ADVERTISEMENT

കാർഷിക രാജ്യമായിരുന്ന ചൈനയെ വ്യവസായ രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങളുടെ വിജയത്തിനായി സ്വന്തം ജനതയെ കൊന്ന ചരിത്രം കൂടിയുണ്ട് മാവോ എന്ന ചൈനയിലെ എക്കാലത്തെയും വലിയ നേതാവിന്. പട്ടിണിപ്പാവങ്ങളുടെ പാർട്ടിയുടെ നേതാവിന്റെ ഇoഗിതങ്ങൾക്കനുസരിച്ച് കൂട്ടക്കൊലകൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാൻ പട്ടാളവും റെഡ് ഗാർഡ് എന്ന മാവോ ആരാധകരുടെ സംഘടനയുമുണ്ടായിരുന്നു. ‘മുന്നോട്ടുള്ള മഹത്തായ കുതിപ്പ്’ (ദ് ഗ്രേറ്റ് ലീപ് ഫോർവേഡ്) എന്നപേരിൽ രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് സ്വന്തം ഇഷ്ടപ്രകാരം മാവോ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങൾ ഏറെ വിചിത്രവും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതും ആയിരുന്നു.

ചൈനയെ അതിവേഗം വ്യവസായ സാമ്പത്തിക ശക്തിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ വളർച്ചാപദ്ധതിക്കായി ചൈനയിലെ കാർഷിക ഗ്രാമങ്ങളിലുള്ള ജനത്തോടു വ്യവസായിക വൃത്തിയിലേർപ്പെടുവാൻ മാവോ ആഹ്വാനം ചെയ്തു. നഗരങ്ങളിലുള്ളവരോടും ഗ്രാമങ്ങളിൽ പോയി അധ്വാനിക്കുവാൻ ആഹ്വാനമുണ്ടായി.

എന്നാൽ വ്യവസായ സംരംഭങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ജനത്തിനു നൽകിയതുമില്ല. സോവിയറ്റ് യൂണിയൻ ആർജ്ജിച്ചെടുത്തുവന്ന വ്യവസായ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച്  മാവോ നാട്ടിൽ നടത്തിയ ആഹ്വാനം ഒരു തികഞ്ഞ അതിമോഹമായിരുന്നു. നിരന്തരമായ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് സംജാതമായ പട്ടിണിയിൽ നിന്നും കരകയറുവാൻ ആ സമയത്ത് ചൈനയ്ക്ക് കഴിഞ്ഞിരുന്നില്ല. ഭക്ഷ്യക്ഷാമം ഏറെ രൂക്ഷമായിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്.

എതിർത്താൽ ജീവിക്കേണ്ട, ഉരുക്കിൽ ഉരുകിയൊലിച്ച വിശ്വാസം

ഒരു നേരത്തെ അന്നത്തിനായി കൃഷിഭൂമിയിൽ  അധ്വാനിച്ചുകൊണ്ടിരുന്ന ഗ്രാമീണജനതയെ വഴിയാധാരമാക്കിയ മണ്ടൻ തീരുമാനമായിരുന്നു മാവോയുടെ മുന്നോട്ടുള്ള ഈ ‘മഹത്തായ കുതിപ്പ്’. ഈ പദ്ധതിപ്രകാരം വ്യക്തിയ്ക്ക് കൃഷി ചെയ്യുവാനുള്ള അനുമതി നഷ്ടപ്പെട്ടു. പകരം കർഷക കൂട്ടായ്മകൾ രൂപീകരിച്ചു. കൃഷിപ്പണി ചെയ്തുകൊണ്ടിരുന്നവരെയും ചെറു കൃഷിയിട ഉടമകളെയും മറ്റു ജോലികളിലേക്ക് നിർബന്ധിച്ച് പറഞ്ഞയച്ചു. എതിർത്തവരെ വെടിവച്ച് കൊന്നു.

1200-china-misile

കർഷകരുടെ വീടുകൾ ഇടിച്ചുനിരത്തി. ഗ്രാമങ്ങളിലെ വീടുകളിൽ വ്യവസായ  ആവശ്യത്തിനുള്ള ഉരുക്കു സാമഗ്രികൾ ഉൽപ്പാദിപ്പിച്ചു. അവയ്ക്കൊന്നും വേണ്ടത്ര ഗുണനിലവാരം ഉണ്ടായിരുന്നില്ല. പണിയെടുത്തവർ പ്രതീക്ഷിച്ച വരുമാനവും ലഭിച്ചില്ല. കാർഷിക ഉൽപ്പാദനം തകർന്നടിഞ്ഞതോടെ ഗ്രാമങ്ങൾ പട്ടിണിയിലേക്ക് കൂപ്പുകുത്തി. നിരവധി ഗ്രാമീണർ  ആത്മഹത്യ ചെയ്തു. ഭക്ഷണത്തിനായി ജനം സർക്കാർ വക ധാന്യപ്പുരകൾ കൊള്ളയടിച്ചു. അവരിൽ ഭൂരിപക്ഷം പേരെയും സൈന്യവും മാവോ അനുകൂലികളും ചേർന്ന് തിരഞ്ഞുപിടിച്ചു കൊലചെയ്തു. 

