഎഫ് സംഘം. ആ സംഘത്തെ നയിക്കുന്ന കമാൻഡന്റ് രേഖ നമ്പ്യാരുടെ വാക്കുകളാണിത്. 

ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും ദുരിതം വിതയ്ക്കുന്ന മണ്ണിൽ നിന്ന് പ്രിയപ്പെട്ടവരുടെ ശരീരങ്ങളെങ്കിലും കാത്തിരിക്കുന്നവർക്ക് നൽകാനാണ് ഇവർ ശ്രമിക്കുന്നത്. ദുരന്തഭൂമിയിൽ മൃതശരീരങ്ങൾക്കു നടുവിൽ മനസ്സാന്നിധ്യം കൈവിടാതെ തന്റെ സംഘത്തിന് ഊർജം പകർന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ് എൻഡിആർഎഫിന്റെ തമിഴ്നാട്ടിലെ ആറക്കോണം ആസ്ഥാനമായ നാലാം ബറ്റാലിയൻ കമാൻഡർ രേഖ. ദുരന്തമുഖത്ത് ‘രക്ഷാസേന’യുടെ ചീഫ് കമാൻഡറാകുന്ന ആദ്യ വനിത കൂടിയാണു മലയാളിയായ രേഖ.  2015 ൽ എൻഡിആർഎഫിന്റെ കമാൻഡിങ് ഓഫിസർ സ്ഥാനം ഏറ്റെടുത്തതു മുതൽ താൻ പിന്നിട്ട ദുരന്തഭൂമികളെയും നേരിട്ട വെല്ലുവിളികളേയും കുറിച്ച് രേഖ മനോരമ ഓൺലൈനോട് ... 

ദുരന്തം മൂടിയ പെട്ടിമുടിയിലേക്ക്

മണ്ണിലാണ്ട പ്രിയരെ എത്രയും പെട്ടെന്നു കണ്ടെത്തി നൽകുമെന്ന പ്രതീക്ഷാനിർഭരമായ കണ്ണുകളാണു ഞങ്ങളെ പെട്ടിമുടിയില്‍ വരവേറ്റത്. എന്നാൽ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചു. ശക്തമായ മഴയിലും മരം കോച്ചുന്ന തണുപ്പത്തുമാണ് മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള ദൗത്യത്തിലേക്ക് എന്റെ സംഘം എത്തുന്നത്. ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് നല്ലരീതിയിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടിരുന്നു. അതിനാൽ തന്നെ 20–25 അടിയിലേക്ക് കാഴ്ച പോലും മറഞ്ഞിരുന്നു. വെള്ളം കോരികളഞ്ഞ ശേഷമേ കുഴിക്കാൻ കഴിയൂ. അല്ലെങ്കിൽ മണ്ണിനടിയിൽപ്പെട്ട ശരീരം കാണാൻ പറ്റില്ല. വെള്ളം മാറ്റും, കുഴിക്കും, വീണ്ടും വെള്ളം മാറ്റും, കുഴിക്കും... അതങ്ങനെ തുടരും. എത്ര വെള്ളം മാറ്റിയാലും മണ്ണിനു നല്ല നനവു കാണും, കുഴിയിൽ ചെളി നിറഞ്ഞിരിക്കും. ഇതൊക്കെ വലിയ പ്രതിസന്ധിയായി. പല സമയത്തും തിരച്ചിൽ നിർത്തേണ്ടി വന്നു. ഉരുൾപൊട്ടലിനൊപ്പം പ്രദേശത്ത് വലിയ പാറകഷ്ണങ്ങൾ വന്നു പതിച്ചിരുന്നു. 10–15 അടി നീളമുള്ള പാറകഷ്ണങ്ങളായിരുന്നു ഏറെയും. അതിനു ചുറ്റും കുഴിച്ചു വേണം അവ മാറ്റാൻ. ഇതിനിടെ പാറകൾക്ക് അടിയിൽ നിന്നു വരെ ശരീരങ്ങൾ കിട്ടി.

pettimudi-rescue-operation

ഒറ്റരാത്രിയിൽ പെട്ടിമുടി എങ്ങനെ ഇല്ലാതായി....

