ADVERTISEMENT

വാഷിങ്ടൻ∙ യുഎസിലെ വിസ്‌കോൻസെന്നിൽ പൊലീസിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായ ജേക്കബ് ബ്ലേക്ക് എന്ന കറുത്തവർഗക്കാരന്റെ ആശുപത്രിക്കിടക്കയിൽ കിടന്നുള്ള വാക്കുകൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ. ഓഗസ്റ്റ് 23നാണ് ബ്ലേക്കിനെ പൊലീസ് വെടിവച്ചു ഗുരുതരമായി പരുക്കേൽപിച്ചത്. വെടിയേറ്റു നട്ടെല്ലു തകർന്ന ബ്ലേക്ക് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇതിനിടയിലാണ് ജീവിതത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു ബ്ലേക്ക് വിവരിക്കുന്ന വിഡിയോ അദ്ദേഹത്തിന്റെ അഭിഭാഷകൻ ബെൻ ക്രംപ് പുറത്തുവിട്ടത്.

‘നിങ്ങളുടെ ജീവിതം, നിങ്ങളുടെ മാത്രം ജീവിതമല്ല. കാലുകൾ, ജീവിതത്തിൽ ചുറ്റിക്കറങ്ങാനും മുന്നോട്ട് കുതിക്കാനും ആവശ്യമുള്ള ഒന്ന് ഒരിക്കൽ ഇതുപോലെ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. എങ്കിലും ഇനിയും ഒരുപാട് ജീവിതം ജീവിക്കാൻ ഉണ്ട്. എന്റെ പുറത്തും വയറ്റിലും കുത്തിക്കെട്ടുകൾ ഉണ്ട്. 24 മണിക്കൂറും വേദന അനുഭവിക്കുന്നു. ശ്വസിക്കുമ്പോൾ വേദന, ഉറങ്ങുമ്പോൾ വേദന, ശരീരമനങ്ങുമ്പോൾ വേദന, ഭക്ഷണം കഴിക്കുമ്പോൾ വേദന.

ദയവായി ഞാൻ പറയുന്നത് കേൾക്കുക, നിങ്ങളുടെ ജീവിതരീതി മാറ്റുക. നമ്മൾക്ക് ഒരുമിച്ചു നിൽക്കാനും പണം സമ്പാദിക്കാനും നമ്മുടെ ആളുകളുടെ ജീവിതം കൂടുതൽ സുഗമമാക്കാനും സാധിക്കും. ഒരുപാട് സമയം നമ്മൾ വെറുതെ പാഴാക്കി കളയുന്നു.’ – ആശുപത്രി ഗൗണിൽ ജേക്കബ് ബ്ലേക്ക് പറയുന്നു. ഏകദേശം ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഇതുവരെ നാലര ലക്ഷത്തോളം ആളുകളാണ് ട്വിറ്ററിൽ കണ്ടത്.

തന്റെ മകനെ പൊലീസ് 7 വട്ടം വെടിവച്ചെന്നു ബ്ലേക്കിന്റെ പിതാവ് പറഞ്ഞിരുന്നു. നട്ടെല്ല് പൂർണമായി തകർന്ന ബ്ലേക്കിന്റെ അരയ്ക്ക് താഴേയ്ക്ക് പൂർണായി തളരാനാണ് സാധ്യതയെന്ന് ഡോക്ടർമാർ പറഞ്ഞു. മൂന്നു മക്കളുടെ കൺമുന്നിലാണ് ബ്ലേക്കിനെ പൊലീസ് വെടിവയ്ച്ചത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു. 3 മാസം മുൻപ് മിനിയപ്പലിസിൽ ജോർജ് ഫ്ലോയ്ഡിനെ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ യുഎസിലെങ്ങും കത്തിപ്പടർന്ന വംശീയവിരുദ്ധ പ്രക്ഷോഭം കെട്ടടങ്ങും മുൻപാണ് ഈ പൊലീസ് അതിക്രമവും.

English Summary: "Change Your Lives": Powerful Video Message By Black Man Shot By US Cop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com