ADVERTISEMENT

നൂർ ഇനായത്ത് ഖാൻ – നാത്‌സി വിരുദ്ധ പോരാട്ടത്തിനിടെ മുപ്പതാം വയസിൽ വധിക്കപ്പെട്ട ഇന്ത്യൻ വംശജയായ ബ്രിട്ടിഷ് ചാര വനിത. ഏഴര പതിറ്റാണ്ടുകൾക്കിപ്പുറം നൂറിനെ ബ്രിട്ടൻ വീണ്ടും ആദരിച്ച വാർത്തകളാണ് മാധ്യമങ്ങളിൽ. കൃത്യമായി പറഞ്ഞാൽ 76 വർഷങ്ങൾക്കു മുൻപ് വധിക്കപ്പെട്ട നൂര്‍ ഇനായത്ത് ഖാനെയാണ് നീല സ്മരണ ഫലകം (ബ്ലൂ പ്ലാക്) സ്ഥാപിച്ച് ലണ്ടനിൽ ആദരിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് എക്സിക്യുട്ടീവിലെ (എസ്‌ഒഇ) സേവനം പരിഗണിച്ചാണ് ഈ അംഗീകാരം. ബ്ലു പ്ലാക് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വംശജ കൂടിയാണ് ടിപ്പു സുൽത്താന്റെ വംശപരമ്പരയിൽപ്പെട്ട നൂര്‍ ഇനായത്ത് ഖാന്‍.

ബ്രിട്ടിഷ് ആദരവിന്റെ ബ്ലൂ പ്ലാക്

ലണ്ടനിലെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വ്യക്തിത്വങ്ങളെ ആദരിക്കുന്ന പദ്ധതിയാണ് ഇംഗ്ലിഷ് ഹെറിട്ടേജ് എന്ന സന്നദ്ധ സംഘടന നടപ്പാക്കുന്ന ബ്ലു പ്ലാക് സമ്പ്രദായം. 1866 ൽ ആരംഭിച്ച പദ്ധതിയാണിത്. പ്രമുഖവ്യക്തിത്വങ്ങൾക്ക് ലണ്ടനിൽ അവർ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്ത കെട്ടിടങ്ങൾക്കു സമീപമാണ് ഇവ സ്ഥാപിച്ചുവരുന്നത്. മഹാത്മാഗാന്ധി, വല്ലഭായി പട്ടേല്‍, ബി.ആര്‍. അംബേദ്കര്‍, രാജാ റാംമോഹന്‍ റോയ് എന്നിവർക്ക് ഈ അംഗീകാരം മുൻപു ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ 950 ഓളം ഫലകങ്ങളാണ് ലണ്ടനിൽ ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്.

നൂർ ആദരിക്കപ്പെട്ടത് ബ്ലൂംസ്ബറിയിൽ

മധ്യ ലണ്ടനിലെ ബ്ലൂംസ്ബറിയിലുള്ള 4, ടവിറ്റന്‍ തെരുവിൽ നൂറിന്റെ പഴയ കുടുംബവീടിനു മുന്നിലാണ് അവർക്കുള്ള ഔദ്യോഗിക അംഗീകാരം സ്ഥാപിച്ചത്. ‘നൂര്‍ ഇനായത്ത് ഖാൻ ജിസി, 1914–1944 എസ്‌ഒഇ ഏജന്റ് കോഡ് നെയിം മഡലീൻ ഇവിടെ താമസിച്ചിരുന്നു’ – എന്നാണ് ഈ നീലഫലകത്തിൽ രേഖപ്പെടുത്തിയത്. കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി ഓൺലൈനിലായിരുന്നു ഫലകത്തിന്റെ സ്ഥാപനം ലോകത്തെ അറിയിച്ചത്.

1946 ജനുവരി 16ന് മരണാനന്തര ബഹുമതിയായി നൂര്‍ ഇനായത്ത് ഖാനെ ഫ്രഞ്ച് സൈനിക ബഹുമതിയായ ക്രോ ദ് ഗേർ ഗോൾഡ് സ്റ്റാർ നൽകി ആദരിച്ചിരുന്നു. 1949 ഏപ്രിൽ അഞ്ചിന് ബ്രിട്ടനിലെ രണ്ടാമത്തെ ഉയർന്ന പുരസ്കാരമായ ജോർജ് ക്രോസ് നൽകിയും അവർ ആദരിക്കപ്പെട്ടു.

