ADVERTISEMENT

‘ക്യുഅനോണ്‍ എന്താണെന്ന് എനിക്കറിയില്ല, പക്ഷേ, അവർക്കെന്നെ ഇഷ്ടമാണെന്ന് അറിയാം, അതിനെ അനുമോദിക്കുന്നു’ – വൈറ്റ് ഹൗസിലെ പതിവു വാർത്താ സമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ആഴ്ചകളായി ക്യുഅനോൺ (QAnon) വിഷയം ഉയർന്നുവന്നിട്ടും ട്രംപ് അനുകൂലികൾ ഇവർക്കെതിരായ ഗൂഢാലോചനാ സിദ്ധാന്തം തള്ളിക്കളഞ്ഞിട്ടും ആദ്യമായാണ് ട്രംപ് വിഷയത്തിൽ പ്രതികരിക്കുന്നത്. എന്നാൽ ആഭ്യന്തര തീവ്രവാദ ഭീഷണിയാണ് ഈ സംഘമെന്നാണ് എഫ്ബിഐയുടെ നിലപാട്. അതേസമയം, എന്താണ് ക്യുഅനോൺ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ പല റിപ്പബ്ലിക്കൻ പാർട്ടി നേതാക്കന്മാരും ഈ സംഘത്തെ പിന്തുണയ്ക്കാതെ വിട്ടുനിൽക്കുകയും ചെയ്യുന്നുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിലാണ് സംഘത്തെക്കുറിച്ചുള്ള ട്രംപിന്റെ പ്രസ്താവനയെ നിരീക്ഷകർ കാണുന്നത്.

കോവിഡിനെ പ്രതിരോധിക്കാൻ കലിഫോർണിയ അടച്ചിട്ടതിനെതിരെ പ്രതിഷേധിക്കുന്ന ക്യുഅനോൺ അനുകൂലികൾ. 2020 മേയ് 1ലെ ചിത്രം.
കോവിഡിനെ പ്രതിരോധിക്കാൻ കലിഫോർണിയ അടച്ചിട്ടതിനെതിരെ പ്രതിഷേധിക്കുന്ന ക്യുഅനോൺ അനുകൂലികൾ. 2020 മേയ് 1ലെ ചിത്രം.

എന്താണ് ക്യുഅനോൺ?

പരോക്ഷമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ അനുകൂലികളെയും പിന്തുണയ്ക്കുന്ന, ഗൂഢാലോചനാ സിദ്ധാന്തം ഉയർത്തിക്കാട്ടുന്ന തീവ്ര വലതുപക്ഷ സംഘം ആണ് ക്യുഅനോൺ എന്നാണ് സൂചന. ട്രംപിനെതിരെ ചിലർ രഹസ്യ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണങ്ങളിൽ ഒന്ന്. 2017 ഒക്ടോബറിലാണ് ക്യു എന്ന പേരിലുള്ള, യുഎസ് പൗരന്റേതെന്നു തോന്നിപ്പിക്കുന്ന അജ്ഞാതനായ വ്യക്തിയുടെ കുറിപ്പ് പുറത്തുവരുന്നത്. ഉയർന്ന റാങ്കിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് താനെന്നും ട്രംപിനെതിരെ നടക്കുന്ന ഉപജാപങ്ങളെ തകർക്കാനുള്ള ട്രംപിന്റെ പദ്ധതികളുടെ ക്ലാസിഫൈഡ് വിവരങ്ങൾ കൈവശമുണ്ടെന്നുമാണ് ഇയാളുടെ അവകാശവാദം. ആഗോളതലത്തിലുള്ള ആ ഗൂഢ പദ്ധതികള്‍ക്കെതിരെയുള്ള ട്രംപിന്റെ യുദ്ധം ഉടൻ ആരംഭിക്കുമെന്നും അതൊരു ‘കൊടുങ്കാറ്റ്’ ആയിരിക്കുമെന്നുമാണു വാദം. ക്യുഅനോൺ ഒരു വ്യക്തിയോ സംഘമോ ആകാമെന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിഗമനം.

ക്യുഅനോണിന്റേതെന്നു പറയുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ചു തനിക്കു വലിയ ധാരണയില്ലെന്ന് ട്രംപ് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഇവർക്കു കാര്യമായ സ്വാധീനമുണ്ടെന്ന് മനസ്സിലായിട്ടുണ്ടെന്നും ട്രംപ് പറയുന്നു. നേരത്തേ, പോർട്‌ലൻഡ്, ഒറിഗോൺ എന്നിവിടങ്ങളിലുണ്ടായ സാമൂഹിക പ്രതിഷേധങ്ങൾ കൈകാര്യം ചെയ്തതിനെ ക്യുഅനോൺ അനുകൂലികൾ പിന്തുണച്ചിരുന്നു. ‘അവർക്ക് പലയിടങ്ങളിലും ജനസ്വാധീനം വർധിക്കുന്നുണ്ട്. അവർക്ക് രാജ്യത്തോട് സ്നേഹമുണ്ടെന്ന് കേട്ടിട്ടുണ്ട്’ – ട്രംപ് പറഞ്ഞു.

