ADVERTISEMENT

ബെര്‍ലിൻ‌‌/ മോസ്കോ ∙ റഷ്യയിലെ പ്രതിപക്ഷത്തിന്റെ ഏറ്റവും കരുത്തനായ നേതാവ് അലക്സി നവൽനിയ്ക്ക് (44) നൽകിയ വിഷം നാഡികളെ തളർത്തുന്ന നൊവിചോക്‌ എന്ന മാരക കെമിക്കല്‍ ഏജന്റെന്ന് സ്ഥിരീകരിച്ച് ജർമനി. നവൽനിയെ ഇപ്പോൾ ചികിത്സിക്കുന്ന ബർലിനിലെ ആശുപത്രി അധികൃതരാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ബർലിനിലെ ആശുപത്രിയിൽ ജർമൻ സൈന്യം നടത്തിയ പരിശോധനയിലാണ് നെവിചോക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അലക്സി നവൽനിയ്ക്കു നേരേ നടന്നത് വധശ്രമമാണെന്നും റഷ്യ ഉത്തരം പറയണമെന്നും ജർമൻ ചാൻസലർ അംഗല മെർക്കൽ പ്രതികരിച്ചു.

കോളിനെസ്റ്ററേസ് ഇൻഹിബിറ്റർ വിഭാഗത്തിൽ പെടുന്ന രാസപദാർഥങ്ങളിൽ നിന്നുള്ള കൂടിയ അളവിലുള്ള വിഷം നവൽനിയുടെ ശരീരത്തിൽ കലർന്നതായി ഇതേ ആശുപത്രിയിൽ വച്ചു നടത്തിയ ക്ലിനിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നുവെങ്കിലും ഏത് പദാർത്ഥമാണ് ശരീരത്തിൽ എത്തിയത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നവൽനിയുടെ ജീവൻ നിലനിർത്തിയിരിക്കുന്നതെന്നും ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.

സൈബീരിയയിലെ ടോംസ്ക് നഗരത്തിലെ വിമാനത്താവളത്തിൽ ചായയിൽ വിഷം കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന അനുയായികളുടെ ആരോപണം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ. നവൽനിയ്ക്ക് വിഷ ബാധയേറ്റിട്ടില്ലെന്ന സൈബീരിയൻ ഡോക്ടറുടെ വാദത്തിനു വിരുദ്ധമാണ് ഇത്.

നവൽനിയുടെ വിരലുകളിലും വസ്ത്രത്തിലും രാസവസ്തു ഘടകങ്ങൾ കണ്ടെത്തിയതായി ആദ്യം ചികിത്സിച്ചിരുന്ന സൈബീരിയ ഓംസ്കിലെ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നുവെങ്കിലും വിഷബാധയില്ലെന്ന നിഗമനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു സൈബീരിയ ഓംസ്കിലെ ആശുപത്രി അധികൃതർ. തുടർന്നാണ് ചികിത്സയ്ക്കായി ബർലിനിലെ ആശുപത്രിയിലേക്കു മാറ്റിയത്.

1200-alexei-navalny-putin-critic
അലക്സി നവൽനി

വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന ചോദ്യത്തിനു മുൻപ് ചികിത്സിച്ചിരുന്ന ഡോ. അലക്സാണ്ടർ മുറാഖോവ്സ്കി വ്യക്തമായ മറുപടി നൽകിയിരുന്നില്ല. താഴ്ന്ന രക്തസമ്മർദം മൂലമുള്ള പ്രശ്നങ്ങൾക്കാണു ചികിത്സ നൽകുന്നതെന്നായിരുന്നു മറുപടി. ഇതേ പ്രശ്നങ്ങൾ നവൽനിക്കുള്ളതായി ഇപ്പോൾ ചികിത്സിക്കുന്ന ബർലിനിലെ ആശുപത്രി അധികൃതരും അറിയിച്ചിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ രൂക്ഷവിമർശകനായ നവൽനിയെ വിഷരാസവസ്തു പ്രയോഗം മൂലം വകവരുത്താനുള്ള ശ്രമം ആദ്യമല്ല. 2017ൽ പ്രക്ഷോഭത്തിനിടെ പുടിൻ അനുയായികൾ രാസവസ്തുവെറിഞ്ഞപ്പോൾ മുഖത്തു പൊള്ളലേറ്റു നവൽനിയുടെ വലതു കണ്ണിന്റെ കാഴ്ച താൽക്കാലികമായി നഷ്ടപ്പെട്ടിരുന്നു. 2019 ജൂലൈയിൽ നവൽനിക്ക് ജയിലിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് വിഷ രാസവസ്തുപ്രയോഗം മൂലമാണെന്നു സംശയം ഉയർന്നിരുന്നു. 2018ലെ തിരഞ്ഞെടുപ്പിൽ പുടിനെതിരെ രംഗത്തിറങ്ങിയ നവൽനിക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് വന്നതിനെത്തുടർന്നു പ്രാദേശിക തലത്തിൽ അഴിമതിവിരുദ്ധ സമരങ്ങൾക്കു പിന്തുണ നൽകി വരികയായിരുന്നു.

English Summary: Alexei Navalny: Russia opposition leader poisoned with Novichok - Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com