അസാധാരണ ചാരവനിത, അപൂർവ വ്യക്തിത്വം

ഇന്ത്യൻ വംശജയായ ബ്രിട്ടിഷ് ചാര വനിത, നാത്‌സി സേനയുടെ അധീനതയിലുള്ള ഫ്രാൻസിലേക്കു നിയോഗിക്കപ്പെട്ട ആദ്യ വനിതാ വയര്‍ലെസ് ഓപ്പറേറ്റർ, രണ്ടാം ലോക മഹായുദ്ധകാലത്ത് യൂറോപ്പിലെ ഏക ഏഷ്യൻ രഹസ്യ ഏജന്റ്, ജോർജ് ക്രോസും ക്രോ ദ് ഗേർ ഗോൾഡ് സ്റ്റാറും നൽകി ആദരിക്കപ്പെട്ട മൂന്നു എസ്‌ഒഇ വനിതാ അംഗങ്ങളിൽ ഒരാൾ, ബ്രിട്ടന്റെ ആദ്യ മുസ്‌ലിം യുദ്ധ വീര, ടിപ്പു സുൽത്താന്റെ വംശപരമ്പരയിലെ ഇളമുറക്കാരി, ബ്ലു പ്ലാക് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വംശജ – ഏറെ വിശേഷണങ്ങൾക്ക് ഉടമയാണ് നൂര്‍ ഇനായത്ത് ഖാന്‍ എന്ന അപൂർവ വ്യക്തിത്വം.

Noor-Inayat-Khan-3
നൂർ ഇനായത്ത് ഖാൻ. ചിത്രം: ട്വിറ്റർ

ഇന്ത്യൻ സൂഫിവര്യനായിരുന്ന ഹസ്രത്ത് ഇനായത്ത് ഖാൻ, ഭാര്യ അമേരിക്കക്കാരിയായ ഓറ റേ ബേക്കറിനൊപ്പം സംഗീത പരിപാടികളുമായി ബന്ധപ്പെട്ട യാത്രകളുടെ ഭാഗമായി റഷ്യയിൽ കഴിയുന്നതിനിടെ 1914 ജനുവരി ഒന്നിന് മോസ്കോയിലാണ് നൂര്‍ ഇനായത്ത് ഖാന്റെ ജനനം. നൂറുന്നിസ(പെണ്മയുടെ പ്രകാശം) എന്നാണ് അവൾ ആദ്യം പേരുവിളിക്കപ്പെട്ടത്. പ്രമുഖ സംഗീതജ്‍ഞനായ മുത്തച്ഛൻ ഉസ്താദ് മൗല ബക്​ഷാ ഖാന്റെ ഭാര്യ ഖാസിം ബീവി ടിപ്പു സുൽത്താന്റെ ചെറുമകളായിരുന്നു.

ഒന്നാം ലോക മഹായുദ്ധകാലത്ത് കുടുംബത്തോടൊപ്പം ഫ്രാൻസിൽ താമസമാരംഭിച്ച നൂറിന്റെ കുടുംബം 1940 നവംബറിൽ നാത്‌സി സേനയ്ക്കു മുന്നിൽ ഫ്രാൻസ് തോറ്റതോടെ ബ്രിട്ടനിലേക്കു താമസം മാറുകയായിരുന്നു. ഈ കാലയളവിലാണ് ഇപ്പോൾ ബ്ലു പ്ലാക് അംഗീകാരം സ്ഥാപിച്ച ലണ്ടനിലെ ബ്ലൂംസ്ബറിയിലുള്ള 4, ടവിറ്റന്‍ തെരുവിലെ വീട്ടിൽ നൂർ താമസിച്ചത്. 1940 നവംബർ 19 ന് നൂര്‍, നോറ ഇനായത്ത് ഖാൻ എന്ന പേരിൽ വിമൻസ് ഓക്സിലറി എയർഫോഴ്സിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലിയിൽ പ്രവേശിച്ചു.

