ADVERTISEMENT

ജയ്പുർ ∙ ടെക്സ്റ്റിന്റെയും ട്വീറ്റിന്റെയും കാലത്തു പുതുതലമുറ ഗൗരവതരമായ അറിവിൽനിന്നു അകന്നു പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്ഷരങ്ങൾ ഭാഷയുടെ ആദ്യ കണ്ണികളാണ്. അക്ഷരമെന്നാൽ സംസ്കൃതത്തിൽ മായ്ക്കപ്പെടാത്തത് എന്നാണ്. അക്ഷരങ്ങളിലൂടെ ആയിരക്കണക്കിനു വർഷങ്ങൾ മുമ്പേ നമുക്കു കൈമാറിക്കിട്ടിയ അറിവ് ഇന്നും ലോകത്തെ മുന്നോട്ടു നയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നഗരത്തിലെ ജവഹർലാൽ നെഹ്റു മാർഗിൽ രാജസ്ഥാൻ പത്രിക ഗ്രൂപ്പ് നിർമിച്ച പത്രിക ഗേറ്റ് രാജ്യത്തിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാൻ പത്രിക എഡിറ്റർ ഇൻ ചീഫ് ഗുലാബ് കോത്താരി രചിച്ച സംവാദ് ഉപനിഷദ്, അക്ഷർയാത്ര എന്നീ പുസ്തകങ്ങൾ ചടങ്ങിൽ പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

എഴുത്തുകാർ സമൂഹത്തിന്റെ മാർഗദർശികളും അധ്യാപകരുമാണ്. ഒൗദ്യോഗിക വിദ്യാഭ്യാസ കാലം കഴിഞ്ഞും നമ്മുടെ പഠനം തുടർന്നുകൊണ്ടിരിക്കുന്നതിൽ പുസ്തകങ്ങളുടെയും എഴുത്തുകാരുടെയും പങ്കു നിർണായകമാണെന്നും മോദി പറഞ്ഞു. സ്വാതന്ത്ര്യ സമരകാലത്തു അറിയപ്പെടുന്ന എല്ലാവരും എഴുത്തുകാർ കൂടിയായിരുന്നു. ശാസ്ത്രജ്ഞരും മതനേതാക്കളുമായ വലിയ എഴുത്തുകാരും നമുക്കുണ്ട്. രാജസ്ഥാൻ പത്രികയുടെ സ്ഥാപകനായ കർപൂർ ചന്ദ്ര കുലീശ് രാജ്യസേവനം മനസിൽവച്ചാണു പ്രസിദ്ധീകരണം തുടങ്ങിയത്.

പത്രപ്രവർത്തന രംഗത്ത് അദ്ദേഹം നൽകിയ സേവനങ്ങൾ പരക്കെ അറിയപ്പെടുന്നതാണ്. എന്നാൽ വേദങ്ങളിലെ അറിവു സമൂഹത്തിനു പകർന്നു നൽകാനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളും അതിനൊപ്പം മഹത്തരമായിരുന്നു. ഭാരതീയമായ അറിവുകൾ പകർന്നു നൽകുന്ന ഈ കണ്ണിയിലേക്കു സംവാദ് ഉപനിഷത്തും അക്ഷർ യാത്രയും ചേർക്കപ്പെടുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടപിപ്പിച്ചു.

വിഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന ചടങ്ങിൽ ഗവർണർ കൽരാജ് മിശ്ര, മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗുലാബ് കോത്താരി എന്നിവർ പ്രസംഗിച്ചു. ജയ്പുര്‍ വികസന അതോറിറ്റിയുടെ മിഷൻ അനുപം യോജന പദ്ധതിയുടെ ഭാഗമായാണു രാജസ്ഥാനി കലാ– സാംസ്കാരിക പാരമ്പര്യങ്ങളുടെ സമ്മേളനമായി ഗേറ്റ് നിർമിച്ചത്. ജയ്പുർ സന്ദർശിക്കുന്ന സഞ്ചാരികൾക്കുള്ള മറ്റൊരു ആകർഷണ കേന്ദ്രമായി ഗേറ്റ് മാറുമെന്നാണു പ്രതീക്ഷ.

English Summary: PM Modi Inaugurates Patrika Gate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com