ADVERTISEMENT

കലിഫോര്‍ണിയ∙ ‘ഞാന്‍ ഉപദ്രവിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നു’-  40 വര്‍ഷമായി യുഎസ് പൊലീസ് തേടിക്കൊണ്ടിരുന്ന ‘ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍’ എന്ന കുപ്രസിദ്ധ പരമ്പര കൊലയാളി ജോസഫ് ജെയിംസ് ഡി ആഞ്ചലോ (74) കോടതിമുറിയില്‍ നടത്തിയ ക്ഷമാപണമാണിത്. ‘സോറി’ എന്ന രണ്ടക്ഷരത്തില്‍ ഒതുക്കി തീര്‍ത്തത് 13 കൊലപാതകങ്ങളും 50 പീഡനങ്ങളും 120 ഓളം കവര്‍ച്ചയും. യാതൊതു കുലുക്കവുമില്ലാതെ വിചാരണ നേരിട്ട കൊടുംകുറ്റവാളിയായ ആഞ്ചലോയുടെ കോടതിമുറിയിലെ ഏറ്റുപറച്ചില്‍ തീര്‍ത്തും അവിചാരിതമായിരുന്നു. ഒരേ സമയം പൊലീസും ക്രൂരനായ കുറ്റവാളിയുമായിരുന്ന ഞെട്ടിപ്പിക്കുന്ന ജീവിതമാണ് ആഞ്ചലോയുടേത്.

കലിഫോര്‍ണിയയിലെ പൊലീസ് ഓഫിസറായിരുന്നു ജോസഫ്. ന്യൂയോര്‍ക്ക് സ്വദേശിയായ ജോസഫ് നാവികസേനയില്‍ ചേര്‍ന്ന് വിയറ്റ്‌നാം യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. യുദ്ധകാലത്ത് നടത്തിയ കൊലപാതകങ്ങളും പീഡനങ്ങളും യുഎസിലെത്തിയ ശേഷവും തുടരുകയായിരുന്നു. പ്രധാനമായും 1970-80 കളിലാണ് ജോസഫ് കൊലപാതകങ്ങളും പീഡനങ്ങളും നടത്തിയത്. കൊടും ക്രൂരതകളുടെ വിചാരണവേളയില്‍ വീല്‍ചെയറില്‍ കോടതിയിലെത്തിയ ജോസഫിന്റെ പെരുമാറ്റം തനിക്കൊന്നും ഓര്‍മയില്ലെന്ന മട്ടിലായിരുന്നു.

ഒറ്റയ്ക്ക് ആളുകള്‍ താമസിച്ചിരുന്ന വീടുകള്‍ നിറതോക്കുമായി ആക്രമിക്കുകയായിരുന്നു ജോസഫിന്റെ രീതി. വാതില്‍ തകര്‍ത്ത ശേഷം അകത്തുകയറി സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കും. വീട്ടില്‍ പുരുഷന്മാരുണ്ടെങ്കില്‍ അവരെ മര്‍ദ്ദിച്ചവശരാക്കി അടുക്കളയിലെ പാത്രങ്ങള്‍ അവര്‍ക്കു മുകളില്‍ കെട്ടിവയ്ക്കും. പാത്രങ്ങള്‍ വീഴുന്ന ശബ്ദം കേട്ടാല്‍ അവരെ വെടിവച്ചു കൊല്ലും. രാത്രി സമയങ്ങളില്‍ മുഖംമൂടി ധരിച്ചെത്തി ജനാലയ്ക്കരികില്‍ നിന്ന് പേടിപ്പിക്കുന്നതും ജോസഫിന്റെ ശീലമായിരുന്നു. തുടക്കത്തില്‍ കവര്‍ച്ച മാത്രം നടത്തിയ ജോസഫ് പിന്നീടാണ് സ്ത്രീകളെയും ഉപദ്രവിച്ചു തുടങ്ങിയത്.

