ADVERTISEMENT

സാവോ പോളോ ∙ ഭാര്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകനെ ആക്രമിക്കുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തി ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ. ചോദ്യം ചോദിച്ച ‘ഓ ഗ്ലോബോ’ റിപ്പോർട്ടറുടെ വായ ഇടിച്ചു തകർക്കുമെന്നായിരുന്നു പ്രസിഡന്റിന്റെ ഭീഷണി.

ഞായറാഴ്ച ബ്രസീലിയയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിലേക്കുള്ള ബോൾസോനാരോയുടെ പതിവു സന്ദർശനശേഷം കണ്ട മാധ്യമസംഘത്തിലെ റിപ്പോർട്ടർക്കു നേരെയായിരുന്നു ഭീഷണി. ഇതിനോടു മറ്റു മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും ബോൾസോനാരോ അവഗണിച്ചു. കൂടുതൽ സംസാരിക്കാതെ സ്ഥലംവിട്ടു. രാജ്യത്തെ പ്രഥമ വനിത മിഷേൽ ബോൾസോനാരോയ്ക്ക് മുൻ പൊലീസ് ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ സുഹൃത്തുമായ ഫാബ്രിസിയോ ക്യൂറോസുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിനെപ്പറ്റിയാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്.

2019 ജനുവരിയിൽ ബോൾസോനാരോ പ്രസിഡന്റാകുന്നതിന് മുമ്പ് റിയോ ഡി ജനീറോയിൽ പ്രാദേശിക നിയമനിർമാതാവായിരുന്നു മകൻ ഫ്ലാവിയോ ബോൾസോനാരോ. ഫ്ലാവിയോയും ക്യൂറോസും സർക്കാർ ജീവനക്കാരിൽ നിന്ന് ശമ്പളം കവർന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടന്നുവരികയാണ്. ഇതേപ്പറ്റിയുള്ള റിപ്പോർട്ട് പ്രകാരം, 2011നും 2016നും ഇടയിൽ മിഷേൽ ബോൾസോനാരോയുടെ ബാങ്ക് അക്കൗണ്ടിൽ ക്യൂറോസ് പണം നിക്ഷേപിച്ചെന്നാണ് ആരോപണം. കേസിനെക്കുറിച്ചു പ്രഥമ വനിത പ്രതികരിച്ചിട്ടില്ല.

പ്രസിഡന്റിന്റെ ഭീഷണിക്കും പൊട്ടിത്തെറിക്കും എതിരെ ഓ ഗ്ലോബോ മാധ്യമസ്ഥാപനം പ്രസ്താവനയിറക്കി. ‘പ്രഫഷനലായി ജോലി ചെയ്യുന്ന ജേണലിസ്റ്റിനോട് ആക്രമണ സ്വഭാവത്തിലാണ് പ്രസിഡന്റ് പെരുമാറിയത്. പൊതുപ്രവർത്തകന്റെ കടമയെക്കുറിച്ചും പൊതുജനത്തോട് ഉത്തരവാദിത്തമുള്ളയാളാണ് എന്നതിനെപ്പറ്റിയും പ്രസിഡന്റിന് അറിവില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്’– പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

jair-bolsonaro-bp

English Summary: "Want To Pound Your Mouth With Punches": Brazilian President To Journalist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com