ADVERTISEMENT

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഫോണ്‍ വിശദാംശങ്ങള്‍ നല്‍കാത്തതിന് ബിഎസ്എന്‍എല്ലിന് കസ്റ്റംസ് നോട്ടിസ് അയച്ചു. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്തതിലും കസ്റ്റംസ് അന്വേഷണം മുറുക്കി. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറോട് വിശദീകരണം തേടി കത്ത് നല്‍കി.

മന്ത്രി കെ.ടി.ജലീല്‍ ചട്ടലംഘനം നടത്തിയെന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായിരിക്കുന്നതാണ് മതഗ്രന്ഥത്തിന്റെ വിതരണം. മാര്‍ച്ച് നാലിന് കോണ്‍സുലേറ്റ് ജനറലിന്റെ പേരിലുള്ള നയതന്ത്ര ബാഗിലൂടെ ആറായിരം മതഗ്രന്ഥം എത്തിച്ചെന്നും അത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സി ആപ്ടിന്റെ ഓഫിസിലെത്തിച്ചെന്നുമാണ് കണ്ടെത്തല്‍. ഇതില്‍ രണ്ടു തരത്തിലുള്ള ചട്ടലംഘനമാണ് പ്രാഥമികമായി ഉയര്‍ത്തിക്കാട്ടുന്നത്. ഒന്ന്, നയതന്ത്ര ബാഗിലൂടെ മതഗ്രന്ഥം കൊണ്ടുവരാന്‍ അനുമതിയില്ല. രണ്ട്, മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഓഫിസുമായി ബന്ധപ്പെടരുത്. ബന്ധപ്പെടണമെങ്കില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതി വേണം.

രണ്ടാമത്തെ ചട്ടലംഘനത്തിന്റെ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് കടന്നിരിക്കുന്നത്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറുടെ അനുമതിയോടെയാണോ മന്ത്രി കെ.ടി. ജലീലോ സി ആപ്ടിലെ  ഉദ്യോഗസ്ഥരോ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്ന് അന്വേഷിക്കും. ഇതിനായി പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ടോയെന്ന് വിശദീകരിക്കണമെന്നും നോട്ടിസിലുണ്ട്. ഇതുകൂടാതെ ഇത്തരത്തില്‍ രണ്ടു വര്‍ഷത്തിനിടെ വന്ന പാഴ്സലുകളുടെ കണക്കും കസ്റ്റംസ് തേടിയിട്ടുണ്ട്. നേരത്തെ സി ആപ്ടില്‍ റെയ്ഡ് നടത്തിയും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തും കസ്റ്റംസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

English Summary: Customs probe on religious text distribution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com