ADVERTISEMENT

ന്യൂഡൽഹി∙ 2016ലെ നോട്ട് നിരോധനമാണ് ജിഡിപി ഇടിയാൻ കാരണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചുകൊണ്ടുള്ള വിഡിയോ സന്ദേശത്തിലാണ് രാഹുൽ ഇക്കാര്യങ്ങൾ ആരോപിച്ചത്. പാവങ്ങൾക്കും കർഷകർക്കും അസംഘടിത മേഖലയിലും ഉള്ളവർക്കെതിരെയുള്ള ആക്രമണത്തിനെതിരെ രാജ്യം ‘ഐക്യത്തോടെ പോരാടണമെന്ന്’ അദ്ദേഹം ആഹ്വാനം ചെയ്തു.

‘പ്രധാനമന്ത്രി മോദിയുടെ ക്യാഷ്‌ലെസ് ഇന്ത്യ യഥാർഥത്തിൽ കർഷക–തൊഴിലാളി–ചെറുകിട വ്യാപാരി മുക്ത ഇന്ത്യയാണ്. 2016 നവംബർ 8ന് ഇറക്കിയ തന്ത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന പ്രത്യാഘാതം 2020 ഓഗസ്റ്റ് 31നാണ് പുറത്തുവന്നത്’ – അദ്ദേഹം കൂട്ടിച്ചേർത്തു.

‘മോദി സർക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തത് എങ്ങനെ?’ എന്ന വിഡിയോ പരമ്പരയുടെ രണ്ടാം വിഡിയോയിലായിരുന്നു രാഹുലിന്റെ വിമർശനം. അസംഘടിത മേഖലയിൽനിന്ന് പണമെടുത്ത് കോർപ്പറേറ്റുകളുടെ വായ്പ എഴുതിത്തള്ളാനുള്ള മോദിയുടെ രഹസ്യ ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു നോട്ട് നിരോധനം.

‘നവംബർ 8ന് രാത്രി എട്ടു മണിക്ക് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ഒരു രാജ്യം മുഴുവൻ ബാങ്കുകളിൽ ക്യൂ നിൽക്കേണ്ടിവന്നു. ഈ നീക്കം കൊണ്ട് എന്തു നേട്ടമാണ് ഉണ്ടായത്? കള്ളപ്പണമുണ്ടായിരുന്നോ? ഇല്ല. നോട്ട് നിരോധനം കൊണ്ട് പാവപ്പെട്ടവർക്ക് എന്താണ് നേടാനായത്? ഒന്നുമില്ല. ആരാണ് നേട്ടമുണ്ടാക്കിയത്? വ്യവസായികൾ മാത്രം. നിങ്ങളുടെ പണമെടുത്ത് ചില വ്യവസായികളുടെ വായ്പകൾ എഴുതിത്തള്ളി.

നോട്ടുകൾക്കൊണ്ടു മാത്രം മുന്നോട്ടുപോകുന്ന അസംഘടിത മേഖലയിൽനിന്ന് എല്ലാ പണവും എടുത്തുകൊണ്ടുപോകാനുള്ള നിഗൂഢ തീരുമാനമാണ് ഇതിന്റെ പിന്നിൽ. പ്രധാനമന്ത്രി പറയുന്നത്, അദ്ദേഹത്തിനു വേണ്ടത് നോട്ടുരഹിത (ക്യാഷ്‌ലെസ്) ഇന്ത്യയാണെന്ന്. അതിനർഥം അസംഘടിത മേഖല അവസാനിച്ചുവെന്നാണ്’ – അദ്ദേഹം പറഞ്ഞു.

ജൂൺ 30 വരെയുള്ള പാദത്തിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ജി‍ഡിപിയിൽ 40 വർഷത്തെ ഏറ്റവും കുറവായ 23.9% ആണ് രേഖപ്പെടുത്തിയത്.

ഓഗസ്റ്റ് 31ന് പുറത്തുവിട്ട ആദ്യ വിഡിയോയിൽ കഴിഞ്ഞ ആറു വർഷമായി അസംഘടിത മേഖലയെ സർക്കാർ ആക്രമിക്കുകയാണെന്നും നോട്ടു നിരോധനം, ജിഎസ്ടി, കോവിഡ് ലോക്ഡൗൺ തുടങ്ങിയവ ഈ മേഖലയെ ‘നശിപ്പിക്കുക’യാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

English Summary: "Frightening Impact" Of 2016 Notes Ban Seen In GDP Shock: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com