ADVERTISEMENT

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെയർമാനായി മാവോ വാഴുമ്പോഴാണ് സുഹൃത് രാജ്യമായ ഇന്ത്യയെ ചൈന ഏകപക്ഷീയമായി ആക്രമിച്ചത്. ടിബറ്റ് എന്ന പരമാധികാര രാജ്യത്തെ കീഴടക്കിയ ചൈന അടുത്ത ശത്രുവായിക്കണ്ടത് സുഹൃത് രാജ്യമായ ഇന്ത്യയെ. ദലൈലാമയ്ക്കും അനുയായികൾക്കും ഇന്ത്യ നൽകിയ അഭയത്തിൽ മാവോ അസംതൃപ്തനായിരുന്നു. തുടർന്ന് ഇന്ത്യയുമായി അതിർത്തി തർക്കം രൂക്ഷമാക്കിയ ചൈന ഏകപക്ഷീയമായി ഇന്ത്യയെ ആക്രമിക്കുകയായിരുന്നു.

പിന്നിൽ നിന്ന് ഇന്ത്യയെ കുത്തിയ ചൈന

തികഞ്ഞ സാമ്രാജിത്വമോഹം ഉള്ളിലൊളിപ്പിച്ച ഭരണാധികാരിയായിരുന്നു മാവോ. അയൽ രാജ്യങ്ങളുമായി നിരന്തരം അതിർത്തി തർക്കങ്ങൾ സൃഷ്ടിക്കുക എന്നതിലൂടെ ദേശീയവികാരം തനിക്ക് അനുകൂലമാക്കുവാനും തന്റെ ജനവിരുദ്ധഭരണത്തിലുടലെടുത്ത അതൃപ്തിയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുവാനും മാവോ എക്കാലവും ശ്രമിച്ചു.

ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വമുൾപ്പെടെയുള്ള വിഷയങ്ങളിൽ ചൈനയ്ക്കു നിർലോഭമായ പിന്തുണ നൽകിയ രാജ്യമായിരുന്നു ഇന്ത്യ. ചേരിചേരാ നയത്തിൽ പൂർണ്ണമായും വിശ്വസിച്ച ഇന്ത്യയ്ക്കു ‘ഇന്ത്യ, ചൈന, ഭായി, ഭായി’ മുദ്രാവാക്യം ഉയർത്തിപ്പിടിക്കാനും മടിയുമുണ്ടായിരുന്നില്ല. എന്നാൽ ആരും കാണാതെ പോയ ഒരു വലിയ അന്തരം ഇരുരാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിരുന്നു. സമഗ്രാധിപത്യത്തിൽ അധിഷ്ഠിതമായിരുന്നു ചൈന. ഇന്ത്യ ശക്തമായ ജനാധിപത്യരാജ്യവും. ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിലും ചേരിചേരാ രാഷ്ട്രങ്ങളുടെ അമരക്കാരിൽ ഒരാൾ എന്ന നിലയിലും നെഹ്റുവിനു ലോകരാജ്യങ്ങൾക്കിടയിൽ വലിയ അംഗീകാരം ഉണ്ടായിരുന്നു. നെഹ്റുവിന്റെ ഈ വ്യക്തിപ്രഭാവം മാവോയെ അസ്വസ്ഥനാക്കിയിരുന്നു എന്നും പറയപ്പെടുന്നു.

ചൈനയെ ശത്രുവായി കാണാനാഗ്രഹിക്കാത്ത ഇന്ത്യ അതിർത്തിയിൽ വേണ്ടത്ര സൈനികരെ വിന്വസിച്ചിരുന്നില്ല. ചൈനയിൽനിന്നും അക്രമണമുണ്ടായാൽ നേരിടുവാൻ വേണ്ടത്ര വെടിക്കോപ്പുകളും ഇന്ത്യ സംഭരിച്ചിരുന്നില്ല. ചൈന എന്ന രാജ്യത്തിൻറെ ഭരണകൂടത്തോട് അത്രയധികം സ്നേഹവും സാഹോദര്യവും വിശ്വസ്തതയും പുലർത്തിയിരുന്ന ഇന്ത്യയെയാണ് 1962 ഒക്ടോബർ 20ന് ചൈന കടന്നാക്രമിച്ചത്. നവംബർ 21ന് ചൈന സ്വയം വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ അധിനിവേശ സാമ്രാജ്യത്വ ലക്ഷ്യത്തോടുകൂടിയുള്ള ഈ ആക്രമണം തുടർന്നു.