സ്വന്തമായി അധ്വാനിച്ച് അന്നം കണ്ടെത്തിയിരുന്ന ജനത്തെ വ്യവസായ മേഖലയിലേയ്ക്ക് ആട്ടിപ്പായിച്ച് അടിമപ്പണി ചെയ്യിപ്പിച്ചപ്പോൾ ചൈനയുടെ ഗുണനിലവാരമില്ലാത്ത ഉരുക്ക് ഉൽപ്പാദനം കണക്കുകളിൽ കുതിച്ചുയർന്നു. എന്നാൽ കാർഷികമേഖല സർവനാശത്തിലേയ്ക്ക് കൂപ്പുകുത്തി. ഉരുക്കുൽപ്പാദന മേഖലയിൽ വർധനയുണ്ടായെങ്കിലും ഗുണമേന്മ തീരെ കുറവായിരുന്നു. വീടുകളിൽ സാങ്കേതിക പരിജ്ഞാനമോ സൗകര്യങ്ങളോ ഇല്ലാതെ സർക്കാരിന്റെ ഭീഷണികൾക്ക് വഴങ്ങി കർഷകരായ ഗ്രാമീണർ നടത്തിയ പ്രഹസനം പോലെയായി വ്യവസായിക വളർച്ചയ്ക്കായി നിർബന്ധിച്ച് ജനത്തെകൊണ്ട് മാവോ നടപ്പിലാക്കിയ ഉരുക്കുൽപ്പാദനം.

ചതുർകീടയജ്ഞം, കുരുവികളെ നിലം തൊടീക്കാത്ത ജനം

മുന്നോട്ടുള്ള മഹത്തായ കുതിപ്പിന്റെ ഭാഗമായി നടത്തിയ മറ്റൊരു പദ്ധതിയായിരുന്നു ചതുർകീടയജ്ഞം (Four Pests Campaign). എലി, ഈച്ച, കൊതുക്, കുരുവി എന്നീ നാല് ജീവിവർഗ്ഗങ്ങളാണ് ചൈനയുടെ കാർഷിക വിഭവങ്ങൾ ഭക്ഷിച്ച് ചൈനക്കാരെ പട്ടിണിക്കിടുന്നത് എന്ന മാവോയുടെ കണ്ടെത്തലിനെത്തുടർന്ന്  ഈ ജീവിവർഗ്ഗങ്ങളെ നശിപ്പിക്കുവാനായി നടപ്പിലാക്കിയ പദ്ധതിയാണ് ചതുർകീടയജ്ഞം.

യൂറോപ്യൻ മരക്കുരുവികൾ (European Tree Sparrows) ആയിരുന്നു പ്രധാന ലക്ഷ്യം. മറ്റു മൂന്നു ജീവിവർഗ്ഗങ്ങളെയും പാടങ്ങളിൽ വിഷപ്രയോഗം നടത്തി കൊന്നപ്പോൾ ചൈനയിൽ വ്യാപകമായി കണ്ടിരുന്ന കുരുവികളെ കൊല്ലുന്നതിനായി പ്രത്യേക പദ്ധതികൾ തന്നെ മാവോ സർക്കാർ ആവിഷ്കരിച്ചു.

China | Dragon | Representational image

പാത്രങ്ങൾ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കി കുരുവികളെ പേടിപ്പിക്കുക എന്നതായിരുന്നു ഒരു രീതി. പാത്രങ്ങളുടെ ശബ്ദം കേൾക്കുന്ന കുരുവികൾ ഒരിടത്തും ഇരിക്കാൻ കഴിയാതെ ആകാശത്ത് പറന്നു തളർന്നുവീണ് മരിക്കും. മരിക്കാത്തവയെ താഴെ വീഴുമ്പോൾ കൊല്ലും. കുരുവി മുട്ടകൾ തിരഞ്ഞുപിടിച്ച് നശിപ്പിക്കും. ആകാശത്തു പറക്കുന്ന കുരുവികളെ വെടിവച്ചിടാൻ പ്രത്യേക പരിശീലനം തന്നെ ജനത്തിനു മാവോ അനുകൂലികൾ നിർബന്ധപൂർവ്വം നൽകി.

മാവോയുടെ ഈ പദ്ധതി നടപ്പിലാക്കുവാൻ വിദ്യാർഥികളും അധ്യാപകരും ഉദ്യോഗസ്ഥരുമെല്ലാം നന്നേ പ്രയത്നിച്ചു. കുരുവി നിർമ്മാർജ്ജനം നടപ്പിലാക്കുന്നവർക്ക് പാരിതോഷികങ്ങളും എതിർക്കുന്നവർക്ക് കടുത്ത ശിക്ഷയും മാവോ ഭരണകൂടം നടപ്പിലാക്കി. ദശലക്ഷക്കണക്കിനു ജനത്തെയാണ് മാവോ നിർബന്ധിതമായി ഈ കുരുവി നിർമ്മാർജന പദ്ധതിയിൽ പങ്കാളികളാക്കിയത്.

