ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണം തടയുന്നതിനുള്ള ലേലത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനായി സംസ്ഥാന സർക്കാർ നൽകിയത് കോടികൾ, അതും രണ്ട് സ്വകാര്യ കമ്പനികൾക്ക്. സംസ്ഥാന സർക്കാരിനു കീഴിലുള്ള കെഎസ്ഐഡിസി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേലത്തിനു മാത്രം ചെലവാക്കിയത് 2.36 കോടി രൂപ. ഇതിനുള്ള പ്രൊജക്ട് തയാറാക്കലിനു  രാജ്യാന്തര കൺസൾട്ടിങ് കമ്പനിയായ കെപിഎംജിക്ക് ഒന്നരക്കോടിയിലേറെ രൂപ നൽകി. പ്രഫഷനൽ ഫീസായി സിറിൾ അമർചന്ദ് മംഗൽദാസ് എന്ന നിയമ സ്ഥാപനത്തിന് നൽകിയത് 55,39,522 രൂപ. കൊച്ചി സ്വദേശി ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ വിവരാവകാശ രേഖയിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ.

ഒരു നോൺ ടെക്നിക്കൽ ലേലത്തിനുള്ള പ്രൊജക്ട് ഡെലിവറബിൾസിന് ഇത്രയധികം തുക ചെലവഴിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പൊതുമേഖലയിൽ സാങ്കേതിക കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കൊ പോലുള്ള സ്ഥാപനങ്ങളുള്ളപ്പോൾ രാജ്യാന്തര കൺസൾട്ടിങ് കമ്പനിക്കും നിയമ സ്ഥാപനത്തിനും ഇത്ര വലിയ തുക നൽകി സേവനം സ്വീകരിച്ചതിലെ അപാകതയും ഇവർ ചൂണ്ടിക്കാട്ടുന്നു.

ലേലത്തിനു മുന്നോടിയായുള്ള പരസ്യങ്ങൾക്കായി മാത്രം കെഎസ്ഐഡിസി  5,77,752  രൂപ ചെലവാക്കിയിട്ടുണ്ട്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലേല നടപടികൾക്കുള്ള ചെലവ് 7,78,800 രൂപയായിരുന്നു.  ബാങ്ക് ഗ്യാരണ്ടികൾക്കുള്ള കമ്മിഷൻ ഇനത്തിൽ 7,83,030 നൽകി. സ്റ്റാംപ് പേപ്പർ ഉൾപ്പടെ മറ്റു ചെലവുകൾക്ക് 2,34,135 രൂപ ചെലവഴിച്ചെന്നുമാണ് വിവരാവകാശ രേഖയിൽ.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനുള്ള ലേലത്തിന്റെ ചെലവു വിവരങ്ങൾ വിശദമായി ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷയിൽ കെഎസ്ഡിസി മൊത്തം ചെലവു മാത്രം കാണിച്ചാണ് മറുപടി നൽകിയത്. 2019 സെപ്റ്റംബർ 24 നായിരുന്നു ഈ മറുപടി നൽകിയത്. തുക ചെലവഴിച്ചത് ഏതെല്ലാം ആവശ്യത്തിനെന്ന് ഇനം തിരിച്ച് നൽകണമെന്നും അനുബന്ധ രേഖകൾ നൽകണം എന്ന ആവശ്യവും പരിഗണിച്ചില്ല. തുടർന്ന് നൽകിയ അപ്പീൽ അപേക്ഷയിലാണ് 2019 ഡിസംബർ നാലിന് വിശദമായ മറുപടി നൽകിയത്. ഇതിലാണ് സ്വകാര്യ കൺസൾട്ടിങ് കമ്പനികൾക്ക് കോടികൾ നൽകിയ വിവരം പുറത്തായത്.

വിമാനത്താവള നടത്തിപ്പ് പൊതു മേഖലയിൽ വേണമെന്നു വാശിപിടിക്കുന്ന സംസ്ഥാന സർക്കാരും സർക്കാർ ഏജൻസികളും ലേലത്തിനുള്ള പഠന റിപ്പോർട്ടു തയാറാക്കാൻ പോലും പൊതു മേഖലയിലുള്ള സ്ഥാപനങ്ങളെ ഉപയോഗിക്കാതെ സ്വകാര്യ കമ്പനികളെയാണ് ആശ്രയിച്ചതാണ് കണ്ടതെന്നും സ്വകാര്യവൽക്കരണ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റേത് ഇരട്ടത്താപ്പാണെന്നും വിവരാവകാശ പ്രവർത്തകനായ ഗോവിന്ദൻ നമ്പൂതിരി പറയുന്നു. 

English Summary: Thiruvananthapuram Airport Privatisation - Follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com