ADVERTISEMENT

സ്വതന്ത്ര ബെലാറൂസിലെ ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ് രാജ്യതലസ്ഥാനമായ മിന്‍സ്‌ക്. 1994 മുതല്‍ അധികാരം കയ്യാളുന്ന ഏകാധിപതി അലക്സാണ്ടർ ലുകാഷെങ്കോയുടെ രാജിയാണ് പ്രക്ഷോഭകരുടെ ആവശ്യം. സായുധ സേനയെ ഉപയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് നീക്കമെങ്കിലും ദിവസങ്ങൾ പിന്നിടുമ്പോൾ തെരുവിൽ പ്രകടനമായെത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.

സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം 1994 ല്‍ അധികാരത്തില്‍ എത്തിയതാണ് ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ. 26 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ലുകാഷെങ്കോ റഷ്യയുടെ പിന്തുണയിലാണ് ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോള്‍ ബെലാറൂസിലെ നേതാവായിരുന്നു ലുകാഷെങ്കോ.

alaxander
അലക്സാണ്ടർ ലുകാഷെങ്കോ

അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച യുവാവായ ലുകാഷെങ്കോ വന്‍ ജനപിന്തുണയോടെയാണ് 1994 ല്‍ ഭരണത്തിലെത്തിയത്. എന്നാൽ പിന്നീട് അധികാരം വിട്ടൊഴിയാന്‍ തയാറായില്ലെന്നു മാത്രമല്ല, സ്വജനപക്ഷപാതത്തിന്റേയും അഴിമതിയുടേയും കൂത്തരങ്ങായി ഭരണം മാറുന്ന കാഴ്ചയായിരുന്നു ബെലാറൂസിൽ. യൂറോപ്പിലെ അവസാനത്തെ ഏകാധിപതി’, ലുകാഷെങ്കോയെ അമേരിക്ക വിശേഷിപ്പിക്കുന്നതിങ്ങനെ.

അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത രാജ്യം

രണ്ടാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ സ്ഥലമാണ് ബെലാറൂസ്. അന്നത്തെ യുഎസ്എസ്ആറിനെ ഹിറ്റ്ലറിന്റെ ജർമനി അക്രമിച്ചപ്പോൾ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്ന ബെലാറൂസിൽ കൊല്ലപ്പെട്ടത് 16 ലക്ഷം സാധാരണക്കാരും ആറു ലക്ഷം സൈനികരുമെന്നത് ചരിത്രം. തലസ്ഥാനമായ മിന്‍സ്‌ക് ജർമൻ ആക്രമണത്തിൽ 85 ശതമാനവും തകര്‍ന്നു. ഇവിടെയുണ്ടായിരുന്ന ജൂതന്‍മാര്‍ പാടെ തുടച്ചു നീക്കപ്പെട്ടു. ആ തകര്‍ച്ചയില്‍ നിന്നാണ് ബെലാറൂസ് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു വന്നതും.

belarus5

സോവിയറ്റ് കമ്മ്യൂണിസമാണ് ലുകാഷെങ്കോ പിന്തുടരുന്നത്. പ്രധാന മാധ്യമങ്ങളെല്ലാം ലുകാഷെങ്കോയുടെ വരുതിയിൽ. അഭിപ്രായ സ്വാതന്ത്ര്യത്തിനൊന്നും ലുകാഷെങ്കോ തെല്ലും വിലകല്‍പ്പിക്കുന്നില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ പറയുന്നത് മാത്രം അറിയുക എന്നതാണ് ബെലാറൂസിലെ രീതി. തിരഞ്ഞെടുപ്പ് നടത്താറുണ്ടെങ്കിലും അതൊന്നും സുതാര്യമായിരുന്നില്ല. ഭയരഹിതരായി ആളുകള്‍ക്ക് വോട്ടു ചെയ്യാവുന്ന സാഹചര്യമില്ലെന്നതാണ് വാസ്തവം.