‘കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത’

എന്താണ് ഈ കൊടുങ്കാറ്റ് (ദ് സ്റ്റോം) എന്നതുകൊണ്ട് ക്യുഅനോൺ ഉദ്ദേശിക്കുന്നത്? 2017 ഒക്ടോബറിൽ സൈനിക ജനറൽമാർക്കൊപ്പം ഫോട്ടോ എടുക്കുന്ന വേളയിൽ ട്രംപ് ഇങ്ങനെ പറഞ്ഞു – ‘നിങ്ങൾക്കറിയാം എന്താണ് ഇതു പ്രതിനിധീകരിക്കുന്നതെന്ന്. ചിലപ്പോൾ ഒരു കൊടുങ്കാറ്റിനു മുൻപുള്ള ശാന്തതയാകാം’.

സൈന്യത്തിന്റെ സഹായത്തോടെ ആഗോളതലത്തിലെ ഈ ഗൂഢസംഘത്തെ തകർക്കുന്നതിനുള്ള ട്രംപിന്റെ പദ്ധതിയുടെ രഹസ്യ കോഡാണ് ഈ ‘കൊടുങ്കാറ്റ്’ (ദ് സ്റ്റോം) എന്ന വാക്കെന്നാണ് ക്യൂഅനോൺ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും.

ഡോണൾഡ് ട്രംപ് (ഫയൽ ചിത്രം)
ഡോണൾഡ് ട്രംപ് (ഫയൽ ചിത്രം)

‘ട്രംപ് ലോകത്തെ രക്ഷിക്കും’

സാത്താൻ ആരാധകരും ശിശുപീഡകരുമായ ഒരു സംഘത്തിന്റെ നേതൃത്വത്തിൽ ട്രംപിനെ അട്ടിമറിക്കാനുള്ള ‘നിഗൂഢ നീക്കം’ നടക്കുന്നുണ്ടെന്നാണ് ക്യുഅനോൺ പറയുന്നത്. ഇതുമാത്രമല്ല, യുക്തിസഹമല്ലാത്ത മറ്റു പല കാര്യങ്ങളും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. 5ജി നെറ്റ്‌വർക്കിലൂടെയും കൊറോണ വൈറസ് പകരുമെന്ന വ്യാജവാർത്ത ഉദാഹരണം.

ഹിലറി ക്ലിന്റൻ, ബറാക് ഒബാമ, ജോർജ് സോറോസ്, സെലിബ്രിറ്റികളായ ഒഫ്ര വിൻഫ്രി, ടോം ഹാങ്ക്സ്, എല്ലെൻ ‍‍‍ഡിജെനീർസ് മതമേലധ്യക്ഷന്മാരായ ഫ്രാൻസിസ് മാർപാപ്പ, ദലൈ ലാമ ഇങ്ങനെയുള്ളവരുടെ പേരും ക്യുഅനോണിന്റെ വ്യാജ സിദ്ധാന്തത്തിന്റെ ഭാഗമായി പ്രചരിപ്പിക്കുന്നുണ്ട്. കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനു പിന്നാലെയുയർന്ന ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങളെക്കുറിച്ചും വാക്സീനുകളെക്കുറിച്ചും ഇവർ ഇത്തരം യുക്തിരഹിത സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്.

കുട്ടികളോട് ലൈംഗികാസക്തിയുള്ള ആൾക്കാരിൽനിന്നും സാത്താൻ ആരാധകരിൽനിന്നും നരഭോജികളിൽനിന്നും പ്രസിഡന്റ് ട്രംപ് ലോകത്തെ രക്ഷിക്കുമെന്നതാണ് ഇവരുടെ സിദ്ധാന്തങ്ങളുടെ രത്നച്ചുരുക്കമെന്നും ഇതു വിശ്വസിക്കുന്നുണ്ടോയെന്നും വാർത്താസമ്മേളനത്തിൽ ട്രംപിനോടു ചോദ്യമുയർന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കേട്ടിട്ടില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. അതു നല്ലകാര്യമാണോ മോശം കാര്യമാണോ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.

‘പ്രശ്നങ്ങളിൽനിന്നു ലോകത്തെ രക്ഷിക്കാൻ തനിക്കു സാധിക്കുമെങ്കിൽ അതു ചെയ്യാൻ തയാറാണ്. ശരിക്കും പറഞ്ഞാൽ, രാജ്യത്തെ നശിപ്പിക്കുന്ന തീവ്ര ഇടതു ചിന്താഗതിയിൽനിന്ന് നമ്മൾ ലോകത്തെ രക്ഷിക്കുകയാണ്’ – ട്രംപ് കൂട്ടിച്ചേർത്തു.

