നിയാസ് സഞ്ജനയുടെ സുഹൃത്ത്; കലൂരില്‍നിന്ന് ബെംഗളൂരുവിലേക്ക്, ലഹരിക്കുരുക്ക്‌

Niyas Muhammed | Sanjana Galrani
നിയാസ് മുഹമ്മദും സഞ്ജന ഗൽറാണിയും (ഫെയ്സ്ബുക്കിൽനിന്നുള്ള ചിത്രങ്ങള്‍)
SHARE

കൊച്ചി∙ ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റു ചെയ്ത നടന്‍ നിയാസ് മുഹമ്മദ് സിനിമകളിലൂടെ അത്ര പരിചിതനല്ലെങ്കിലും കേരളത്തിലെ റാംപ് ഷോകളിലെ സജീവ സാന്നിധ്യം. കൊച്ചി, ബെംഗളൂരു, ഗോവ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം റാംപ് ഷോകളിലെ പതിവു മോഡലുകളിലൊരാളാണ് ഇദ്ദേഹം. മാത്രമല്ല, ഇവിടങ്ങളിലേക്കു ഷോകള്‍ക്കായി മോഡലുകളെ എത്തിക്കാറുമുണ്ട്. കോറമംഗലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ബുകളില്‍ ഒന്നില്‍ ബിസിനസ് പങ്കാളിയാണെന്നും പറയുന്നു.

കൊച്ചി കലൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഇദ്ദേഹം ഇവിടെ ജിമ്മുകളില്‍ സ്ഥിരമായി എത്തിയിരുന്നു. അരൂര്‍ സ്വദേശിയാണെന്നാണു സിസിബിയോട് അറിയിച്ചിരുന്നത്. എന്നാല്‍ അരൂരില്‍ ഇദ്ദേഹത്തിന്റെ വീട് കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. നിയാസ് ബെംഗളൂരുവില്‍ സ്ഥിരതാമസം ആക്കിയിട്ട് അഞ്ചു വര്‍ഷത്തിലേറെയായിട്ടുണ്ട്. മോഡലിങ്ങിലും അഭിനയത്തിലും സജീവമാകുന്നതിനാണു ബെംഗളൂരുവിലേക്കു ചുവടുമാറ്റുന്നത് എന്നാണ് സുഹൃത്തുക്കളോട് അറിയിച്ചിരുന്നത്. എറണാകുളം കലൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നെങ്കിലും പിന്നീട് ആ ബന്ധം ഒഴിഞ്ഞിരുന്നു.

niyas-muhammed
നിയാസ് മുഹമ്മദ് (ഫെയ്സ്ബുക്കിൽനിന്നുള്ള ചിത്രങ്ങൾ)

മലയാളത്തില്‍ ടൊവീനൊ നായകനായ കല്‍ക്കിയില്‍ വില്ലന്‍ വേഷത്തിലാണു നിയാസ് അഭിനയിച്ചിട്ടുള്ളത്. ഏതാനും കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിനിമകളില്‍ കാര്യമായ വേഷം ലഭിച്ചിരുന്നില്ലെങ്കിലും സിനിമാക്കാരുടെ അടുപ്പക്കാരനും ഇവര്‍ക്കു ലഹരി എത്തിക്കുന്നതില്‍ മുന്‍പന്തിയിലുമായിരുന്നു നിയാസ് എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ നടി സഞ്ജന ഗില്‍റാണിയുടെ അടുത്ത സുഹൃത്താണെന്നു വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. സഞ്ജനയ്‌ക്കൊപ്പം നിരവധി പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സിസിബിക്കു ലഭിച്ചിരുന്നു.

ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സഞ്ജനയുടെ വീട്ടില്‍ സിസിബി റെയ്ഡ് നടത്തിയത്. തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സഞ്ജനയോട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ സിസിബി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. സ്ഥലത്തില്ല എന്നായിരുന്നു അറിയിച്ചിരുന്നത്. തുടര്‍ന്ന് ഇവര്‍ വീട്ടിലുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു സിസിബി റെയ്ഡ്.

ബെംഗളൂരുവില്‍ ഇദ്ദേഹത്തിനു പങ്കാളിത്തമുണ്ടെന്നു കരുതുന്ന പബ്ബിലൂടെയും ഫാഷന്‍ ഷോകള്‍, സിനിമാ സെറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിയാസ് ലഹരി ഇടപാട് നടത്തിയിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത സീരിയല്‍ നടി അനിഘ, അനൂപ് മുഹമ്മദ് തുടങ്ങിയവരുമായി ഇദ്ദേഹത്തിനുള്ള ബന്ധവും സിസിബി പരിശോധിക്കുന്നുണ്ട്.

English Summary: Niyas Muhammed, Sanjana Galrani, Ramp Show, Mollywood Relation, Kerala Movie Industry, Bengaluru Drug Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA