ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ ഇരുപതിലധികം വിജ്ഞാപനങ്ങൾ ഭാഗികമായി കത്തിയെന്ന് ദുരന്തനിവാരണ കമ്മിഷണർ ഡോ.എ.കൗശിഗൻ ഐഎഎസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി. പ്രധാനപ്പെട്ട ഫയലുകൾ കൂട്ടത്തിലില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ. ഓണം കഴിഞ്ഞു സർക്കാരിനു റിപ്പോർട്ടു സമർപ്പിക്കും. സെക്രട്ടേറിയറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും.

ഭാഗികമായി കത്തിയ ഫയലുകളും മറ്റു കടലാസ് ഫയലുകളും സ്കാൻ ചെയ്തു നമ്പരിട്ട് സീൽ ചെയ്ത അലമാരകളിൽ സൂക്ഷിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആക്ഷേപങ്ങൾ ഒഴിവാക്കാൻ ഫയലുകൾ പരിശോധിക്കുന്നത് വിഡിയോയിൽ പകർത്തുന്നുണ്ട്. അപകടത്തെക്കുറിച്ച് ഗ്രാഫിക്സ് വിഡിയോ തയാറാക്കാനും സമിതി ആലോചിക്കുന്നു. തീപടർന്നതിന്റെ കാരണം വിശദീകരിക്കാനാണ് വിഡിയോ തയാറാക്കുന്നത്. ഫൊറൻസിക് പരിശോധന കഴിഞ്ഞാല്‍ വിഡിയോ പൂർത്തിയാക്കാനാണ് പദ്ധതി.

കൗശിഗന്റെ നേതൃത്വത്തിൽ ജീവനക്കാരുടെ മൊഴിയെടുക്കുന്നത് ഇന്നും തുടർന്നു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസർ, അഡീ.പ്രോട്ടോകോൾ ഓഫിസർ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. ജലവിഭവമന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫിസ് അറിയിച്ചതനുസരിച്ചാണ് സ്ഥലത്ത് എത്തിയതെന്നാണ് അഡീ.പ്രോട്ടോകോൾ ഓഫിസർ രാജീവന്റെ മൊഴി.  പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

English Summary: No Important File Lost In Secretariat Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com