ഈ സിദ്ധാന്തത്തെ പരസ്യമായി പിന്തുണയ്ക്കുകയും അനുഭാവം കാണിക്കുകയും ചെയ്യുന്ന മൂന്നു റിപ്പബ്ലിക്കൻ സെനറ്റർമാർ കോൺഗ്രസിലുണ്ട്. ജോ റെയ് പെർക്കിൻസ്, മർജോറി ടെയ്‌ലർ ഗ്രീനി, ലോറൻ ബോബെർട് എന്നിവരാണ് ഇവർ.

ലാസ് വേഗസിലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ക്യുഅനോണ്‍ അനുകൂലികൾ. 2020 ഫെബ്രുവരി 21ലെ ചിത്രം.
ലാസ് വേഗസിലെ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ക്യുഅനോണ്‍ അനുകൂലികൾ. 2020 ഫെബ്രുവരി 21ലെ ചിത്രം.

ക്യു, ക്യു ഡ്രോപ്സ്

ക്യു എന്നത് ഇപ്പോൾ ഒരു വ്യക്തിയല്ലെന്ന് തീർച്ചയായിക്കഴിഞ്ഞു. ക്യുവിന്റെ പേരിലുള്ള പോസ്റ്റുകൾ പലയാളുകളാണ് ചെയ്യുന്നതെന്നാണ് സൂചന. പോസ്റ്റ് ഇടാനായി ഇവരുപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളും ഇടയ്ക്കിടെ മാറുന്നുണ്ട്. ആദ്യം 4ചാൻ (4chan) എന്ന പ്ലാറ്റ്ഫോമിലൂടെയാണ് ക്യുവിന്റെ പോസ്റ്റുകൾ പുറത്തുവന്നത്. പിന്നീട് അവർ 8ചാൻ (8chan) പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ 8ചാന്റെ മുൻ ഉടമയുടെ വെബ്സൈറ്റായ 8കുൻ (8kun) വഴിയാണ് പോസ്റ്റുകൾ പുറത്തുവരുന്നത്. ക്യുവിന്റെ പോസ്റ്റുകൾക്ക് ക്യുഅനോൺ അനുകൂലികൾ പറയുന്ന പേര് ഡ്രോപ്സ് എന്നാണ്. 5000ൽ പരം ക്യു ഡ്രോപ്സുകൾ പുറത്തുവന്നിട്ടുണ്ട്. ക്രിപ്റ്റിക് കോഡഡ് സന്ദേശങ്ങളായാണ് ഇവയില്‍ പലതും പുറത്തുവന്നിരിക്കുന്നത്.

സന്ദേശങ്ങൾ ഒറ്റയടിക്കു ലഭിക്കാനായി ആപ്പിളിന്റെ ആപ്സ്റ്റോറിൽ ക്യു ഡ്രോപ് ആപ്ലിക്കേഷൻ‌ ഉണ്ടായിരുന്നു. പിന്നീട് ഇത് നീക്കി. അതിനുശേഷം ഫെയ്സ്ബുക് ഗ്രൂപ്പുകൾ, ചാറ്റുകൾ, ട്വിറ്റർ കുറിപ്പുകൾ തുടങ്ങിയവയിലൂടെയും ക്യു ഡ്രോപ്പുകൾ പുറത്തുവന്നുതുടങ്ങി.

ഗ്രൂപ്പുകളെ നീക്കി ഫെയ്സ്ബുക്

സുരക്ഷാ പ്രശ്നം പറഞ്ഞ് ഫെയ്സ്ബുക്കും ക്യുഅനോൺ ഗ്രൂപ്പുകളെ നീക്കിയിട്ടുണ്ട്. 800 ഗ്രൂപ്പുകളെയാണ് ബുധനാഴ്ച നീക്കിയതെന്ന് കമ്പനി അറിയിച്ചു. ഇനിയും 1950 പബ്ലിക്, പ്രൈവറ്റ് ക്യുഅനോൺ ഗ്രൂപ്പുകൾ കൂടി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും കമ്പനി അറിയിച്ചു. മാത്രമല്ല, കലാപത്തിന് ആഹ്വാനം ചെയ്ത മറ്റ് 980 ഗ്രൂപ്പുകൾക്കൂടി ഫെയ്സ്ബുക്കിൽനിന്ന് നീക്കിയിട്ടുണ്ട്. ട്വിറ്ററും നേരത്തേതന്നെ ക്യുഅനോൺ ഗ്രൂപ്പുകൾ നീക്കിയിരുന്നു.

Content Highlight: QAnon, USA, Donald Trump, Conspiracy Theories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com