ചതുർകീടയജ്ഞം നടപ്പിൽ വരുത്തിയതോടെ അതിന്റെ പ്രത്യാഘാതങ്ങളും പ്രകൃതിയിൽ പ്രകടമായിത്തുടങ്ങി. കുരുവികൾ അടക്കമുള്ള ജീവിവർഗ്ഗങ്ങൾ കാർഷിക മേഖലയുടെ സംതുലിതമായ നിലനിൽപ്പിന് അനിവാര്യമാണ് എന്ന കാര്യം മാവോയും മാവോയുടെ സ്തുതിപാഠകരും അറിയാതെപോയി. രണ്ടുവർഷം നീണ്ടുനിന്ന യജ്ഞത്തോടെ കാർഷിക മേഖലയിൽ വൻ തിരിച്ചടിയാണ് ചൈന നേരിട്ടത്. കുരുവികൾ അപ്രത്യക്ഷമായതോടെ വെട്ടുകിളികൾ ഉൾപ്പെടെയുള്ള മറ്റു കീടവർഗ്ഗങ്ങൾ ചൈനയുടെ പാടങ്ങൾ കീഴടക്കി.കൂട്ടംചേർന്നെത്തിയ വെട്ടുകിളികൾ ധാന്യവിളകൾ തിന്നുതീർത്തതോടെ കർഷകർ പട്ടിണിയിലായി.

Souvenirs featuring portraits of China's late Chairman Mao Zedong and China's President Xi Jinping are seen at a shop near the Forbidden City in Beijing, China, September 9, 2016. REUTERS/Thomas Peter     TPX IMAGES OF THE DAY
Souvenirs featuring portraits of China's late Chairman Mao Zedong and China's President Xi Jinping are seen at a shop near the Forbidden City in Beijing, China, September 9, 2016. REUTERS/Thomas Peter TPX IMAGES OF THE DAY

കാർഷിക മേഖലയിലെ മറ്റു പരിഷ്കാരങ്ങളും കാർഷിക ഉൽപ്പാദനത്തിന് തിരിച്ചടികളാണ് നൽകിയത്. അത്യുൽപ്പാദനത്തിനുവേണ്ടി തയ്യാറാക്കിയ പുതിയ വളങ്ങളുടെ പരീക്ഷണങ്ങളും, വ്യവസായ ആവശ്യത്തിനായുള്ള വ്യാപകമായ വനനശീകരണത്തെ തുടർന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയെ വീണ്ടും തളർത്തി. പിന്നീട് ചൈനയെ ബാധിച്ചത് വലിയൊരു ഭക്ഷ്യക്ഷാമമായിരുന്നു.

ഈ ക്ഷാമകാലത്ത് ജനലക്ഷങ്ങൾ പട്ടിണി കിടന്ന് മരിച്ചു. മാവോയുടെ ദീർഘവീക്ഷണമില്ലായ്മയുടെയും, ഏകാധിപത്യ തീരുമാനങ്ങളുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട ഈ മനുഷ്യ നിർമ്മിത ദുരന്തകാലത്ത് നാലരക്കോടിയിലധികം  ജനം ചൈനയിൽ മരിച്ചതായി കണക്കാക്കപ്പെടുന്നു. വികലമായ ഭരണപരിഷ്കാരങ്ങൾ ജനത്തിൽ അടിച്ചേൽപ്പിച്ച് 'മഹാനായ മാവോ' സൃഷ്ടിച്ചെടുത്ത മരണസംഖ്യ.

മാവോയുടെ ജനവിരുദ്ധനയങ്ങളെ എതിർക്കുന്നവർ കമ്മ്യൂണിസ്റ്റ് പാർട്ടിക്കകത്തും, സർക്കാരിലും ഉണ്ടായിരുന്നു. മാവോ ഭയത്താലും, മാവോ ഭക്തിയാലും തെറ്റ് ചൂണ്ടിക്കാണിക്കാനുള്ള ധൈര്യം ആരും കാണിച്ചില്ല. കൊടും ക്ഷാമവും, പട്ടിണി മരണങ്ങളും, കലാപങ്ങളും തന്റെ ജനപ്രീതി പ്രതികൂലമായി ബാധിച്ചു എന്ന് മനസിലാക്കിയ മാവോ സ്വമേധയാ മഹത്തായ മുന്നോട്ടുള്ള കുതിപ്പിൽ നിന്നും പിൻവാങ്ങുകയായിരുന്നു. തൊഴിൽ മേഖലയിൽ സ്വന്തം ജനങ്ങളെ അടിമകളാക്കി വികസന മുന്നേറ്റം നടത്താം എന്ന വികലവും ജനവിരുദ്ധവുമായ കാഴ്ചപ്പാടാണ് മാവോ എന്ന ഏകാധിപതിയെ 'മുന്നോട്ടുള്ള മഹത്തായ കുതിപ്പിന്' പ്രേരിപ്പിച്ചത്.