mao

ചൈന എന്ന രാജ്യത്തു നിലനിൽക്കുന്ന ഭരണവ്യവസ്ഥിതിയെയും ആ രാജ്യത്തിന്റെ സാമ്രാജ്യത്വ മോഹത്തെയും ലോകം സംശയത്തോടെ വീക്ഷിക്കുവാൻ ഈ യുദ്ധം കാരണമായി. ഒരു ജനാധിപത്യ രാജ്യത്തിന്റെ പരമാധികാരത്തിലേയ്ക്ക് സാമ്രാജ്യത്വ മോഹവുമായി മാവോയുടെ സൈന്യം കടന്നുകയറുകയായിരുന്നു എന്ന വിലയിരുത്തൽ തന്നെയാണ് ഭൂരിപക്ഷം ലോകരാജ്യങ്ങളും പിന്നീടു നടത്തിയത്.

മാവോയുടെ മൗനാനുവാദത്തോടെ നടത്തിയ ഈ യുദ്ധം പിൽക്കാലത്ത് പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ കുതിച്ചുകയറ്റത്തിന് കാരണമായെന്നതും ചരിത്രം. ഏറെ നാളുകൾക്ക് ശേഷം 1967ൽ വീണ്ടും ചൈന ഇന്ത്യയിലേയ്ക്ക് കടന്നുകയറാൻ ശ്രമിച്ചുവെങ്കിലും അവർക്കു തെറ്റി. 1962 ലെ പാഠം ഉൾക്കൊണ്ട് ഇന്ത്യ നടത്തിയ ശക്തമായ ചെറുത്തുനിൽപ്പിനെ തുടർന്ന് ചൈന പിൻവാങ്ങുകയാണുണ്ടായത്. ഇന്ത്യൻ അതിർത്തി ഭൂപ്രദേശങ്ങൾ പൂർണ്ണമായും അധിനിവേശത്തിലൂടെ കൈക്കലാക്കുക എന്ന അജൻഡ സാമ്രാജ്യത്വ മോഹിയായ മാവോയുടെ സ്വപ്നമായിരുന്നു. എന്നാൽ ആ സ്വപ്നം ആഗ്രഹിച്ച രീതിയിൽ നടപ്പിലാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

14 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ചൈന മാവോയുടെ കാലം മുതൽക്കേ ഇവയിൽ ഭൂരിപക്ഷം രാജ്യങ്ങളുമായി അതിർത്തി തർക്കങ്ങളിലാണ്. സാമ്രാജ്യത്വ അജൻഡ യ്ക്ക് എതിരുനിൽക്കുന്നവരെ ചതിയിലൂടെ തകർക്കുക എന്നതാണ് മാവോ എന്ന ഏകാധിപതിയുടെ കാലം മുതൽചൈനയുടെ അപ്രഖ്യാപിത നയം.  അത് ഇന്നും തുടരുന്നു.

മാവോ യുഗത്തിനു ശേഷം

മാവോയുടെ യുഗത്തിനുശേഷം ചൈനയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. സമഗ്രാധിപത്യത്തിന്റെ രുചിയറിഞ്ഞ പാർട്ടിനേതാക്കൾ മാവോയുടെ ഭീകരമുഖത്തെ ജനമനസ്സുകളിൽനിന്നും മാറ്റുക എന്ന ഒരു ശ്രമത്തിന് മാത്രമേ മുൻതൂക്കം നൽകിയുള്ളൂ. സർവാധിപത്യവും പൗരാവകാശ ലംഘനങ്ങളും പാർട്ടി ചൈനയിൽ വീണ്ടും തുടർന്നു.

