ADVERTISEMENT

തിരുവനന്തപുരം∙ ശശി തരൂർ എംപി ഗെസ്റ്റ് ആർട്ടിസ്റ്റാണെന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പരിഹാസത്തിനു മറുപടിയുമായി കെ.എസ്. ശബരിനാഥൻ എംഎൽഎ. തരൂർ വിശ്വപൗരനാണെന്നും ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, യുവാക്കളുടെ സ്പന്ദനങ്ങൾ, ദേശീയതയുടെ ശരിയായ നിർവചനം ഇതെല്ലാം പൊതുസമൂഹത്തിനു ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് അദ്ദേഹത്തിലൂടെയാണെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ ശബരിനാഥൻ പറഞ്ഞു.

‘പാര്‍ട്ടിയുടെ അതിര്‍വരമ്പുകളില്‍നിന്നുള്ള പാർട്ടി പ്രവർത്തനമോ അല്ലെങ്കിൽ പാർലമെന്ററി പ്രവർത്തനമോ തരൂരിനു മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് എല്ലാത്തിലും അദ്ദേഹം എടുത്തുചാട്ടം കാണിക്കുന്നത്. കോൺഗ്രസിന്റെ പാർലമെന്റ് അംഗം എന്ന രീതിയിൽ പ്രവർത്തിക്കുമ്പോൾ പാർട്ടിക്കു വിധേയനായിരിക്കണം. തരൂര്‍ രാഷ്ട്രീയക്കാരനല്ല. അതിന്‍റെ പക്വത കാണിക്കുന്നില്ല. അദ്ദേഹം ഒരു ഗെസ്റ്റ് ആർട്ടിസ്റ്റായാണു കോൺഗ്രസിലേക്കു വന്നത്, ഇപ്പോഴും അങ്ങനെ തുടരുകയാണ്’–  എന്നായിരുന്നു കൊടിക്കുന്നിലിന്റെ വിമർശനം.

പി.ടി.തോമസ് എംഎൽഎയും തരൂരിന് പിന്തുണ പ്രഖ്യാപിച്ചു. ‘എ.കെ.ആന്റണി ദേശീയ രാഷ്ട്രീയത്തിലെടുത്തിരിക്കുന്ന നിലപാടിനൊപ്പമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം എന്നത് സംശയരഹിതമായി കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിന്റെ മറപിടിച്ച് ശശി തരൂരിനെ ദുർബലപ്പെടുത്തുന്ന നീക്കം നിർഭാഗ്യകരമാണ്. തരൂരിനെ പോലുള്ള ഒരു വിശ്വപൗരനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ മഹത്വം വച്ചായിരിക്കണം.’– തോമസ് പറഞ്ഞു.

കെ.എസ്.ശബരിനാഥന്റെ കുറിപ്പ്:

ഡോക്ടർ ശശി തരൂരിന് ഇന്ത്യയുടെ പൊതുസമൂഹത്തിലുള്ള മതിപ്പ് എന്റെ ഒരു ഫെയ്സ്ബുക് പോസ്റ്റ് കൊണ്ട് ജനങ്ങളെ ധരിപ്പിക്കേണ്ട ആവശ്യമില്ല. രാജ്യത്തെ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ- പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, മതേതരത്വ കാഴ്ചപ്പാടുകൾ, നെഹ്‌റൂവിയൻ ആശയങ്ങൾ, ഭാവി ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, യുവാക്കളുടെ സ്പന്ദനങ്ങൾ, ദേശീയതയുടെ ശരിയായ നിർവചനം.. ഇതെല്ലാം പൊതുസമൂഹത്തിന്, പ്രത്യേകിച്ചു യുവാക്കൾക്ക് ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഡോക്ടർ ശശി തരൂരിലൂടെയാണ്.

അദ്ദേഹം ഒരു വിശ്വപൗരൻ ആയതുകൊണ്ടാണ് കോവിഡ് കാലത്ത് കേന്ദ്രസർക്കാർ എംപി ഫണ്ടുകൾ നിർത്തലാക്കിയപ്പോൾ ബന്ധങ്ങൾ  ഉപയോഗിച്ചുകൊണ്ട് തിരുവനന്തപുരത്തിനു വേണ്ടി മാതൃകയായ പല കോവിഡ് പ്രവർത്തനങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുള്ളത്. ഈ പ്രവർത്തനങ്ങൾ കാരണമാണ് തിരുവനന്തപുരത്തുകാർ മഹാഭൂരിപക്ഷം നൽകി അദ്ദേഹത്തെ മൂന്നാം തവണയും ലോക്സഭയിലേക്ക് അയച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ബഹുസ്വരതയ്ക്കും കോൺഗ്രസ് പാർട്ടിയുടെ വിശാല കാഴ്ചപ്പാടിനും എന്നും ഒരു മുതൽക്കൂട്ടാണു ഡോ: തരൂർ.

അതിൽ ഒരു തിരുവനന്തപുരത്തുകാരനായ എനിക്കു യാതൊരു സംശയവുമില്ല. എയർപോർട്ട് വിഷയത്തിലും മറ്റും അദ്ദേഹത്തിന് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകാം. എംപി എന്ന നിലയിൽ അതു പാർട്ടിയുമായി ചർച്ച ചെയ്തുകൊണ്ട് നിലപാട് രൂപീകരിക്കാൻ മുൻകൈ എടുക്കണം. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിനു വേണ്ടി സംസാരിക്കുവാനാണു ഞാൻ ആഗ്രഹിക്കുന്നത്.

English Summary: KS Sabarinathan support Shashi Tharoor on recent row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com