അധികാരം ഉറപ്പിച്ച ഉന്മൂലനം; ഏകാധിപത്യപാതയിൽ

തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം സമഗ്രാധിപത്യത്തിലേക്കുള്ള വഴിയാണെന്ന് ലോകത്തിന് ആദ്യം കാട്ടിക്കൊടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയെ നോക്കുകുത്തിയാക്കി റഷ്യയെ ഏകാധിപത്യത്തിലൂടെ പതിറ്റാണ്ടുകൾ നയിച്ച ജോസഫ് സ്റ്റാലിൻ ആയിരുന്നു.തന്റെ സ്വേച്ഛാധിപത്യത്തെ എതിർക്കുന്നവർ, അവർ പാർട്ടിനേതാക്കളായാലും പ്രവർത്തകരായാലും സാധാരണ പൗരന്മാരായാലും തടങ്കലിൽ ഇടുകയോ കൊലപ്പെടുത്തുകയോ ചെയ്യുക എന്നതായിരുന്നു സ്റ്റാലിന്റെ രീതി.

TOPSHOT - Russian Communist party supporters hold portraits of Soviet leader Joseph Stalin as they gather to mark the Stalin's 139th birthday on the Red Square, in Moscow, on December 21, 2018. (Photo by Kirill KUDRYAVTSEV / AFP)
TOPSHOT - Russian Communist party supporters hold portraits of Soviet leader Joseph Stalin as they gather to mark the Stalin's 139th birthday on the Red Square, in Moscow, on December 21, 2018. (Photo by Kirill KUDRYAVTSEV / AFP)

സ്റ്റാലിന്റെ കാലഘട്ടം റഷ്യയിൽ കൂട്ടക്കുരുതികളുടെ അദ്ധ്യായമായിരുന്നു. ജനത്തെ അടിമപ്പണി ചെയ്യിച്ചും എതിർക്കുന്ന രാഷ്ടീയ നേതാക്കളെയും ജനത്തെയും സൈബീരിയയിലേയ്ക്ക് നാടുകടത്തിയോ, പട്ടിണിക്കിട്ട് കൊന്നോ, തന്റെ അധികാരവും ആശയങ്ങളും നിലനിർത്തിയ ലോകം കണ്ട ഏറ്റവും വലിയ ഭീകര ഭരണാധികാരികളിലൊരാളായിരുന്നു സ്റ്റാലിൻ. 

പാർട്ടിയെയും സ്റ്റേറ്റിനെയും സ്വന്തം നിയന്ത്രണത്തിലാക്കിയും തൊഴിലാളി വർഗ്ഗ സർവാധിപത്യം എന്ന പൊള്ളയായ ചട്ടക്കൂടിൽ നിന്നുകൊണ്ടും ഏകാധിപത്യത്തിന്റെ ശക്തി എന്താണെന്ന് സ്റ്റാലിൻ ലോകത്തിന് കാട്ടിക്കൊടുത്തു. ഹിറ്റ്ലർക്കൊപ്പമോ, ഹിറ്റ്ലറേക്കാൾ വലുതോ ആയ ഒരു ഏകാധിപതിയായി പല ചരിത്രകാരന്മാരും സ്റ്റാലിനെ ചൂണ്ടിക്കാട്ടുന്നതിന്റെ പ്രധാന കാരണം സ്റ്റാലിൻ എന്ന ഭരണാധികാരി സ്വന്തം ജനതയോട് കാണിച്ച സമാനതകളില്ലാത്ത ക്രൂരതകളാണെന്നുള്ളതും ചരിത്ര വസ്തുത.

ജോസഫ് സ്റ്റാലിന്റെ ഏറ്റവും വലിയ ആരാധകനായിരുന്നു മാവോ. സ്റ്റാലിന്റെ പഞ്ചവത്സര പദ്ധതികളിൽ ആകൃഷ്ടനായാണ് മാവോ, മുന്നോട്ടുള്ള മഹത്തായ കുതിപ്പിന് തുടക്കം കുറിക്കുന്നത്. കൃഷിക്കാരായ ഗ്രാമീണരെ വ്യവസായ മേഖലയിലേയ്ക്ക് തള്ളി വിടുമ്പോൾ വലിയൊരു വിഭാഗം ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും മാവോയ്ക്ക് അറിയാമായിരുന്നു. സ്റ്റാലിന്റെ റഷ്യയിൽ നടക്കുന്ന പട്ടിണി മരണങ്ങളെക്കുറിച്ചും രാഷ്ടീയ അടിച്ചമർത്തലുകളെക്കുറിച്ചും, എതിരാളികൾ എന്നു തോന്നുന്നവരുടെ കൂട്ടക്കുരുതികളെക്കുറിച്ചും ഉള്ള വ്യക്തമായ അറിവുകൾ ഈ പദ്ധതി നടപ്പിലാക്കുന്ന അവസരത്തിൽ മാവോയ്ക്കുണ്ടായിരുന്നു.