രണ്ടാംലോകയുദ്ധകാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലിന്റെ നിർദേശപ്രകാരം രൂപീകരിച്ച സ്പെഷ്യല്‍ ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ് (എസ്‌ഒഇ) എന്ന ചാരപ്രവര്‍ത്തന സേനയിൽ 1941ൽ അംഗമായ നൂര്‍ വയര്‍ലെസ് സംവിധാനം ഉപയോഗിക്കുന്നതിൽ വിദ്ഗധ പരിശീലനം നേടി.

noor-inayath-khan
നൂര്‍ ഇനായത്ത് ഖാന്‍

1943 ൽ ഫ്രാൻസിലേക്ക്, ഒളിവിൽ നഴ്സായും

എസ്‌ഒഇയുടെ വയര്‍ലെസ് ഓപ്പറേറ്ററായി 1943 ജൂൺ 16ന് നൂർ ഫ്രാൻസിലേക്കു പോയി. നാത്‌സി സേനയുടെ അധീനതയിലുള്ള ഫ്രാൻസിലേക്കു നിയോഗിക്കപ്പെട്ട ആദ്യ വനിതാ വയര്‍ലെസ് ഓപ്പറേറ്ററായിരുന്നു നൂർ. ഫ്രഞ്ച് ഭാഷയിൽ പ്രാവിണ്യം നേടിയ നൂർ ആ ഭൂപ്രകൃതിയെ പറ്റിയും അതിവേഗം മനസിലാക്കി. മികച്ച റേഡിയോ ഓപ്പറേറ്ററായി മികവു തെളിയിച്ച നൂറിനെ ശത്രുസേനയുടെ അധീനതയിലുള്ള മേഖലകളില്‍ വയര്‍ലെസ് ഓപ്പറേഷനു നിയോഗിച്ചു.

ഒരു സന്നദ്ധ സംഘടനയുടെ പേരിൽ നഴ്സ് എന്ന വ്യാജേന ഴോ മെറി റയ്നിയർ എന്ന അപരനാമത്തിലാണ് നൂർ അവിടെ പ്രവർത്തിച്ചത്. ഇത്തരം നിരവധി സന്നദ്ധ സംഘടനകള്‍ യുദ്ധരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ നൂറിന്റെ സംഘാംഗങ്ങൾ പിടിയിലായി. ബ്രിട്ടനിലേക്ക് വിവരങ്ങൾ കൈമാറാൻ ഫ്രാൻസിൽ ശേഷിച്ച ഏക ഏജന്റായി ഇതോടെ നൂർ. മടങ്ങിയെത്താൻ നിർദേശം ലഭിച്ചെങ്കിലും അത് നിരസിച്ച നൂർ അവിടെ തുടർന്ന് തന്ത്രപ്രധാന വിവരങ്ങൾ ബ്രിട്ടനു കൈമാറിക്കൊണ്ടിരുന്നു.

Noor-Inayat-Khan-5
നൂർ ഇനായത്ത് ഖാൻ. ചിത്രം: ട്വിറ്റർ

ചതിയിൽപ്പെട്ട് പിടിയിൽ, ‘അപകടകാരിയായ തടവുകാരി’

താമസസ്ഥലം തുടർച്ചയായി മാറിയും രൂപപരിണാമങ്ങൾക്കു വിധേയയായും നാത്‌സി പടയുടെ പിടിയിൽ നിന്ന് മൂന്നര മാസത്തോളം വഴുതി നടന്നാണ് നൂർ ബ്രിട്ടനിലേക്ക് വിവരങ്ങൾ കൈമാറുന്നത് തുടർന്നത്. പാരിസിൽ കഴിയുന്നത് കൂടുതൽ അപകടമാണെന്നു മനസിലായതോടെ ഒക്ടോബർ പകുതിയോടെ ബ്രിട്ടനിലേക്കു മടങ്ങാൻ തീരുമാനിച്ചു. ഇതിനിടെ ഒരു ചതിയിൽപ്പെട്ടാണ് നൂർ 1943 ഒക്ടോബർ 14 ന് നാത്‌സി രഹസ്യ പൊലീസായ ഗസ്റ്റപ്പോയുടെ പിടിയിലാകുന്നത്. ഗസ്റ്റപ്പോയുടെ പാരിസിലെ അവന്യു ഫോഷിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ എത്തിച്ച നൂറിനെ അവിടെ തടവിൽ പാർപ്പിച്ചു. അവിടെ നിന്നു രണ്ടു തവണ രക്ഷപ്പെട്ടെങ്കിലും പിടിയിലായി. രക്ഷപ്പെടാൻ വീണ്ടും ശ്രമിക്കില്ലെന്ന പ്രഖ്യാപനത്തിൽ ഒപ്പുവയ്ക്കണമെന്ന നിർദേശം നൂർ ഗസ്റ്റപ്പോ അധികൃതർക്കു മുന്നിൽ നിരസിച്ചു.

