ADVERTISEMENT

ഹൈദരാബാദ് ∙ പൊലീസ് അതിമാനുഷികരാവുന്ന ‘സിങ്കം’ പോലുള്ള സിനിമകളിൽ ഉദ്യോഗസ്ഥർ പ്രചോദിതരാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പൊലീസുകാർക്ക് ആദ്യംതന്നെ ‘ഷോ’ കാണിക്കാനായിരിക്കും താൽപര്യം. പൊലീസ് എന്നതിന്റെ പ്രധാന കർത്തവ്യം മറന്നുപോകും. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷനല്‍ പൊലീസ് അക്കാദമിയില്‍ നടന്ന 'ദിക്ഷാന്ത് പരേഡ് പരിപാടി'യില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

അക്കാദമിയില്‍നിന്നു പാസ്സായ യുവ ഐപിഎസ് ഉദ്യോഗസ്ഥരുമായി താന്‍ സംവദിക്കാറുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവരെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ എന്റെ അധികാര സമയത്തു ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരു ഘട്ടത്തില്‍ കണ്ടുമുട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. യൂണിഫോം ധരിക്കുമ്പോള്‍ അതില്‍ അഭിമാനം കൊള്ളണം. അതു ദുരുപയോഗം ചെയ്യരുത് എന്നതു പ്രധാനമാണ‌്. നിങ്ങളുടെ കാക്കി യൂണിഫോമിനോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഈ കോവിഡ് കാലത്തു പൊലീസ് നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ കാക്കിക്കുള്ളിലെ മനുഷ്യര്‍ക്കു പൊതുജനങ്ങളുടെ മനസ്സില്‍ ഇടംനേടാന്‍ അവസരമൊരുക്കിയിട്ടുണ്ട്.

കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് പൊലീസിന്റെ 'മാനുഷികമുഖം' പുറത്തുവന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സാമാന്യയുക്തിയുടെ പ്രാധാന്യം മറക്കാതെ തന്നെ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണം. വിവരങ്ങള്‍, ബിഗ് ഡേറ്റ, നിര്‍മിതബുദ്ധി എന്നിവയ്ക്ക് ഇപ്പോൾ പഞ്ഞമില്ല. സമൂഹമാധ്യമങ്ങളില്‍ ലഭ്യമായ വിവരങ്ങള്‍ മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദുരന്തസമയത്ത് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൊലീസ് സേവനത്തിന് പുത്തന്‍ സ്വീകാര്യത നല്‍കിയിട്ടുണ്ട്. പരിശീലനത്തെ ഒരിക്കലും കുറച്ചുകാണരുത്. രണ്ട് ദിവസം മുമ്പാണ് മിഷന്‍ കര്‍മയോഗി ആരംഭിച്ചത്. ഏഴു പതിറ്റാണ്ടു പഴക്കമുള്ള നമ്മുടെ സിവില്‍ സര്‍വീസില്‍ ശേഷി വര്‍ധിപ്പിക്കല്‍, ജോലിയോടുള്ള സമീപനം എന്നിവയില്‍ ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ പരിഷ്‌കാരമാണിത്.

നിയമാധിഷ്ഠിതമായതില്‍നിന്ന് കര്‍ത്തവ്യാധിഷ്ഠിതമായതിലേക്കുള്ള മാറ്റമാണിത്. അപ്രതീക്ഷിതമായി എന്തും നേരിടേണ്ടി വരാം എന്ന തരത്തിലുളള ജോലിയാണ് നിങ്ങളുടേത്. നിങ്ങള്‍ എല്ലാവരും ജാഗ്രത പാലിക്കുകയും തയാറാകുകയും വേണം. ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദമുണ്ടാകും. അവിടെയാണു നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതിന്റെ പ്രാധാന്യം. ഇടയ്ക്കിടെ, അതായത് അവധിദിവസങ്ങളിലോ മറ്റോ ഒരു അധ്യാപകനെയോ അതല്ലെങ്കില്‍ നിങ്ങള്‍ ബഹുമാനിക്കുന്ന, നിങ്ങള്‍ക്ക് ഉപദേശം തരാന്‍ കഴിവുള്ള ഒരാളെയോ സന്ദര്‍ശിക്കുക. പൊലീസിങ്ങില്‍ ശാരീരികക്ഷമത പ്രധാനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

English Summary: Don't Show-Off Like Singhams, PM Modi To Police Officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com