ജനലക്ഷങ്ങൾ മരിച്ചാലും തന്റെ ഏകാധിപത്യ അധികാരത്തിന്റെ സംരക്ഷണത്തിനും, ആശയ സംരക്ഷണത്തിനും നല്ലത് സ്റ്റാലിന്റെ ഉന്മൂലന വഴികൾ തന്നെ എന്ന തിരിച്ചറിവിൽ നിന്നാണ് മാവോ തന്റെ ‘മഹത്തായ മുന്നോട്ടുള്ള കുതിപ്പ്’ എന്ന രക്തപങ്കിലമായ വികസന പദ്ധതി ആരംഭിച്ചതും പരാജയമാണെന്നറിഞ്ഞിട്ടും പരമാവധി മുന്നോട്ട് കൊണ്ടുപോയതും.  തന്റെ ഏകാധിപത്യത്തിന്റെ ശത്രുക്കളാര്, മിത്രങ്ങളാര് എന്ന് തിരിച്ചറിയുവാനും, കൂടുതൽ സുരക്ഷിതനാകുവാനും പ്രകൃതവും മനുഷ്യത്വരഹിതവുമായ ഈ പദ്ധതിയിലൂടെ മാവോയ്ക്ക് കഴിഞ്ഞു.

TOPSHOT - Russian Communist party supporters attend a memorial ceremony to mark the 65th anniversary of Soviet leader Joseph Stalin's death on Red Square in Moscow on March 5, 2018. / AFP PHOTO / Kirill KUDRYAVTSEV
TOPSHOT - Russian Communist party supporters attend a memorial ceremony to mark the 65th anniversary of Soviet leader Joseph Stalin's death on Red Square in Moscow on March 5, 2018. / AFP PHOTO / Kirill KUDRYAVTSEV

അധികാരം അരക്കിട്ടുറപ്പിച്ച സാംസ്കാരിക വിപ്ളവം

പട്ടിണി മരണങ്ങൾകൊണ്ട് പൊറുതിമുട്ടിയ ചൈനീസ് ജനതയ്ക്ക് മുന്നിൽ രക്ഷകനായാണ് മാവോ സേ തുങ് എന്ന വിമോചന നായകൻ ആദ്യം അവതരിക്കുന്നത്. പട്ടിണിപ്പാവങ്ങളായ ഗ്രാമീണർ വസിക്കുന്ന ഗ്രാമങ്ങളാണ് തന്റെ വിപ്ലവ ആശയങ്ങൾക്ക് വളക്കൂറുള്ള മണ്ണെന്ന് മാവോ മനസിലാക്കി. ഗ്രാമങ്ങളിൽ പ്രവർത്തനമാരംഭിച്ച തന്റെ ജനപിന്തുണ മുന്നോട്ടുള്ള മഹാ കുതിപ്പ് പദ്ധതിയിലൂടെ നഷ്ടപ്പെട്ടെന്ന്   മനസ്സിലാക്കിയ മാവോ തന്റെ അധികാരം ഒന്നുകൂടി ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് 1966 ൽ ആരംഭിച്ച സാംസ്കാരിക  വിപ്ലവം. 

രാജ്യത്തിന്റെ സാംസ്കാരിക പോരായ്മകളെ ഉന്മൂലനം ചെയ്തുകൊണ്ട് മുതലാളിത്ത സാമ്രാജ്യത്വ വിരുദ്ധസംസ്ക്കാരം രാജ്യത്ത് രൂപപ്പെടുത്തിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മാവോ പ്രഖ്യാപിച്ചു എങ്കിലും ഫലത്തിൽ നേർ വിപരീതമായാണ് പര്യവസാനിച്ചത്.ഭരണകൂടത്തെ അനുസരിക്കാത്തവരുടെ അവസ്ഥ അതിദയനീയമായിരുന്നു. അധ്യാപകരോടും വിദ്യാർഥികളോടുംപോലും സ്കൂളുകൾ പൂട്ടി ഗ്രാമങ്ങളിൽ പോയി തൊഴിലെടുക്കുവാൻ ഭരണകൂടം ആവശ്യപ്പെട്ടു. ഇതിന് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഉൽപ്പാദനം കൂട്ടുക; അറിവിൽ നിന്നും, സ്വതന്ത്ര ചിന്തകളിൽനിന്നും തുടക്കത്തിലെ കുട്ടികളെ അകറ്റിനിർത്തുക. 

