ADVERTISEMENT

ന്യൂ‍ഡൽഹി∙ സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷസ്ഥാനത്ത് തുടരില്ലെന്ന് റിപ്പോര്‍ട്ടുകള്‍‍. പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ സോണിയ നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അടുത്ത അനുയായികളെ വിവരം അറിയിച്ചെന്നാണ് സൂചന. തീരുമാനം തിങ്കളാഴ്ച പ്രവര്‍ത്തക സമിതിയില്‍ അറിയിക്കും. സോണിയ തുടരണമെന്ന് അമരീന്ദര്‍ സിങ്ങും ഭൂപേഷ് ഭാഗലും ആവശ്യപ്പെട്ടു. 

കോൺഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തു നൽകിയിരുന്നു. മുഴുവൻ സമയ അധ്യക്ഷൻ, സംഘടനാ തിരഞ്ഞെടുപ്പ് തുടങ്ങി ആറു പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത്. തിങ്കളാഴ്ച പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നേതാക്കളുടെ നീക്കം. രാഹുലോ പ്രിയങ്കയോ അധ്യക്ഷ പദവി ഏറ്റെടുത്തില്ലെങ്കിൽ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നു ആളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടതായി കത്തിൽ ഒപ്പിട്ട പി.ജെ.കുര്യൻ പറഞ്ഞു.

ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ഭൂപീന്ദർ ഹൂഡ, മനീഷ് തീവാരി, മുകുൾ വാസ്നിക്, ശശി തരൂർ തുടങ്ങി 23 മുതിർന്ന നേതാക്കൾ ഒപ്പിട്ട കത്താണ് സോണിയ ഗാന്ധിക്ക് മുൻപിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന് ഒരു വർഷം പിന്നിട്ടിട്ടും ദയനീയ തോൽവി വിലയിരുത്താൻ ആത്മാർഥമായ ശ്രമമുണ്ടായില്ലെന്ന രൂക്ഷവിമർശനം ഉയർത്തുന്ന കത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ സ്വീകരിക്കേണ്ട നടപടികൾ വിശദമാക്കുന്നുണ്ട്.

മുഴുവൻ സമയ അധ്യക്ഷനെ തിരഞ്ഞെടുക്കണം, ബ്ലോക്ക് തലം മുതൽ എഐസിസി വരെ സംഘടനാ തിരഞ്ഞെടുപ്പ്, സുതാര്യമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ സ്വതന്ത്ര അതോറിറ്റി, പാർലമെന്ററി ബോർഡ് രൂപീകരണം, കോൺഗ്രസ് വിട്ടു പോയവരെയും അകന്നു നിൽക്കുന്നവരെയും തിരിച്ചു കൊണ്ടുവരാൻ നടപടി, മുന്നണി ശക്തിപ്പെടുത്തൽ തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. പാർട്ടിയെ ശക്തിപ്പെടുത്തൽ മാത്രമാണ് ലക്ഷ്യമെന്നും പി.ജെ.കുര്യൻ പറഞ്ഞു. 

എന്നാൽ, രാഹുൽ ഗാന്ധി അല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. അതേസമയം, സോണിയ ഗാന്ധിക്കുള്ള കത്തിൽ രാജ്യത്തെ 300 പ്രധാന നേതാക്കൾ ഒപ്പുവച്ചിട്ടുണ്ടെന്ന് കോൺഗ്രസിൽ നിന്ന് അടുത്തിടെ സസ്പെൻഡ് ചെയ്യപ്പെട്ട സഞ്ജയ് ഝാ ട്വിറ്ററിൽ  കുറിച്ചു. അധ്യക്ഷ പദവിയിലേക്കില്ലെന്ന് രാഹുലും പ്രിയങ്കയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ നാളത്തെ പ്രവർത്തക സമിതിയിൽ കത്ത്ചൂടുപിടിക്കുമെന്നാണ് സൂചന.

English summary: Sonia Gandhi ready to resign

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com