മാവോ അനുകൂലികളായ ‘ഗ്യാങ് ഓഫ് ഫോർ’ എന്ന വിഭാഗം മാവോയുടെ നയങ്ങൾ പിന്തുടരുക എന്ന തീരുമാനമാണ് കൈക്കൊണ്ടത്. എന്നാൽ മാവോ നയങ്ങളോട് വിയോജിപ്പുള്ളവരായിരുന്നു ചൈനീസ് നേതൃത്വ നിരയിൽ ഭൂരിപക്ഷവും. മാവോ വിരുദ്ധരുടെ നേതാവ് ഹുവാ ഗുവോ ഫെങ് ആയിരുന്നു. ഇരുവിഭാഗങ്ങൾക്കുമിടയിൽ നടന്ന ചരടുവലികൾക്കൊടുവിൽ സോവിയറ്റ് പിന്തുണയുള്ള ഹുവാ ഗുവോ വിജയിച്ചുവെങ്കിലും രക്തരഹിതമായ ഒരു രാഷ്ട്രീയ നീക്കത്തിലൂടെ പരിഷ്ക്കരണ ചിന്താഗതിക്കാരനായ ഡെങ് സിയാവോ പിങ്ങും അനുയായികളും അധികാരം പിടിച്ചെടുക്കുകയായിരുന്നു.

അരപ്പട്ടിണിക്കാരായ ചൈനക്കാരെ മാവോ മുഴുപ്പട്ടിണിക്കാരാക്കി എന്ന തിരിച്ചറിവോടെ ഡെങ് സിയാവോ പിങ് സാമ്പത്തിക പുരോഗതിയ്ക്കായി തന്റെ പരിഷ്ക്കരണ പദ്ധതികൾ ആരംഭിച്ചപ്പോൾ ചൈനയിൽ പുതിയൊരു യുഗത്തിന് ആരംഭം കുറിച്ചു. ചൈനയുടെ രാഷ്ട്രീയ വ്യവസ്ഥിതിയ്ക്ക് ഒരു മാറ്റവും വരുത്താതെ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതി നടപ്പിലാക്കുക എന്ന നയമാണ് ഡെങ് നടപ്പിലാക്കിയത്. കമ്മ്യൂണിസ്റ്റ് സമ്പദ് വ്യവസ്ഥ ഉപേക്ഷിച്ചുകൊണ്ട് മുതലാളിത്ത സമ്പദ് വ്യവസ്ഥ സ്വീകരിച്ചതോടുകൂടി ചൈന  സാമ്പത്തികമായി വൻ കുതിച്ചുകയറ്റമാണ് നടത്തിയത്. എന്നാൽ ഏറ്റവും നിരാശാജനകമായ കാര്യം ഈ സാമ്പത്തിക വളർച്ചയിലും ചൈന പൗരാവകാശങ്ങൾക്ക് യാതൊരു വിലയും കല്പിച്ചിരുന്നില്ല എന്നതാണ്.

CHINA-POLITICS
ഡെങ് സിയാവോ പിങ്. ചിത്രം∙ എഎഫ്‌പി

വ്യക്തിസ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കുമായി വാദിക്കുന്നവർ ഡെങ്ങിന്റെ കാലത്തും ജയിലിലടയ്ക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. ‘പൂച്ച കറുത്തതോ വെളുത്തതോ ആകട്ടെ എലിയെ പിടിച്ചാൽ മതി’ എന്ന ചിന്താഗതിയോടെ സാമ്പത്തിക ഉദാരവൽക്കരണം നടപ്പിലാക്കിയ ഡെങ്ങിനും ചൈനീസ് ജനതയെ ഉരുക്കുമറയ്ക്കകത്ത് ഒതുക്കിനിർത്തി അടിച്ചമർത്തി ഭരിക്കുവാനായിരുന്നു താൽപ്പര്യം.