മാവോയ്ക്കാവശ്യം തന്റെ ചിന്തകൾക്ക് ഊർജംപകരുന്ന അടിമകളായ കുട്ടികളെയും യുവാക്കളെയും ആയിരുന്നു. ബൗദ്ധിക നിലവാരവും സ്വതന്ത്ര വീക്ഷണവുമുള്ള ജനതയെ മറ്റേതൊരു ഏകാധിപതിയെയും പോലെ മാവോയും ഭയന്നിരുന്നു.ഭരണകൂടത്തെ അനുസരിക്കാത്തവരുടെ അവസ്ഥ അതിദയനീയമായിരുന്നു.സാംസ്കാരിക ശുദ്ധീകരണ കാലത്ത് ആശയപരമായി തന്നോട് വിയോജിപ്പുള്ള അധ്യാപകർ, വിദ്യാർഥികൾ, ബുദ്ധിജീവികൾ തുടങ്ങി രാജ്യത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തിക്കുന്ന ജനലക്ഷങ്ങളെ യാതൊരു വിചാരണയുമില്ലാതെ മാവോ കൊന്നൊടുക്കി.

തന്നെ ആശയപരമായും രാഷ്ട്രീയപരമായും വിമർശിക്കുന്നവരെ ഉന്മൂലനം ചെയ്യുക എന്ന നയം സാംസ്ക്കാരിക വിപ്ലവത്തിന്റെ കാലഘട്ടത്തിലും മാവോ അവസരോചിതമായി നടപ്പിൽവരുത്തി. വിപ്ലവകാലത്തെ ഈ കൂട്ടക്കൊലകൾ നടപ്പിലാക്കുവാൻ റെഡ് ഗാർഡും സൈന്യവും മുന്നിട്ടിറങ്ങിയപ്പോൾ എതിർ ശബ്ദങ്ങൾ നിശ്ചലമായി. വധിക്കപ്പെട്ടവർ അവസരവാദികളും സാമ്രാജിത്വവാദികളുമായി. അവരിൽ ഉൾപാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്കകത്തുനിന്നുകൊണ്ട് മാവോയുടെ നിഷ്ടൂരമായ ഉന്മൂലന നയങ്ങളെ ചോദ്യം ചെയ്ത പാർട്ടിനേതാക്കളും അണികളും വരെ ഉണ്ടായിരുന്നു.

ജനത്തിനു മതവിശ്വാസവും മാവോ അനുവദിച്ചു നൽകിയില്ല. ന്യൂനപക്ഷ ഭൂരിപക്ഷ മതവിശ്വാസങ്ങൾക്ക് കർക്കശ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. മതങ്ങളും പൗരാണിക സംസ്കാരങ്ങളും തന്റെ ആശയ സംഹിതകൾക്ക് എതിരാണെന്ന് പറഞ്ഞുകൊണ്ട് അവയെയും എതിർക്കാൻ അണികളെ ആഹ്വാനം ചെയ്തു. മതപരവും സാംസ്കാരികപരവുമായ എല്ലാ പാരമ്പര്യങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു മാവോയുടെ വിശ്വാസം. അവയെല്ലാം സാമ്രാജിത്വ  മുതലാളിത്ത ചിന്തകൾക്ക് ശക്തിപകരുമെന്നായിരുന്നു മാവോയുടെ ഉറച്ച നിലപാട്.

മാവോയുടെ കാലഘട്ടത്തിൽ ചൈന വികസന പാതയിൽ സാങ്കേതികമായി മുന്നേറിയെങ്കിലും അവയെല്ലാം ഒരു ഏകാധിപതി തന്റെ ജനത്തെ പട്ടിണിക്കിട്ടും അടിമപ്പണി ചെയ്യിപ്പിച്ചും ഉന്മൂലനം ചെയ്തുംനേടിയെടുത്തതാണെന്ന് പല ചരിത്രകാരന്മാരും ചൂണ്ടിക്കാട്ടുന്നു. മാവോയിസം എന്ന് സ്തുതിപാഠകർ വാഴ്ത്തുന്ന നടപടികളിലൂടെ മാവോ നടപ്പിൽ വരുത്തിയത് തികഞ്ഞ ഏകാധിപത്യ ഭരണാധികാരികളുടെ കാഴ്ചപ്പാടുകളായിരുന്നു എന്ന വിലയിരുത്തുകളാണ് മുന്നിട്ട് നിൽക്കുന്നത്.

തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്ന പേരിൽ മാവോ എന്ന വിപ്ലവകാരി പട്ടിണിപ്പാവങ്ങളെ നരകത്തിലേക്ക് തള്ളിവിട്ടുകൊണ്ട് സ്റ്റാലിനെപ്പോലെ തന്റേതായ ഒരു സമഗ്രാധിപത്യ സിംഹാസനമാണ് തന്റെ ഭരണകാലയളവിൽ ചൈനയിൽ ഉറപ്പിച്ചുനിർത്തിയത്. ആ സിംഹാസനത്തിന്റെ നിലനിൽപ്പിനായി കൊലയ്ക്ക് കൊടുത്തത് നാൽപതു ദശലക്ഷം മുതൽ എഴുപതു ദശലക്ഷം വരെയുള്ള സ്വന്തം ജനങ്ങളെയും.