ജോസഫിന്റെ ഇരകള്‍ 13നും 41നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. പീഡനത്തിരയായവരില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. പൊലീസ് യൂണിഫോമില്‍ 1973ല്‍ സാന്‍ ജോക്ക്വിന്‍ വാലിയില്‍ നടത്തിയതാണ് ആദ്യത്തെ കൊലപാതകം. അന്ന് ആ പ്രദേശത്തു നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച അന്വേഷണ സംഘത്തില്‍ ജോസഫും ഉണ്ടായിരുന്നു. 1987ല്‍ ബ്രയാന്‍ കാത്തി മാഗിയോര്‍ ദമ്പതികളെ ക്രൂമായി കൊലപ്പെടുത്തിയതാണ് ആദ്യത്തെ കേസ്.

കവര്‍ച്ചയ്ക്കു വേണ്ടി ചുറ്റിക, ഡോഗ് റിപ്പലന്റ് എന്നിവ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു മോഷ്ടിക്കുന്നതിനിടെ ജോസഫ് പിടിക്കപ്പെട്ടു. അതോടെ ജോസഫിന്റെ ജോലി പോയി. ശേഷം ഒരു ട്രാക്ക് മെക്കാനിക്കായി ജോലി ചെയ്ത ജോസഫ് കുറ്റകൃത്യവും തുടര്‍ന്നു. 1986ലാണ് അവസാന അതിക്രമം.

പക്ഷേ ഒരിക്കല്‍പോലും ഇയാളുടെ പേരോ മേല്‍വിലാസമോ രൂപമോ കൃത്യമായി കണ്ടെത്താന്‍ പൊലീസിനായില്ല. കുറ്റകൃത്യങ്ങള്‍ നടന്ന പ്രദേശത്തു നിന്നും ലഭിച്ച ഡിഎന്‍എ സാംപിളുകളാണ് വര്‍ഷങ്ങള്‍ക്കു ശേഷം 2018ല്‍ ജോസഫിനെ കുടുക്കിയത്. ഓണ്‍ലൈന്‍ ജനിതക പരമ്പരകള്‍ വ്യക്തമാക്കുന്ന വെബ് സൈറ്റുകളിലൊന്നിന്റെ സഹായത്തിലായിരുന്നു ഇയാള്‍ക്കെതിരെ നിര്‍ണായക നീക്കം. ജോസഫിന്റെ ബന്ധത്തിലുള്ള ഒരാള്‍ ഇതേ വെബ്‌സൈറ്റിന്റെ സഹായത്തില്‍ ജനിതക പരമ്പരയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ ബന്ധുവിന്റെ ഡിഎന്‍എയുമായി പൊലീസിന്റെ കൈവശമുള്ള ഡിഎന്‍എ സാംപിളുകള്‍ക്കുള്ള സാമ്യതയാണ് കുറ്റവാളിയിലേക്ക് പൊലീസിനെ എത്തിച്ചത്.

വിചാരണയ്ക്കു ശേഷം ശിക്ഷ വിധിച്ച ദിവസം കോടതി ആള്‍ക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. എത്തിയ ഭൂരിഭാഗം പേരും ജോസഫ് ഉപദ്രവിച്ചവരോ അവരുടെ ബന്ധുക്കളോ ആയിരുന്നു. ജോസഫിന്റെ ക്രൂരകൃത്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു- ‘ഐ വില്‍ ബി ഗോണ്‍ ഇന്‍ ദ ഡാര്‍ക്ക്’ എന്ന പേരില്‍. പീഡിപ്പിച്ച ശേഷം ജോസഫ് ഒരു സ്ത്രീയുടെ ചെവിയില്‍ പറഞ്ഞ വാക്കുകളാണ് പുസ്തകത്തിന്റെ ശീര്‍ഷകം- 'ഞാന്‍ ഇരുട്ടിന്റെ മറവിലേക്ക് ഇറങ്ങിപോകുന്നു. നിങ്ങള്‍ക്കെന്നെ ഒരു ചുക്കും ചെയ്യാനാവില്ല'.

English Summary: Apology at sentencing deepens mystery of Golden State Killer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com