പ്രതിപക്ഷകക്ഷികളെയെല്ലാം നിശബ്ദരാക്കിയായിരുന്നു ലുകാഷെങ്കോയുടെ പ്രവര്‍ത്തനം. നാമമാത്രമായ പ്രതിപക്ഷ കക്ഷികള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനും സാധിക്കുമായിരുന്നില്ല. അഴിമതിയും ദാരിദ്ര്യവും വര്‍ധിച്ചതോടെയാണ് ആളുകള്‍ ഭയമുപേക്ഷിച്ച് ലുകാഷെങ്കോയ്‌ക്കെതിരെ രംഗത്തെത്തിയത്. കോവിഡ് വ്യാപനം കൂടിയായപ്പോള്‍ ബെലാറൂസ് തീര്‍ത്തും തകര്‍ച്ചയുടെ വക്കിലായി. കോവിഡ് വ്യാപനവും പരിണിത ഫലങ്ങളും തടയുന്നതില്‍ ലുകാഷെങ്കോ തീര്‍ത്തും പരാജയപ്പെട്ടു. ‘വോഡ്ക കുടിച്ച് നന്നായി പണിയെടുത്താല്‍ കോവിഡ് പിടിക്കില്ല.’ – കൊറോണ വൈറസ് വ്യാപനത്തിനിടെ ലുകാഷെങ്കോ സ്വന്തം ജനതയോടു പറഞ്ഞതിങ്ങനെ.

belarus3
ബെലറൂസിലെ പ്രക്ഷോഭത്തിൽ നിന്ന്

സ്ത്രീമുന്നേറ്റത്തെ തകിടം മറിച്ച് ലുകാഷെങ്കോ

ബെലാറൂസില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പ്രധാന പ്രതിപക്ഷ നേതാക്കളെയെല്ലാം ലുകാഷെങ്കോ ജയിലിലാക്കി. ബാക്കിയുള്ളവര്‍ പേടിച്ചു മറ്റു സ്ഥലങ്ങളിലേക്കു രക്ഷപ്പെട്ടു. പ്രതിപക്ഷത്തെ പ്രധാന നേതാവായ സെര്‍ജി ടികനോവ്‌സ്‌കിയും ജയിലിലാക്കപ്പെട്ടു. ഇതോടെ പ്രചരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കിയ മൂന്നു സ്ത്രീകള്‍ നേരിട്ട് തിരഞ്ഞെടുപ്പിനിറങ്ങി.

സെര്‍ജി ടികനോവ്‌സ്‌കിയുടെ ഭാര്യ 37കാരിയായ ഇംഗ്ലിഷ് അധ്യാപിക സ്വെറ്റ്‌ലാന ഭര്‍ത്താവിനു പകരമായി മത്സരരംഗത്തിറങ്ങി. വന്‍പിന്തുണയാണ് സ്വെറ്റ്‌ലാനയ്ക്ക് ലഭിച്ചത്. സ്വെറ്റ്‌ലാനയെ മുന്‍നിര്‍ത്തി ശക്തമായി പ്രതിപക്ഷനിരയിൽ ഏകോപനമുണ്ടായി. തിരഞ്ഞെടുപ്പു റാലികളിലും ഈ ജനപിന്തുണ പ്രകടമായി.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ ആളുകള്‍ കൂടുതല്‍ ആശങ്കയിലായി. സ്വതന്ത്രമായി തിരഞ്ഞെടുപ്പു നിരീക്ഷിക്കാനോ നടത്താനോ രാജ്യത്ത് ആരും ഉണ്ടായിരുന്നില്ല. വോട്ടിങ്ങില്‍ കൃത്രിമം നടക്കുമെന്ന് ജനത്തിന് ഉറപ്പായിരുന്നു. ഫലം പ്രഖ്യാപിച്ചപ്പോള്‍ 80% വോട്ടുമായി ലുകാഷെങ്കോ ജയിച്ചു. സ്വെറ്റ്‌ലാനയ്ക്ക് ലഭിച്ചത് 10 % വോട്ടു മാത്രം. 60-70% വോട്ടോടെ സെറ്റ്‌ലാനയായിരുന്നു ജയിക്കേണ്ടതെന്നാണ് പ്രതിപക്ഷ നേതാക്കളുടെ വാദം.