തുടർന്ന് സുരക്ഷിതമായി കസ്റ്റഡിയിൽ സൂക്ഷിക്കുന്നതിന് 1943 നവംബർ 27ന് നൂറിനെ ജർമനിയിലേക്കു കൊണ്ടുപോയി അവിടുള്ള ഫോട്സ്ഹൈം ജയിലിൽ‌ പാർപ്പിച്ചു. ‘വളരെ അപകടകാരിയായ തടവുകാരി’ ഇവിടത്തെ ജയിൽരേഖകളിൽ നൂറിനെ വിശേഷിപ്പിച്ചതിങ്ങനെ. കൈകൾ തമ്മിലും കാലുകൾ തമ്മിലും ബന്ധിച്ചതു കൂടാതെ നൂറിനു നേരെ നൽക്കാനാകാത്ത വിധം കൈകളും കാലുകളും തമ്മിൽ മൂന്നാമതൊരു ചങ്ങല കൊണ്ടു കൂടി ബന്ധിച്ചിരുന്നു. നോറ ബേക്കർ എന്ന പേരിലാണ് ജയിലിൽ നൂർ അറിയപ്പെട്ടത്. ജയിലിൽ തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കും ക്രൂരമായ പീഡനങ്ങൾക്കും വിധേയയാക്കിയെങ്കിലും ഒന്നും തുറന്നു പറയാൻ നൂർ കൂട്ടാക്കിയില്ല.

പത്ത് മാസത്തോളം ഫോട്സ്ഹൈം ജയിലിൽ കഴിഞ്ഞ നൂറിനെ, 1944 സെപ്റ്റംബർ 11ന് വൈകിട്ട് 20 മൈൽ അകലെയുള്ള കാൾസ്രുവ ജയിലിലേക്കു കൊണ്ടുപോയി. സെപ്റ്റംബർ 12ന് പുലർച്ചെ കമാഡന്റിന്റെ ഓഫിസിൽ ഹാജരാക്കി. പരിശീലനകാലത്ത് തനിക്കൊപ്പമുണ്ടായിരുന്ന മൂന്നു ചാരവനിതകളെ അവിടെവച്ച് നൂർ കണ്ടുമുട്ടി. നൂർ‌ ഉൾപ്പെടെ ഈ നാലു പേരെയും അവിടെ നിന്നു ട്രെയിനിൽ 200 മൈൽ അകലെ ഡകൗവിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപിലേക്ക് അയച്ചു.‌ അവിടെ നിന്ന് ട്രെയിനിൽ മൂണിക്കിലേക്ക്. സഖ്യസേനയുടെ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ യാത്ര ഗെസ്ലിഗനിൽ രണ്ടു മണിക്കൂറോളം മുടങ്ങി. മൂണിക്കിലെത്തിയ ശേഷം ലോക്കൽ ട്രെയിനിൽ വീണ്ടും ഡകൗവിലേക്ക് മടക്കം. അർധരാത്രിയാണ് ഇവരെയും കൂട്ടി ഒപ്പമുണ്ടായിരുന്ന ഓഫിസർമാർ ഡകൗവിലെത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്ററോളം കാൽനടയായി കൈവിലങ്ങണിയിച്ച് എത്തിച്ച ഇവരെ കോണ്‍സന്‍ട്രേഷന്‍ ക്യാംപിലെ തുറങ്കിലടച്ചു.