കാലവർഷത്തെ തുടർന്നുണ്ടായ ശക്തമായ മഴയാണ് പെട്ടിമുടിയെ ഈയൊരു ദുരവസ്ഥയിലേക്കു തള്ളിവിട്ടതെന്ന് പറയാം. വനനശീകര‌ണം അതിന് ആക്കം കൂട്ടിയിരിക്കാം. കഴിഞ്ഞ വർഷം അത് മലപ്പുറത്തായിരുന്നു. ഇത്തവണ ഇടുക്കിയിലും, നാളെ അതു മറ്റെവിടെയെങ്കിലുമാകാം. രാജ്യത്തെ നിരവധി ഹിൽ സ്റ്റേഷനുകളിൽ ഈ ഭീഷണി നിലനിൽക്കുന്നുണ്ട്.  പെട്ടിമുടിയിലെ ഉരുൾപൊട്ടലിനു കാരണം എന്തുമാകാം. വനനശീകരണമോ, കെട്ടിട നിർമാണങ്ങളെ തുടർന്നുണ്ടായ ആഘാതമോ, ഭ്രംശരേഖയോ ഇതേതുമാകാം. ഒരു പ്രത്യേക കാരണം പറയാൻ സാധിക്കില്ല.

കവളപ്പാറയിൽ നിന്ന് പെട്ടിമുടിയിൽ എത്തുമ്പോൾ....

2019 ഓഗസ്റ്റ് എട്ട് മലയാളിക്കു വിങ്ങുന്ന ഒരു ഓർമയാണ്. ഒരൊറ്റ രാത്രിയിൽ എല്ലാം മണൽക്കൂമ്പാരമായി മാറാമെന്ന അവിശ്വസനീയ സത്യത്തെ കേരളം ഉൾക്കൊണ്ട ദിനം. നിലമ്പൂരിലെ കവളപ്പാറയിലെ ഉരുൾപൊട്ടലിൽ 59 ജീവനാണ് നഷ്ടമായത്. അതിന് ഒരാണ്ടു തികയുന്നതിനു തലേന്നാണു പെട്ടിമുടിയിൽ തനിയാവർത്തനം പോലെ ഒരു ദുരന്തം. 

pettimudi-rescue

കവളപ്പാറയിലും രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയതും രേഖ തന്നെയാണ്. പെട്ടിമുടിയേക്കാൾ മൂന്നിരട്ടിയോളം വ്യാപ്തിയുള്ള പ്രദേശമായിരുന്നു കവളപ്പാറ. അതിനാൽ തന്നെ വലിയൊരു പ്രദേശത്ത് തിരച്ചിൽ നടത്തേണ്ടി വന്നു. എന്നാൽ പെട്ടിമുടിയിൽ വെല്ലുവിളി സൃഷ്ടിച്ചത് പ്രതികൂല കാലാവസ്ഥയാണ്. ശക്തമായി മഴ, 12–15 ഡിഗ്രി വരെ താഴ്ന്ന താപനില എന്നിവയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടി. 

ആദ്യ ദൗത്യം ചെന്നൈയിൽ 

2015ലാണ് എൻഡിആർഎഫിലേക്കു ഞാൻ ഡപ്യൂട്ടേഷനിൽ എത്തുന്നത്. ചെന്നൈയെ മുക്കിയ പ്രളയമായിരുന്നു ആദ്യ ദൗത്യം. ഒരു ദുരന്തം നമ്മുടെ നേർക്കു വരുമ്പോൾ മാത്രമേ അതിന്റെ ആഘാതം മനസ്സിലാകൂ. നമുക്ക് ആരോഗ്യമുണ്ടെങ്കിൽ, നമ്മുടെ കുടുംബവും വേണ്ടപ്പെട്ടവരും സുരക്ഷിതമാണെങ്കിൽ ഒരു തരത്തിലും ആ ദുരന്തം നമ്മെ ബാധിക്കില്ല. ദുരന്തമുഖത്തേക്ക് നാം ഇറങ്ങിച്ചെല്ലുമ്പോൾ മാത്രമേ അതിന്റെ വ്യാപ്തി മനസ്സിലാകൂ.

