ADVERTISEMENT

തിരുവനന്തപുരം∙ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാനങ്ങൾ. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ നിയമപ്പോരാട്ടത്തിന് തയാറെടുക്കുമ്പോൾ കേരളം നിലപാട് വ്യക്തമാക്കിയിട്ടില്ല. അക്കാദമിക് വർഷത്തെ ബാധിക്കുന്നതിനാൽ പരീക്ഷ മാറ്റാനാകില്ലെന്നാണ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വാദം. വിദ്യാർഥികൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും.

നീറ്റ് അടുത്ത മാസം 13നും ജെഇഇ മെയിൻ അടുത്ത മാസം ഒന്നു മുതൽ ആറു വരെയും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അഡ്മിറ്റ് കാർഡ് വിതരണവും ആരംഭിച്ചു. എന്നാൽ കോവിഡ് ഭീഷണി കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ ഓൺലൈൻ ക്യാംപെയ്ൻ തുടരുകയാണ്. വിവിധ സംസ്ഥാന സർക്കാരുകളും ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. സുപ്രീം കോടതിയെ സമീപിക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ നിർദേശിച്ചു. നിയമ നടപടികൾ ഏകോപിപ്പിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പഞ്ചാബ് അഡ്വക്കേറ്റ് ജനറൽ അതുൽ നന്ദയെ ചുമതലപ്പെടുത്തി.

ബംഗാൾ, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് സോണിയ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. ഒഡീഷ, ഡൽഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും പരീക്ഷകൾ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റും ജെഇഇയും ഇപ്പോൾ നടത്തരുതെന്ന് സിപിഎം കേന്ദ്ര നേതൃത്വം പരസ്യമായി നിലപാടെടുത്തിട്ടുണ്ടെങ്കിലും നിയമപ്പോരാട്ടത്തിൽ കേരള സർക്കാരും പങ്കാളിയാകുമോയെന്ന് വ്യക്തമല്ല. കോൺഗ്രസ് നാളെ കേന്ദ്രസർക്കാർ ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധിക്കും. അതിനിടെ, പരീക്ഷകൾക്ക് വേണ്ട ഒരുക്കങ്ങൾ നടത്താൻ നിർദേശിച്ച് ആരോഗ്യമന്ത്രാലയ സെക്രട്ടറി സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചു.

English Summary: State Governments demand postponement of JEE Main, NEET Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com