ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള കസ്റ്റംസ് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും കോടതി ജാമ്യം നിഷേധിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ഇരുവരുടെയും ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവരുടെ ജാമ്യാപേക്ഷ എതിർത്ത് സ്വീകരിച്ച നിലപാട് അംഗീകരിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ല എന്ന് കോടതി അറിയിച്ചു.

അധികാര ഇടനാഴികളില്‍ സ്വപ്ന സുരേഷിന്റെ സ്വാധീനം പ്രകടമാണെന്ന് കോടതി വ്യക്തമാക്കി. സ്വാധീനമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും അവിടെ സഹായം തുടര്‍ന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള  കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

നിയമ വിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലുള്ള കള്ളക്കടത്താണ് പ്രതികൾ നടത്തി വന്നത്. പലർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് സ്വർണം കടത്തുകയായിരുന്നു. രാജ്യാന്തര തലത്തിൽ വലിയ ബന്ധമുള്ളവരാണ് പ്രതികൾ. അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രതികൾ പിടിയിലാകും വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.

അതേ സമയം സംജു ഉൾപ്പടെ മൂന്നു പേർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിട്ടുള്ളതിനാൽ അതിൽ വിധി വരുന്ന മുറയ്ക്ക് 17-ാം തീയതി പരിഗണിക്കാം എന്ന് കോടതി നിലപാടെടുത്തു. നേരത്തെ സ്വപ്ന ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയും തള്ളിയിരുന്നു. സ്വപ്നയ്ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെയായിരുന്നു എൻഐഎ കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.

English Summary: No bail for Swapna Suresh and Seithalavi in gold smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com