ജനാധിപത്യ മുറവിളികൾ; അടിച്ചമർത്തലിന്റെ ചത്വരം

ഡെങ്ങിന്റെ പരിഷ്ക്കരണങ്ങൾക്കു പിന്നാലെയുണ്ടായ  സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങളെ സ്വാതന്ത്ര്യമില്ലാതെ ലഭിക്കുന്ന ഭക്ഷണമായാണ് ജനം കണ്ടത്. ഭക്ഷണത്തേക്കാൾ ജനം ആഗ്രഹിച്ചത് പൗരസ്വാതന്ത്ര്യങ്ങളും ജനാധിപത്യ ഭരണ സംവിധാനങ്ങളുമായിരുന്നു. ദീർഘനാൾ അടിച്ചമർത്തി ഭരിച്ച മാവോയുടെ കാലശേഷം അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുമെന്ന് ജനം പ്രതീക്ഷിച്ചു. ‘അടിച്ചമർത്തലുകളിൽനിന്നും മോചനം’ അതൊന്നുമാത്രമായിരുന്നു ചൈനീസ് ജനതയുടെ പ്രഥമ ആവശ്യവും ആഗ്രഹവും. നിർഭാഗ്യമെന്നു പറയട്ടെ, ഡെങ്ങിന്റെ കാലത്തും അടിച്ചമർത്തലുകൾക്ക് ഒരു കുറവും വന്നില്ല.

ഈ സാഹചര്യത്തിനിടെയാണ് സോവിയറ്റ് യൂണിയനിൽ മിഖൈയിൽ ഗോർബച്ചോവ് എന്ന നേതാവ് ഉദയം ചെയ്യുന്നതും രാഷ്ട്രീയ രംഗത്തും, സാമ്പത്തിക രംഗത്തും ജനഹിതം മനസ്സിലാക്കിയുള്ള പരിഷ്ക്കാരങ്ങൾ സോവിയറ്റ് റഷ്യയിൽ ആരംഭിക്കുന്നതും. ദീർഘനാൾ നിലനിർത്തിയ ഉരുക്കുമറ ഭേദിച്ച് ഗോർബച്ചോവ്, ജനത്തിനു പൗരാവകാശ സ്വാതന്ത്ര്യങ്ങൾ പൂർണതോതിൽ അനുവദിച്ചുനൽകുകയും ജനാധിപത്യ സംവിധാനത്തിലേക്കുള്ള ചുവടുവയ്പ്പ് ആരംഭിക്കുകയും ചെയ്തു.

സോവിയറ്റ് യൂണിയനിൽ നടക്കുന്ന പരിവർത്തനങ്ങൾ ചൈനീസ് ജനതയെ പൗരാവകാശങ്ങൾക്കായി സംഘടിപ്പിക്കുവാൻ പ്രേരിപ്പിച്ചതോടെ ചൈനയിലും ജനാധിപത്യത്തിനായുള്ള മുറവിളി ഉയർന്നു. 1989 ഏപ്രിൽ മധ്യത്തിനും ജൂൺ ആദ്യവാരത്തിനുമിടയ്ക്കായി ജനാധിപത്യത്തിനുവേണ്ടിയുള്ള വലുതും, ചെറുതുമായ നിരവധി പ്രക്ഷോഭങ്ങൾ ചൈനയിൽ നടന്നു. ഈ പ്രക്ഷോഭങ്ങൾ ഉരുക്കുമറയ്ക്കുള്ളിൽ ചൈനീസ് ഭരണകൂടം അടിച്ചമർത്തിക്കൊണ്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിനിടെയാണ് മിഖെയിൽ ഗോർബച്ചോവ് ചൈന സന്ദർശിക്കുവാനെത്തുന്നത്. 

ഗോർബച്ചോവിന്റെ വരവിന് മുന്നോടിയായി പ്രക്ഷോഭം ശക്തമാക്കിയാൽ ദേശീയ – രാജ്യാന്തര പിന്തുണ ലഭിക്കുമെന്നും അവകാശങ്ങൾ അംഗീകരിക്കപ്പെടുമെന്നുമുള്ള പ്രതീക്ഷയിൽ പതിനായിരക്കണക്കിനു ജനമാണ് തെരുവിലിറങ്ങിയത്.

ഏകാധിപത്യ ഭരണത്തിന്റെ നീണ്ട നാളുകൾക്കിടയിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ഗവണ്മെന്റിലും അഴിമതി വ്യാപകമായിക്കഴിഞ്ഞിരുന്നു. പരിധിവിട്ട ഈ അഴിമതിയിൽ ജനം, പ്രത്യേകിച്ച് യുവാക്കളും വിദ്യാർഥികളും തികച്ചും അസംതൃപ്തരായിരുന്നു. ഈയൊരു സാഹചര്യത്തിന്റെ മൂർദ്ധന്യതയിലാണ് വിദ്യാർഥികളും യുവാക്കളും പ്രക്ഷോഭവുമായി തെരുവിലേക്കിറങ്ങിയത്. 