GERMANY-CHINA-POLITICS-DIPLOMACY-G20

വികസനത്തിന്റെ പൊള്ള കണക്കുകൾ; പുതിയ സാമ്രാജ്യം

1976ൽ സാംസ്ക്കാരിക വിപ്ലവം അവസാനിപ്പിച്ചതായി മാവോ പ്രഖ്യാപിച്ചു. ഈ വിപ്ലവം മാവോയുടെ അധികാരം ഊട്ടിയുറപ്പിക്കാൻ ഏറെ സഹായിച്ചുവെങ്കിലും  രാജ്യത്തിന് എന്ത് സംഭാവന നൽകി എന്ന ചോദ്യത്തിന് വിരുദ്ധ ഉത്തരങ്ങളാണ് നിലനിൽക്കുന്നത്. ചൈനയിൽ വ്യവസായ കുതിച്ചുകയറ്റം ഉണ്ടായി എന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. വ്യവസായ മേഖലയിൽ മാത്രമല്ല പ്രതിരോധരംഗത്തും ചൈന വൻ കുതിച്ചുകയറ്റമാണ് നടത്തിയതെന്നാണ് മാവോയെ അനുകൂലിക്കുന്ന മോവോ ഗാവോ, ലീ ഫിജിയോൺ തുടങ്ങിയ ചരിത്രകാരന്മാരുടെ വാദം.

ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണവും ആണവ അന്തർവാഹിനികളുടെ നിർമ്മാണവും ഫാക്ടറികളിൽ ഉൽപ്പാദനം വർദ്ധിച്ചതുമെല്ലാം മാവോയുടെ ഭരണകാലത്തുണ്ടായ നേട്ടങ്ങളാണെന്നാണ് ഇവരുടെ വാദം. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള അസംതൃപ്തരായ ജനതയെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചും ചോദ്യം ചെയ്യുന്നവരെ കൊന്നൊടുക്കി കൊണ്ടുമുള്ള വിജയം മാവോ എന്ന ഏകാധിപതിയുടെ മാത്രം ജയമാണെന്നും അത് ഒരു രാജ്യത്തിൻറെ ആത്മസമർപ്പണത്തിൽനിന്നും ഉടലെടുത്ത വിജയമായി കാണുവാൻ കഴിയില്ലെന്നുമാണ് മാവോയേയും മാവോയിസം എന്ന പ്രത്യയ ശാസ്ത്രത്തെയും എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.

പാർക്കിൻസൺ, കരൾ രോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് അടിമയായിരുന്ന മാവോ 1976ൽ അന്തരിച്ചതോടെ മാവോ യുഗം ചൈനയിൽ അവസാനിച്ചു.തികഞ്ഞ ഏകാധിപതിയായ മാവോ തന്റെ ഭരണകാലത്ത് ചൈനയ്ക്ക് നൽകിയത് വികസനത്തിന്റെ കണക്കുകൾ മാത്രമായിരുന്നു. എന്നാൽ പൊള്ളയായ കണക്കുകൾക്കപ്പുറം ചൈനീസ് ജനതയ്ക്ക് മാവോയുഗം ദുരിതങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂ എന്ന് മാവോ കാലഘട്ടത്തിലെ കൂട്ടക്കൊലകളെക്കുറിച്ച് പഠിക്കുന്ന ആർക്കും മനസിലാകും. സ്വന്തം ജനതയെ തന്റെ ആശയങ്ങളുടെ വിജയത്തിനായി കൊലചെയ്യുകയും ആ കൊലകളെ ന്യായീകരിക്കുകയും ചെയ്തിരുന്ന ഭരണാധികാരിയായിരുന്നു മാവോ.

മരണമാണ് ജീവിതത്തേക്കാൾ നല്ലത്, മരണത്തെ മാറ്റിനിർത്തിക്കൊണ്ട് പരിവർത്തനം സാധ്യമല്ല, മരണത്തിന് ചില നല്ല ഗുണങ്ങളുണ്ട്, ഒന്ന് മരിക്കുമ്പോൾ അത് മറ്റൊന്നിന് വളമായിത്തീരും, വൃദ്ധജനങ്ങളെ പരിപാലിക്കുന്നതിനേക്കാൾ നല്ലത് അവർ മരിക്കുന്നതാണ് തുടങ്ങിയ വിവാദ ചിന്തകളുടെ വികലമായ മനസ്സിനുടമയായാണ് മാവോയെ പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നത്. മാവോയുടെ പ്രവർത്തനങ്ങളെ അക്കാലത്ത് ന്യായീകരിച്ചിരുന്നവർ ഒരു പ്രത്യയശാസ്ത്രത്തിന്റെ ബലത്തിലാണ്  വാദങ്ങളെ നിലനിർത്തിയിരുന്നത്. എന്നാൽ അതേ പ്രത്യയശാസ്ത്രത്തെ  തന്റെ ഇംഗിതങ്ങൾക്കനുസരിച്ച് മിനുക്കിയെടുത്തു തന്റേതായ ഒരു ഏകാധിപത്യ സാമ്രാജ്യം മാവോ സൃഷ്ടിച്ചെടുക്കുകയായിരുന്നു.

