ADVERTISEMENT

ന്യൂഡൽഹി∙ തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. വിമാനത്താവള നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്‌ നൽകാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേരള സർക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു മുന്നോട്ടു വച്ച നിര്‍ദേശം. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വർഷത്തേക്കു പാട്ടത്തിനു നൽകും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ നേരിട്ടുകണ്ട് നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനു (ടിയാല്‍) നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. അദാനി ഗ്രൂപ്പിന്റെ കമ്പനിക്കു സമാനമായി ടെന്‍ഡര്‍ നല്‍കാം എന്നതുള്‍പ്പെടെയുള്ള സന്നദ്ധതയും അറിയിച്ചു.

അദാനി ഗ്രൂപ്പ് തിരുവനന്തപുരം ഉള്‍പ്പെടെ 5 വിമാനത്താവളങ്ങളുടെ നടത്തിപ്പിനായി പ്രത്യേക കമ്പനി രൂപവല്‍ക്കരിച്ചിരുന്നു. 8000 കോടി രൂപയാണ് കമ്പനിക്കായി നീക്കിവച്ചിരിക്കുന്നത്. ഇതില്‍ ഒരു വിഹിതം തിരുവനന്തപുരത്തിനും ലഭിക്കും. രാജ്യാന്തരവിമാനത്താവളം പൊതുസ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളിയിരുന്നു.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി എം.പി. കോവിഡിന്റെ മറവില്‍ തന്ത്രപ്രധാനമായ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary: Cabinet approves proposal for leasing out Thiruvananthapuram, Jaipur airports through PPP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com