ADVERTISEMENT

വാഷിങ്ടൻ/ദുബായ്∙ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനൊരുങ്ങി യുഎഇ. യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഇസ്രയേലുമായി നയതന്ത്രബന്ധത്തിനൊരുങ്ങുന്ന ആദ്യ അറബ് രാഷ്ട്രമാണ് യുഎഇ. ഊർജം, ടൂറിസം, നേരിട്ടുള്ള വിമാന സർവീസുകൾ, നിക്ഷേപം, സുരക്ഷ, വിവര സാങ്കേതിക വിദ്യ എന്നിങ്ങനെ വിവധ മേഖലകളുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും വരും ആഴ്ചയിൽ കരാർ ഒപ്പിടുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിൽ ആക്കുന്നതിനായി ധാരണയിലെത്തിയതായി യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു. പലസ്തീൻ പ്രദേശങ്ങൾ കയ്യടക്കുന്നത് അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. ചരിത്ര നിമിഷമെന്നാണ് ഇരു രാജ്യങ്ങളുടെയും തീരുമാനത്തെ സ്വീകരിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്.

‌‘ചരിത്രപരമായ ഈ നയതന്ത്ര മുന്നേറ്റം മധ്യപൂർവേഷ്യ മേഖലയിൽ സമാധാനം കൈവരിക്കും. ഇതു മൂന്ന് നേതാക്കളുടെ ധീരമായ നയതന്ത്രത്തിനും കാഴ്ചപ്പാടിനും ഒരു തെളിവാണ്. ഈ മേഖലയുടെ വലിയ സാധ്യതകളെ തുറക്കുന്ന ഒരു പുതിയ പാത ഇസ്രായേലും യുഎഇയും നിർമിക്കും’– ട്രംപ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് ട്രംപ് പരാമർശിച്ച മൂന്നു പേർ.

ഇത് ശരിക്കും ചരിത്ര നിമിഷമാണ്. ജോർദാൻ-ഇസ്രായേൽ സമാധാന ഉടമ്പടി 25 വർഷത്തിനു മുമ്പ് ഒപ്പുവച്ചതുമുതൽ മധ്യപൂർവേഷ്യയിൽ സമാധാനം നിലനിർത്തുന്നതിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടില്ല. ഇപ്പോൾ മഞ്ഞ് ഉരുകിയിരിക്കുകയാണ്. കൂടുതൽ അറബ്, മുസ്‍ലിം രാഷ്ട്രങ്ങൾ യുഎഇയുടെ പാത പിന്തുടരുമെന്നാണ് കരുതുന്നത്– ട്രംപ് കൂട്ടിച്ചേർത്തു.

English Summary: Israel and UAE announce normalisation of relations with US help

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com