ADVERTISEMENT

ബെയ്ജിങ് ∙ കഴിഞ്ഞ ദിവസം ചൈന തൊടുത്ത നാല് മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ ദക്ഷിണ ചൈനാകടലിലെ യുഎസ് വിമാനവാഹിനി കപ്പലുകള്‍ക്കും സൈനിക താവളങ്ങള്‍ക്കുമുള്ള കൃത്യമായ താക്കീതാണെന്ന് പ്രതിരോധ വിദഗ്ധര്‍. ഡിഎഫ്-21ഡി, ഡിഎഫ്-26ബി എന്നിവയും ബുധനാഴ്ച തൊടുത്ത മിസൈലുകളില്‍ ഉണ്ടായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട്.

കിഴക്കന്‍ തീരത്തെ സൈനിക ഭീഷണികള്‍ തകര്‍ക്കാനുള്ള ചൈനയുടെ തന്ത്രപ്രധാനമായ ആയുധങ്ങളാണിവ. ഇതില്‍ ഡിഎഫ്-24 ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ്. മേഖലയില്‍ യുഎസ് വിന്യസിച്ചിരിക്കുന്ന വിമാനവാഹിനി കപ്പലുകള്‍ക്ക് ഉത്തരമുണ്ടെന്ന കൃത്യമായ സന്ദേശമാണ് മിസൈലുകളിലൂടെ ചൈന നല്‍കിയിരിക്കുന്നതെന്നു പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ് രണ്ട് വിമാനവാഹിനി കപ്പലുകള്‍ അയച്ചാല്‍ അവയെ തകര്‍ക്കാനുള്ള മിസൈലുകള്‍ അയയ്ക്കുമെന്നു ചൈന വ്യക്തമാക്കിയിരിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ഒക്‌ടോബറില്‍ നടന്ന വന്‍ സൈനിക പരേഡിലാണു പ്രസിഡന്റ് ഷീ ചിന്‍പിങ് ചൈനയുടെ പുതിയ റോക്കറ്റ് കരുത്ത് പുറത്തുവിട്ടത്. അമേരിക്കന്‍ സൈനിക താവളങ്ങളെ ആക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ തുടച്ചുനീക്കാന്‍ കെല്‍പ്പുള്ളവയാണ് ചൈനീസ് മിസൈലുകളെന്ന് സിഡ്‌നി സര്‍വകലാശാലയിലെ പ്രതിരോധ ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ബുധനാഴ്ച സൈനിക അഭ്യാസത്തിന്റെ ഭാഗമായി ചൈന തൊടുത്ത ബാലിസ്റ്റിക് മിസൈലുകള്‍ ഹയ്‌നാന്‍ ദ്വീപിനും വിയറ്റ്‌നാമിനു സമീപത്തെ തര്‍ക്ക പ്രദേശമായ പരാസെല്‍ ദ്വീപിനും ഇടയിലാണു പതിച്ചത്.

1200-china-misile

ആഴ്ചകള്‍ക്കു മുമ്പ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ സൈനികാഭ്യാസത്തിനെത്തിയ പ്രദേശത്തിന് സമീപത്താണിത്. ദക്ഷിണ ചൈനാ കടലിലെ തര്‍ക്കപ്രദേശത്ത് സൈനിക അഭ്യാസം നടത്തുന്നത് സമാധാന ശ്രമങ്ങളെ അട്ടിമറിക്കാന്‍ മാത്രമ‌െ സഹായിക്കുകയുള്ളൂവെന്നു പെന്റഗണ്‍ പ്രതികരിച്ചു. മിസൈല്‍ പരീക്ഷണം ഉള്‍പ്പെടെയുള്ള ചൈനീസ് നടപടികള്‍ സ്ഥിതിഗതികള്‍ വഷളാക്കുമെന്നും പെന്റഗൺ മുന്നറിയിപ്പു നല്‍കി.

ഏറെ നിശബ്ദമായാണു ചൈന മിസൈല്‍ പരീക്ഷിച്ച് കരുത്ത് ഉറപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം നൂറിലേറെ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചുവെന്നാണു റിപ്പോര്‍ട്ട്. ലോകത്തെ തന്നെ ഏറ്റവും പ്രഹരശേഷിയും വൈവിധ്യവുമുള്ള മിസൈല്‍ ശേഖരമാണ് ചൈനയ്ക്കുള്ളതെന്ന് മുന്‍ പസഫിക് കമാന്‍ഡര്‍ ഹാരി ഹാരിസ് പറയുന്നു. ഡിഎഫ്-21ഡി 1500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ്. ഡിഎഫ്-26ന് 4000 കിലോമീറ്റര്‍ വരെ പോര്‍മുന വഹിക്കാനുള്ള ശേഷിയുണ്ട്.

English Summary: Beijing Missile Launches Into South China Sea Warned 2 Key US Targets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com