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും ഭരണകൂടത്തിലെയും അഴിമതി അവസാനിപ്പിക്കുക, പത്രസ്വാതന്ത്ര്യം അനുവദിക്കുക, പാർട്ടി അംഗങ്ങളുടെ വരുമാനം വെളിവാക്കുക, വിദ്യാഭ്യാസത്തിനുള്ള ഫണ്ട് വർദ്ധിപ്പിക്കുക, പൗരസ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി ടിയാനൻമെൻ ചത്വരത്തിൽ അരങ്ങേറിയ വിപുലമായ പ്രക്ഷോഭത്തിന്റെ ചുക്കാൻപിടിച്ചതും മുൻനിരയിൽ നിന്നതും വിദ്യാർഥികൾ ആയിരുന്നു.

ആയിരക്കണക്കിനു വിദ്യാർഥികൾ പങ്കെടുത്ത ഈ സമരത്തെ നേരിടാൻ ചൈനീസ് ഭരണകൂടം നിയോഗിച്ചത് മൂന്നുലക്ഷത്തിൽപരം  സൈനികരെയാണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വിദ്യാർഥി പ്രക്ഷോഭങ്ങളോട് സംയമനവും അനുകമ്പയും നിറഞ്ഞ നിലപാടുകൾ കൈക്കൊള്ളുകയാണ് പതിവ്. എന്നാൽ ചൈനയുടെ ഭരണകൂടം അവിടെയും ക്രൂരതയുടെയും ചതിയുടെയും തനിനിറം പുറത്തെടുത്തു.

ആയിരക്കണക്കിന് അമ്മമാർ ടിയാനൻമെൻ ചത്വരത്തിനു സമീപം സമരം വീക്ഷിച്ചു നിൽക്കുമ്പോൾ അവരുടെ മക്കൾക്ക് നേരെ ചൈനീസ് സൈന്യം നിഷ്ക്കരുണം നിറയൊഴിച്ചു. ടാങ്കുകൾ തലങ്ങും വിലങ്ങും കയറ്റി അമ്മമാരുടെ കൺമുന്നിൽ വച്ച്  വിദ്യാർഥികളെ ചതച്ചരച്ചു. സ്വാതന്ത്ര്യദാഹികളായ പതിനായിരക്കണക്കിന് വിദ്യാർഥികൾ ടിയാനൻമെൻ ചത്വരത്തിൽ മരിച്ചതായാണു കണക്ക്.

നിഷ്ഠുരമായ ഈ കൂട്ടക്കൊലയിലൂടെ ഡെങ് ഭരണകൂടം സ്വന്തം ജനതയ്ക്കും ലോകത്തിനും നൽകിയ സന്ദേശം വ്യക്തമായിരുന്നു. മാവോയുടെ സാമ്പത്തിക നയങ്ങളിൽനിന്നും മാത്രമേ വ്യതിചലിച്ചിട്ടുള്ളൂ, രാഷ്ട്രീയ നയങ്ങളിൽനിന്നും ഒരു വ്യതിചലനവും രാജ്യത്തിനകത്തും പുറത്തുമുള്ള ആരും പ്രതീക്ഷിക്കേണ്ട, എതിർക്കുന്നവരെ കൊന്നൊടുക്കിക്കൊണ്ടുതന്നെ  അധികാരം ഊട്ടിയുറപ്പിക്കും. ഞങ്ങളുടെ സർവാധിപത്യത്തിന് മറുവാക്കില്ല.

