ADVERTISEMENT

ന്യൂഡൽഹി∙ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാള്‍ വരണമെന്ന രാഹുല്‍‍ ഗാന്ധിയുടെ നിലപാടിനോട് യോജിച്ച് പ്രിയങ്കാ ഗാന്ധിയും. പാര്‍ട്ടിക്ക് സ്വന്തം വഴി കണ്ടെത്തേണ്ടതുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. അതേസമയം അധ്യക്ഷനാകാനില്ലെന്ന നിലപാട് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ പുസ്തകത്തിലാണ് ഇരുവരുടെയും പരാമര്‍ശം.

‘ഇന്ത്യ ടുമോറോ: കണ്‍വര്‍സേഷന്‍സ് വിത്ത് നെക്സ്റ്റ് ജനറേഷന്‍ ഒാഫ് പൊളിറ്റിക്കല്‍ ലീഡേഴ്സ്’ എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നിലപാട് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന്‍റെ അധ്യക്ഷ പദവിയിലിരിക്കേണ്ടത് ഞങ്ങളിലാരുമാകരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതിനോട് താന്‍ പൂര്‍ണമായും യോജിക്കുന്നു.

പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്‍റ് ഉണ്ടായാല്‍ അദ്ദേഹം എന്‍റെ ബോസ് ആയിരിക്കും. ഉത്തര്‍പ്രദേശിന് പകരം ആന്‍ഡമാനില്‍ പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷന്‍ പറഞ്ഞാല്‍ സന്തോഷത്തോടെ അവിടേക്കു പോകും. സംഘടനയുടെ ജനാധിപത്യവത്കരണത്തില്‍ ഗാന്ധി കുടുംബം വിശ്വസിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. 

സോണിയാ ഗാന്ധിയെ അനാരോഗ്യം അലട്ടുന്നതിനാല്‍ രാഹുല്‍ ഗാന്ധി വൈകാതെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നതാണ് പ്രിയങ്കയുടെ പ്രതികരണം. കോണ്‍ഗ്രസിനു വേണ്ടി പോരാടാന്‍ പാര്‍ട്ടിയെ നയിക്കണമെന്നില്ല. പ്രവര്‍ത്തിച്ചാല്‍ മതി. ഉത്തരവാദിത്ത സംസ്കാരം കോണ്‍ഗ്രസ് വളര്‍ത്തിയെടുക്കണം. 

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരാവാദിത്തം ഏറ്റെടുത്ത് താന്‍ രാജിവച്ചത് ആ സംസ്കാരത്തിന്‍റെ തുടക്കമാണ്. തന്‍റെ തീരുമാനത്തിന് കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതോടെ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളയാളെ കണ്ടെത്തേണ്ട വലിയ വെല്ലുവിളിയാകും ഇനി പാര്‍ട്ടിക്കു മുന്നില്‍.

English summary: Non-Gandhi should be Congress chief: Priyanka Gandhi

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com