pettimudi-landslide-1

മരണമല്ല മറിച്ച് തന്റെ വേണ്ടപ്പെട്ടവർ സുരക്ഷിതരാണോ എന്ന ചിന്തയാണ് ഒരുവനെ ഏറ്റവും വേദനിപ്പിക്കുന്നത് അല്ലെങ്കിൽ പേടിപ്പിക്കുന്നത്. ചെന്നൈയിലെ പ്രളയത്തിരയിൽ ഇറങ്ങിയപ്പോൾ മനസ്സിലായ പാഠമാണത്. പ്രിയപ്പെട്ടവരെ കുറിച്ച് ഒന്നുമറിയാതെ വേദനിക്കുന്നവരെ, വിദേശത്തുള്ള മക്കളെ ഒന്നു വിളിക്കാൻ പോലും കഴിയാതെ, ആവശ്യങ്ങൾ എന്താണെന്ന് അറിയിക്കാൻ പോലും പറ്റാത്ത വയോധികരെ, വീടു നഷ്ടമായവരെ, അസുഖബാധിതരെ, വെന്റിലേറ്ററിൽ ജീവതാളത്തിനായി പോരാടുന്നവരെ, അങ്ങനെ ഒരുപാടു പേരെ, നമ്മുടെ കൈകൾ സാന്ത്വനം പകരേണ്ട ഒരുപാടു സാഹചര്യങ്ങൾ അന്നു മുന്നിൽക്കണ്ടു. വൈദ്യുതി ഇല്ലാത്തതിനാൽ വെന്റിലേറ്ററിൽ കിടക്കുന്ന രോഗികളുടെ ജീവൻ നിലനിർത്താൻ പ്രയാസപ്പെടുകയാണെന്ന് ആശുപത്രികളിൽ നിന്നു വിളിച്ചു പറഞ്ഞിട്ടുണ്ട്. വൃക്ക മാറ്റിവച്ചയാൾക്ക് ഡയാലിസിസ് ചെയ്യണം, എന്നാൽ ആശുപത്രികൾ തുറന്നിട്ടില്ല. മഹാനഗരത്തിന്റെ വ്യാപ്തിയിൽ പ്രളയത്താൽ ഒറ്റപ്പെട്ട് സഹായിക്കണമെന്നു പറഞ്ഞു വിളിച്ചു കരഞ്ഞവരുണ്ട്... നമ്മുടെ വാതിലിൽ വന്നു മുട്ടുന്നതുവരെ ഒരു ദുരന്തത്തിന് എന്തൊക്കെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നത് നമുക്കു മനസ്സിലാകില്ല.

സിഐഎസ്എഫിൽ നിന്ന് എൻഡിആർഎഫിലേക്ക്

ചെന്നൈയിൽ ജനിച്ചു വളർന്ന രേഖയുടെ അച്ഛൻ വടകര സ്വദേശിയും അമ്മ പാലക്കാട്ടുകാരിയുമാണ്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ചെന്നൈ, ഡൽഹി എന്നീ മഹാനഗരങ്ങളിലാണ് രേഖ വളർന്നത്. പ്രാഥമിക വിദ്യാഭ്യാസം ഇവിടെ നിന്ന് നേടിയ രേഖ ഇംഗ്ലിഷിൽ ബിരുദാനന്തരബിരുദവും സ്വന്തമാക്കി. തുടർന്ന് യുപിഎസ്‌സി പരീക്ഷ എഴുതി സി‌ഐഎസ്എഫിലേക്ക്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ നിന്നു (സിഐഎസ്എഫ്) അഞ്ചു വർഷം മുൻപാണ് ഡപ്യൂട്ടേഷനിൽ എൻഡിആർഎഫിൽ എത്തുന്നത്. ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫിസറായിരുന്ന രേഖ നിലവിൽ തമിഴ്നാട്ടിലെ ആറക്കോണം ആസ്ഥാനമായ നാലാം ബറ്റാലിയന്റെ കമാൻഡറാണ്. 