സാമ്രാജ്യസൃഷ്ടിക്ക് മാവോയ്ക്ക് പ്രേരണയായത് താൻ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രത്തെ മറയാക്കിക്കൊണ്ട് റഷ്യ അടക്കി ഭരിച്ച സ്റ്റാലിൻ ആയിരുന്നു. പഞ്ചവത്സരപദ്ധതികളും കുടിയൊഴിപ്പിക്കലുകളും കൂട്ടക്കൊലപാതകങ്ങളും കൊണ്ട് കലുഷിതമായ ഒരു ഏകാധിപത്യ ഭരണസാമ്രാജ്യമായിരുന്നു മാവോയ്ക്ക് മുൻപേ സ്റ്റാലിൻ റഷ്യയിൽ നടപ്പിൽ വരുത്തിയത്. കിരാതമായ ആ ഭരണകാലം തന്നെയാണ് മാവോയ്ക്കും പ്രചോദനമായത്. പ്രത്യയശാസ്ത്രവും പ്രവൃത്തിയും തമ്മിലുള്ള അന്തരം എത്രമാത്രം ഭീകരമാണ് എന്നതിന്റെ ഉദാഹരണങ്ങളാണ് സ്റ്റാലിനും മാവോയും.

china-projects

ഇംഗ്ലിഷ് ഭാഷയിൽ പരിജ്ഞാനമില്ലാത്ത മാവോയുടെ ദ്വിഭാഷിയായിരുന്നു സിഡ്നി റിട്ടൺ ബർഗ്ഗ്. മാവോയുമായി അടുത്തിടപഴകുവാൻ ഭാഗ്യം ലഭിച്ചിട്ടുള്ള അപൂർവ്വം വ്യക്തികളിലൊരാളാണ് റിട്ടൺ ബർഗ്ഗ്. മാവോയെ ഒരു പരിധിവരെ അടുത്തറിഞ്ഞവരിൽ ഒരാൾ. അദ്ദേഹം മാവോയെപ്പറ്റി എഴുതിയ പുസ്തകമാണ് ‘The Man Who Stayed Behind that whilst Mao’. മാവോ എന്ന വ്യക്തിയെപ്പറ്റി അദ്ദേഹം തന്റെ പുസ്തകത്തിൽ  ഇപ്രകാരം വിലയിരുത്തുന്നു. മാവോ ഒരു മണ്ടനായ നേതാവല്ല. മഹാനായ കുറ്റവാളിയാണ്. ക്രൂരതയുടെ പര്യായമായ മാവോ ഭീതിനിറഞ്ഞ ഭരണമാണ് കാഴ്ചവച്ചത്. 

സ്വന്തം ജനതയെ കൊല്ലുന്നതിൽ മാവോയ്ക്ക് ഒരിക്കലും കുറ്റബോധം ഉണ്ടായിരുന്നില്ല. ചെയ്യുന്നതെല്ലാം ശരിയാണെന്നുള്ള വിശ്വാസമായിരുന്നു മാവോയ്ക്ക്. തന്റെ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കൂട്ടമരണങ്ങൾ അനിവാര്യമാണെന്ന് മാവോ വിശ്വസിച്ചിരുന്നു. മനുഷ്യജീവന് യാതൊരു വിലയും കൽപ്പിക്കാത്ത ഭരണാധികാരിയായിരുന്നു മാവോ. പുസ്തകത്തിലെ വിലയിരുത്തലുകളും മാവോ കാലഘട്ടത്തിലെ സംഭവവികാസങ്ങളും കൂട്ടിവായിക്കുമ്പോൾ വിശപ്പ് അനുഭവപ്പെടുന്നവനെ കൊന്നുകൊണ്ടു വിശപ്പിനെ അകറ്റിനിർത്തി എന്ന് വീമ്പിളക്കുന്ന ഭരണാധികാരിയായിരുന്നു മാവോ എന്ന് പറയേണ്ടതായി വരും. മാവോയുടെ ആശയങ്ങൾ കൊണ്ടു രൂപീകൃതമായ സാമ്രാജത്വരൂപത്തിന് മുതലാളിത്ത സാമ്പത്തികത്തിന്റെ കോട്ടണിയിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തിയ ഡെങ് സിയാവോ പിങ്. അതേക്കുറിച്ച് തുടരും...

(പരമ്പരയിൽ ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര –1: വിരട്ടി വരുതിയിൽ, അല്ലെങ്കിൽ നാശം; കോവിഡിലും തീതുപ്പി ചൈനീസ് വ്യാളി

English summary: China Political Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com