ഉരുക്കുമറയിൽ എല്ലാം ഭദ്രം, സ്വാതന്ത്ര്യം തേടിയാൽ രാജ്യദ്രോഹി

ഡെങ് സിയാവോ പിങ്, ജിയാങ് സെമിൻ, ലീ പെങ് എന്നീ സമുന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കളാണ് ടിയാനൻമെൻ ചത്വരത്തിലെ കൂട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നത് പിൽക്കാലത്തു തെളിയിക്കപ്പെട്ട വസ്തുതയാണ്. ഡെങ്ങിന്റേയും പാർട്ടിയുടെയും നയങ്ങൾ ചൈനയിലെ ജനത്തിനു നൽകിയത് ഭീതിയുടെ ദിനങ്ങളായിരുന്നു. ലോകത്തിനു മുന്നിൽ സാമ്പത്തിക ശക്തിയാണെന്നു സ്ഥാപിക്കുമ്പോഴും അതിന്റെ പിന്നിൽ അടിച്ചമർത്തപ്പെട്ട ജനതയുടെ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു.

സമ്പത്തിന്റെ ചെറിയൊരു ശതമാനം പോലും ഗ്രാമീണജനതയുടെ ഉന്നമനത്തിനായി ഭരണകൂടം ചെലവഴിച്ചിരുന്നില്ല. ഉരുക്കുമറയ്ക്കുള്ളിൽ എല്ലാം ഭദ്രമാക്കി വിദേശ നിക്ഷേപകർക്കായി പ്രത്യേകമായ നിക്ഷേപമേഖലകൾ സൃഷ്ടിച്ചുകൊണ്ട്  ഡെങ് നടത്തിയ സാമ്പത്തിക പരിഷ്ക്കാരത്തിന്റെ ഗുണഭോക്താക്കൾ ആരൊക്കെയാണെന്ന കാര്യം മാത്രം രഹസ്യമായിത്തന്നെ അവശേഷിച്ചു.

ഡെങ്ങിനുശേഷം അധികാരമേറ്റ ഭരണാധികാരികളും ആ പാത തന്നെ പിന്തുടർന്നു. പൗരാവകാശങ്ങളെയും എതിർസ്വരങ്ങളെയും അടിച്ചമർത്തി സാമ്പത്തിക പരിഷ്ക്കാരങ്ങൾക്ക് മാത്രം മുൻഗണന നൽകി ഡെങ്ങിന്റെ പിൻഗാമികളും മുന്നോട്ട് പോയി. അഴിമതിയും സ്വജന പക്ഷപാതവും അപ്പോഴും ഒരു മാറ്റവുമില്ലാതെ തുടർന്നുകൊണ്ടിരുന്നു. പാർട്ടിയുടെ നയങ്ങളെ ചോദ്യം ചെയ്യുന്നവരും ഭരണ നടപടികളെ സംശയത്തോടെ വീക്ഷിക്കുന്നവരും സ്വതന്ത്ര ജനാധിപത്യത്തിനായി വാദിക്കുന്നവരും രാജ്യദ്രോഹികളായി.

സാമ്പത്തിക അസമത്വത്തിൽ നിന്നും മത സ്വാതന്ത്ര്യമില്ലായ്മയിൽ നിന്നും ഉടലെടുത്ത കലാപങ്ങളും വിഘടനവാദപ്രവർത്തനങ്ങളും അടിച്ചമർത്തപ്പെട്ടു. ജനത്തെ കലാപങ്ങളിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഉൾക്കൊള്ളുവാനും അവയ്ക്ക് പരിഹാരം കാണുവാനും ഭരണകൂടങ്ങൾ തയ്യാറായില്ല. എതിർക്കുന്നവരെ സൈനിക ശക്തി ഉപയോഗിച്ച് അടിച്ചമർത്തുക എന്നതു തന്നെയാണ് ചൈന എക്കാലവും പിൻതുടന്നുകൊണ്ടിരുന്ന നയം. ചൈനയുടെ പൂർണനിയന്ത്രണത്തിലേക്കു മാറിയ ഹോങ്കോങ്ങിലും സ്ഥിതി വ്യത്യസ്തമല്ല. അതേക്കുറിച്ച് തുടരും.

(പരമ്പരയിൽ ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര –1: വിരട്ടി വരുതിയിൽ, അല്ലെങ്കിൽ നാശം; കോവിഡിലും തീതുപ്പി ചൈന

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര –2 : ‘മഹത്തായ കുതിപ്പി’ന്റെ മാവോയുഗം; കുരുവികളെ നിലം തൊടീക്കാത്ത ജനം

English Summary : China political analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com