സാഹസികത എന്നും ഇഷ്ടപ്പെട്ട രേഖ എൻഡിആർഎഫിൽ എത്താനുള്ള ഏറ്റവും വലിയ പ്രചോദനം അച്ഛനാണെന്ന് പറയുന്നു. എപ്പോഴും സേഫ് സോണിൽ ഇരിക്കുന്നതല്ല ജീവിതമെന്നും വെല്ലുവിളികളെ ഏറ്റെടുത്ത് മുന്നേറണമെന്നും പഠിപ്പിച്ചത് അച്ഛനാണ്. മറ്റുള്ളവരുടെ പ്രയാസങ്ങളിൽ താങ്ങായി നിൽക്കണമെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഏറെ പ്രചോദനം. 

ആർക്കും വരാം എൻഡിആർഎഫിലേക്ക്...

pettimudy-rekha-nambiar

പെണ്ണാണ് എന്നത് ഒരുകാര്യത്തിനും അയോഗ്യതയാണെന്ന് വിചാരിക്കുന്നില്ല. ഒരു സ്ത്രീയാണ് എന്നതിലും ചെയ്യുന്ന തൊഴിലിലും ഞാന്‍ ഏറെ സംതൃപ്തയാണ്. പുരുഷനായാലും സ്ത്രീയായാലും നൂറു ശതമാനം ആത്മാർഥതയും സത്യസന്ധവുമായും തൊഴിൽ ചെയ്താൽ ഏതു മേഖലയിലും വിജയിക്കാനാകും. എൻഡിആർഎഫിൽ എത്തുക എന്നത് പ്രത്യേകമായ ഒരു വെല്ലുവിളിയായി ഞാൻ കണക്കാക്കുന്നില്ല. അധികം പേർ ഈ മേഖലയിലേക്കു വരുന്നില്ല എന്നതാണു സത്യം. താൽപര്യവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ഇവിടെ കടന്നുവരാം. എൻഡിആർഎഫ് ആരെയും മാറ്റിനിർത്തുന്നില്ല. 

എൻഡിആർഎഫിലെ ഓരോ ഓപ്പറേഷനുകൾക്കും അതിന്റേതായ വെല്ലുവിളിയുണ്ട്. മനശ്ശക്തി ഉണ്ടെങ്കിൽ എതു വെല്ലുവിളിയും നേരിടാം. പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും ഒന്നും എന്നും ഉണ്ടാകുന്നില്ല. അത് ചില സമയത്തു മാത്രമാണുള്ളത്. ആ സമയത്തെ നേരിടാൻ നാം മാനസികമായി തയാറെടുക്കുകയാണു വേണ്ടത്. 

ഞാൻ എപ്പോഴും എന്റെ ടീം അംഗങ്ങളോട് പറയുന്നതാണ്, നിങ്ങൾ ദുരന്തത്തിൽപെടുന്നവരോട് ഒപ്പം നിന്ന് ചിന്തിക്കരുത്, മറിച്ച് അവർക്കു വേണ്ടി ചിന്തിക്കണം. അവരുടെ പ്രയാസങ്ങൾ ക‍ൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ അത് പരിഹരിക്കാനും കാലതാമസമെടുക്കും. അവരുടെ വേദന മനസ്സിലാക്കിയില്ലെങ്കൽ നിങ്ങളുടെ നൂറു ശതമാനം നിങ്ങളവിടെ നൽകില്ല, അതിനാൽ അത് മനസ്സിലാക്കുക തന്നെ വേണം....

English Summary : NDRF lead Rekha Nambiar on the rescue effort at Pettimudi, Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com