Noor-Inayat-Khan-6
നൂർ ഇനായത്ത് ഖാൻ. ചിത്രം: ട്വിറ്റർ

കൊടിയ പീഡനം, ഒടുവിൽ വെടിയേറ്റ് മരണം

രാത്രി മുഴുവൻ ക്രൂരമായ പീഡനങ്ങൾക്കു വിധേയയാക്കിയെങ്കിലും വിവരങ്ങളൊന്നും പുറത്തുപറയാൻ നൂർ തയാറായില്ല. നൂറിനൊപ്പമെത്തിയ മൂന്നു വനിതകളെയും 1944 സെപ്റ്റംബർ 13ന് പുലർച്ചെ തടവറയിൽ നിന്ന് വലിച്ചിഴച്ച് സമീപത്തെ ശ്മശാനത്തിൽ എത്തിച്ച ശേഷം കഴുത്തിനു പിന്നിൽ വെടിവച്ചു കൊലപ്പെടുത്തി.

മടങ്ങിയെത്തിയ പടയാളികൾ നൂറിനെ നഗ്നയാക്കി ക്രൂരമായി മർദിച്ചു. തുകൽ ബുട്ടുകൾ കൊണ്ട് തുടർച്ചയായി തൊഴിച്ചു. നേരം പുലരുവോളം പടയാളികളുടെ മർദനം ഏറ്റുംവാങ്ങിയ നൂർ രക്തം വാർന്നൊഴുകി ജീവച്ഛവമായി നിലത്തുകിടന്നു. തുടർന്ന് മുട്ടു കുത്തി നിർത്തിയ ശേഷം തലയിലേക്ക് വെടിയുതിർത്തു. ‘സ്വാതന്ത്യ്രം’ എന്ന് അലറിവിളിച്ചുകൊണ്ടാണ് നൂർ വെടിയുണ്ട ഏറ്റുവാങ്ങിയത്. തുടർന്ന് നൂറിന്റെ മുതശരീരം വലിച്ചിഴച്ച് ശ്മശാനത്തിൽ എത്തിച്ച ശേഷം തീച്ചൂളയിലേക്ക് വലിച്ചെറിഞ്ഞു. പിടിയിലായി ഒരു വർഷത്തോളം നീണ്ട ക്രൂരമായ പീഡനങ്ങളേറ്റ് ഒടുവിൽ കോണ്‍സന്‍ട്രേഷന്‍ ക്യാംപിൽ കൊല്ലപ്പെടുമ്പോൾ നൂറിന് 30 വയസ്സ് തികയുന്നേയുണ്ടായിരുന്നുള്ളു.

മാധ്യമപ്രവര്‍ത്തകയായ ഷർബാണി ബസു 2006 ല്‍ പുറത്തിറക്കിയ ജീവചരിത്രഗ്രന്ഥത്തിലൂടെയാണ് (Spy Princess: The Life of Noor Inayat Khan) നൂര്‍ ഇനായത്ത് എന്ന അസാധാരണ വ്യക്തിത്വം ലോകശ്രദ്ധ നേടുന്നത്. അസാധാരണത്വം നിറഞ്ഞ ചാരവനിതയായിരുന്നു നൂർ, സൂഫിസത്തിന്റെ പാത പിൻതുടർന്ന് മതനിരപേക്ഷതയിലും അഹിംസയിലും വിശ്വസിച്ച വനിത, ജന്മനാട്ടിൽ നിന്നകന്ന അഭയം നൽകിയ രാജ്യം ആവശ്യപ്പെട്ടപ്പോൾ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനായി ജീവൻ നൽകിയ വ്യക്തിത്വം. – ജീവചരിത്രകാരി ഷർബാണി നൂറിനെക്കുറിച്ച് അഭിപ്രായപ്പെടുന്നതിങ്ങനെ. രണ്ടാംലോകയുദ്ധകാലത്തെ ഏറ്റവും നിശബ്ദരായ ധീരരിൽ ഒരാളായാണ് നൂര്‍ ഇനായത്ത് ഖാൻ വിശേഷിക്കപ്പെടുന്നതും.

English Summary: World War 2 spy Noor Inayat Khan first Indian origin woman to get UK memorial plaque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com