ADVERTISEMENT

ന്യൂഡല്‍ഹി∙ അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ൽ ആദ്യമായി പ്രധാനമന്ത്രിയായതു മുതൽ പ്രണബ് മുഖർജിയുടെ പിന്തുണയും മാർഗനിർദേശവും ലഭിക്കുന്നതിനുള്ള അനുഗ്രഹം ഉണ്ടായിരുന്നതായി മോദി ട്വിറ്ററിൽ കുറിച്ചു. മികച്ച പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെ ആഴത്തിൽ മുറിവേൽപ്പിക്കുമെന്നും മോദി പറഞ്ഞു.

‘2014ൽ ഞാൻ ഡൽഹിയിൽ പുതിയ ആളായിരുന്നു. ആദ്യദിവസം മുതൽ പ്രണബ് മുഖർജിയുടെ മാർഗനിർദേശവും പിന്തുണയും അനുഗ്രഹവും ലഭിക്കാനുള്ള അനുഗ്രഹമുണ്ടായി. അദ്ദേഹവുമായുള്ള ഇടപെടലുകൾ ഞാൻ എല്ലായ്പ്പോഴും വിലമതിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധിക്കുന്ന എല്ലവരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.’ – മോദി കുറിച്ചു. പ്രണബ് മുഖർജിക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും മോദി പങ്കുവച്ചു.

പ്രണബ് മുഖർജിയുടെ വിടവാങ്ങൾ ഒരു യുഗത്തിന്റെ അവസാനമാണെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് അനുസ്മരിച്ചു. പ്രണബ് മുഖർജിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അദ്ദേഹം അനുശോചനം അറിയിച്ചു.

അങ്ങേയറ്റം കൂറോടെ രാഷ്ട്രത്തെ സേവിച്ച പരിചയസമ്പന്നനായ നേതാവായിരുന്നു പ്രണബ് മുഖർജിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുസ്മരിച്ചു.പ്രണബ് മുഖർജിയുടെ വിയോഗ വാർത്ത അതീവ ദുഃഖത്തോടെയാണ് രാജ്യം സ്വീകരിക്കുന്നതെന്നും രാജ്യത്തിനൊപ്പം അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

മറ്റുനേതാക്കളുടെ അനുശോചനം

മുഖ്യമന്ത്രി പിണറായി വിജയൻ: ഇന്ത്യയുടെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണബ് കുമാർ മുഖർജി. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങൾ സമൂഹത്തിൽ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴൊക്കെ തൻ്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ: കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി, സൗഹാർദത്തിന്റെ പ്രതീകമായി രാഷ്ട്രപതിഭവനെ 5 വർഷം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചു. സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ഇന്ത്യയുടെ പരമോന്നത സ്ഥാനം വരെ അലങ്കരിക്കാനായി എന്നതും ഏറെ ശ്രദ്ധേയമാണ്. ഇന്ദിരാഗാന്ധിയുടേയും, നരസിംഹറാവുവിന്റേയും കേന്ദ്ര മന്ത്രിസഭയിലും അംഗമായിരുന്ന അദ്ദേഹം ഒരു ജനകീയ നേതാവ്, ഭരണ കർത്താവ്, രാഷട്രതന്ത്രജ്ഞൻ എന്നീ നിലകളിലും പ്രാവീണ്യം തെളിയിച്ചിരുന്നു.രാഷട്രീയത്തിന്റെ എന്നല്ല ഏതു കാര്യത്തേക്കുറിച്ചും നല്ല അറിവുള്ള വ്യക്തി കൂടിയായിരുന്ന പ്രണബ്ദായുടെ മരണം നമ്മുടെ രാജ്യത്തിന് ഒരു വലിയ നഷ്ടം തന്നെയാണ്.

ഉമ്മന്‍ ചാണ്ടി: കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് നഷ്ടപ്പെട്ടത്. സമാനതകളില്ലാത്ത, പകരക്കാരനില്ലാത്ത നേതാവാണ് പ്രണബ് മുഖർജി. അഞ്ച് പതിറ്റാണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും സംരക്ഷണം തീര്‍ത്ത പ്രണാബ് മുഖര്‍ജിയുടെ വിടവാങ്ങല്‍ വലിയ ശൂന്യത സൃഷ്ടിച്ചുകൊണ്ടാണ്.
പ്രണാബ് ദാദാ എന്നാണ് പരിചയക്കാര്‍ വിളിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെയും ഭരണചക്രത്തെയും ഒരു ദാദായെപ്പോലെ അദ്ദേഹം നയിച്ച കാലം ഉണ്ടായിരുന്നു. ഇന്ത്യയുടെ സുപ്രധാന വകുപ്പുകളെല്ലാം അദ്ദേഹം നയിച്ചിട്ടുണ്ട്. അസാമാന്യ പാണ്ഡിത്യവും ഓര്‍മശക്തിയുമെല്ലാം ചേരുംപടി ചേര്‍ന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം.

കെ.സുരേന്ദ്രൻ: അപൂർവ്വം വ്യക്തികൾക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാർ മുഖർജി. ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച ദേശീയവാദിയായിരുന്നു. എന്നും സ്വന്തം നിലപാട് വ്യക്തമായി പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു മുഖർജി. പ്രധാനമന്ത്രി ആവേണ്ടതായിരുന്നിട്ടും സ്ഥാനം ലഭിക്കാത്തതു കൊണ്ട് സ്വന്തം വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രപതി എന്ന നിലയിൽ കേന്ദ്രസർക്കാരുമായി നല്ലരീതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com