belarus2
ബെലറൂസിലെ പ്രക്ഷോഭത്തിൽ നിന്ന്

ജനം അംഗീകരിക്കാത്ത ജനവിധി

ഓഗസ്റ്റ് ഒൻപതിനായിരുന്നു തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നത്. ഫലപ്രഖ്യാപനത്തെത്തുടര്‍ന്ന് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. 3000 പേര്‍ ഒറ്റ ദിവസം കൊണ്ട് അറസ്റ്റ് ചെയ്യപ്പെട്ടു. കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും ഗ്രനേഡും ഉപയോഗിച്ച് പൊലീസ് ജനത്തെ തെരുവില്‍ നേരിട്ടു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നാരോപിച്ച് തിരഞ്ഞെടുപ്പ് അധികൃതരെ സമീപിച്ച സ്വെറ്റ്‌ലാനയെ എഴു മണിക്കൂര്‍ തടവിലാക്കി. തുടര്‍ന്ന് അയല്‍ രാജ്യമായ ലിത്വാനിയയിലേക്ക് പറഞ്ഞയച്ചു.

സുരക്ഷ മുന്‍നിര്‍ത്തി കുട്ടികളെ നേരത്തെ തന്നെ സ്വെറ്റ്‌ലാന ലിത്വാനിയയിലേക്ക് മാറ്റിയിരുന്നു. ലിത്വാനിയയിലെത്തിയ ശേഷം വിഡിയോ വഴിയാണ് സ്വെറ്റ്‌ലാന അണികളെ അഭിസംബോധന ചെയ്യുന്നത്. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയാണ്. പല ജയിലുകളും ഇതിനകം നിറഞ്ഞു. പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റ പലര്‍ക്കും ചികിത്സയും നിഷേധിക്കപ്പെട്ടു.

ഓഗസ്റ്റ് 17ന് രാജ്യത്തിന്റെ ഔദ്യോഗിക ചാനലിലെ ജീവനക്കാര്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി. പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉന്നതരായ പലരും രാജി വച്ചു. നിരവധി പൊലീസ് ഉദ്യോഗസ്ഥരും രാജി വച്ചവരിൽ ഉൾപ്പെടുന്നു. മൂന്നു ദിവസത്തിനിടെ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടതോടെ പ്രശ്‌നം അതിരൂക്ഷമായി.

belarus1

തെരുവുകളില്‍ നിന്നു തെരുവുകളിലേക്ക് പ്രതിഷേധം പടരുന്ന കാഴ്ചയാണിപ്പോൾ. ജനം തെരുവിലിറങ്ങിയതു വോട്ടുകള്‍ സംരക്ഷിക്കാനാണെന്ന് സ്വെറ്റ്‌ലാന പ്രഖ്യാപിച്ചു. പൗരന്മാർ മൃഗീയമായി ആക്രമിക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയുമാണ്. യൂറോപ്പിലാണ് ഇത് നടക്കുന്നതെന്നു കൂടി ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര മേല്‍നോട്ടത്തില്‍ വീണ്ടും ജനാധിപത്യപരമായി തിരഞ്ഞെടുപ്പു നടത്തുന്നതിനായി സ്വെറ്റ്‌ലാന കോഓഡിനേഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍

ബെലാറൂസിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ അടിയന്തരമായി വിഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് സുതാര്യമായിരുന്നില്ല എന്നാണ് കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മിഷേൽ അഭിപ്രായപ്പെട്ടത്. രാജ്യാന്തര മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് തിരഞ്ഞെടുപ്പു നടത്തിയത്. ബെലാറൂസിലെ ജനത്തിനൊപ്പമാണെന്നും ജയിലിലടച്ചവരെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയൻ ബെലാറൂസിനു നൽകിവരുന്ന സാമ്പത്തിക സഹായങ്ങള്‍ മരവിപ്പിക്കാനും യോഗം തീരുമാനിച്ചു. ബെലാറൂസിലെ സംഘര്‍ഷങ്ങള്‍ക്കെതിരെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ജനത്തെ അടിച്ചമർത്തുന്നത് അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

svetlana
സ്വെറ്റ്‌ലാന

രാജ്യാന്തര പിന്തുണയോടെ പ്രതിഷേധം കൂടുതൽ വഷളായാല്‍ റഷ്യയില്‍ നിന്നും സൈന്യത്തെ ഇറക്കാനാണ് ലുകാഷെങ്കോയുടെ നീക്കം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയതായി ലുകാഷെങ്കോ തന്നെയാണ് പിന്നിട്ട ആഴ്ച വെളിപ്പെടുത്തിയത്. എന്നാല്‍ അത്തരം ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് ബുധനാഴ്ച ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. റഷ്യന്‍ സൈന്യത്തിന്റെ സഹായം നല്‍കേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെ സഹായവാഗ്ദാനം സംബന്ധിച്ച വാർത്തകളെത്തുടർന്ന് അതിനെതിരെ ജർമൻ ചാൻസലർ അംഗല മെര്‍ക്കലും രംഗത്തെത്തിയിരുന്നു. റഷ്യ സൈനിക സഹായം നല്‍കിയാല്‍ പ്രശ്‌നം മറ്റു രീതിയിലേക്ക് മാറുമെന്നാണ് മെര്‍ക്കല്‍ മുന്നറിയിപ്പ് നല്‍കിയത്.

അടിച്ചമര്‍ത്തല്‍ തുടര്‍ന്ന് ലുകാഷെങ്കോ

ലുകാഷെങ്കോയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതല്‍ വഷളാവുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു എന്നാണ് ലുകാഷെങ്കോയുടെ ആരോപണം. എന്നാല്‍ നിയമപരമായും സമാധാനപരമായും മാത്രമാണ് നീങ്ങുന്നതെന്ന് കോ ഓഡിനേഷന്‍ കൗണ്‍സില്‍ വക്താവ് ഓള്‍ഗ കൊവല്‍കോവ പറഞ്ഞു.

belarus4
ബെലറൂസിലെ പ്രക്ഷോഭത്തിൽ നിന്ന്

പ്രക്ഷോഭം ഏതുരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് വ്യക്തമായ ധാരണ പ്രതിപക്ഷത്തിനില്ലാത്ത അവസ്ഥയുണ്ട്. 10,000 പേര്‍ ജോലി ചെയ്യുന്ന വന്‍കിട നിര്‍മാണ കമ്പനിയായ മിന്‍സ്‌ക് ട്രാക്ടര്‍ പ്ലാന്റിലെ (എംടിസെഡ്) 20% തൊഴിലാളികള്‍ പണിമുടക്ക് തുടരുകയാണ്. അതേസമയം ബാക്കിയുള്ളവര്‍ കടുത്ത ഭീഷണിയെത്തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ചു. മറ്റുപല കമ്പനികളുടേയും സ്ഥിതി ഇതുതന്നെയാണ്.

ശക്തരായ പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലടയ്ക്കുകയോ നാടുകടത്തുകയോ ചെയ്തതോടെ പ്രക്ഷോഭത്തിന് നേതാവില്ലാതായിരിക്കുകയാണ്. സ്വെറ്റ്‌ലാനയ്ക്ക് ഉടന്‍ തന്നെ തിരിച്ചെത്താനാകുമെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ സാധിക്കുമെന്നുമാണ് പ്രതിപക്ഷനിരയുടെ പ്രതീക്ഷ. അതിനിടെ പൂക്കളും ബലൂണുകളുമായി ജനം കുടുംബത്തോടെ തെരുവിലിറങ്ങുന്നത് തുടരുകയാണ്.

English Summary: Thousands protest in Belarus against election results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com