ADVERTISEMENT

ജയ്പുർ∙ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻ രാജസ്ഥാനിലേക്ക് താമസം മാറ്റി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സുരക്ഷ ഉറപ്പുനൽകിയതിനെ തുടർന്നാണ് ജയ്പുരിലേക്ക് താമസം മാറ്റിയതെന്ന് കഫീൽ ഖാൻ പറഞ്ഞു. ഉത്തർപ്രദേശില്‍ ഇനിയും തുടർന്നാൽ യോഗി സർക്കാര്‍ തനിക്കെതിരെ വീണ്ടും മറ്റൊരുകേസ് വ്യാജമായി സൃഷ്ടിച്ച് ജയിലിൽ അടയ്ക്കുമെന്ന് ഭയക്കുന്നതായി അദ്ദേഹം പറഞ്ഞു.

തന്റെ അമ്മയോടും ഭാര്യയോടും സംസാരിച്ച പ്രിയങ്കാജി ജയ്പുരിൽ സുരക്ഷ നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. യുപി സർക്കാർ വീണ്ടും എന്തെങ്കിലും കേസുകൾ തനിക്കെതിരെ ചുമത്തിയേക്കും. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരായതിനാൽ സുരക്ഷിതരാണെന്ന് തോന്നുന്നുണ്ട്. കഴിഞ്ഞ ഏഴര മാസത്തോളം ഒട്ടേറെ മാനസിക – ശാരീരിക പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും ഖാൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുമെന്ന് ബിആർഡി മെഡിക്കല്‍ കോളജിലെ ശിശുരോഗവിദഗ്ധനായ കഫീൽ ഖാന്‍ പറയുന്നു. സസ്പെൻഷൻ പിൻവലിച്ച് ജോലിക്കു കയറിയാൽ മാത്രമേ എനിക്ക് കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഭാഗമാകാൻ സാധിക്കൂ. വാക്സീൻ ഗവേഷകപരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രകോപനപരമായി പ്രസംഗിച്ചെന്ന പേരിൽ ദേശ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി യുപി സർക്കാർ ജയിലിലാക്കിയ ഡോക്ടർ കഫീൽ ഖാന് കഴിഞ്ഞ ദിവസമാണ് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അലിഗഢ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബർ 10ന് നടത്തിയ പ്രസംഗത്തിന്റെ പേരിൽ ജനുവരി 29 മുതൽ ജയിലിൽ കഴിയുകയായിരുന്നു കഫീൽ ഖാൻ. എന്നാല്‍ ഈ പ്രസംഗത്തില്‍ അക്രമമോ, വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമില്ല. ദേശീയ ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനമാണ് ഉള്ളതെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയിരുന്നു.

ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ ശിശുരോഗവിദഗ്ധനായ ഡോക്ടർ കഫീല്‍ ഖാനെ യുപി സർക്കാർ പ്രതിക്കൂട്ടിൽ നിർത്തുകയും ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കൽ കോളജിലെ ദയനീയ സ്ഥിതി പുറത്തായതിനു തൊട്ടുപിന്നാലെ കഫീൽ ഖാനെ അകത്താക്കിയത്.

English Summary: Assured of safe stay by Priyanka Gandhi, Kafeel Khan arrives in Rajasthan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com