ADVERTISEMENT

ന്യൂഡൽഹി∙ ഡല്‍ഹി കലാപ കേസിലെ കുറ്റപത്രത്തില്‍ തന്റെ പേര് ചേര്‍ത്തത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം നടന്നു. പ്രതിഷേധങ്ങളെ കലാപവുമായി ചേര്‍ക്കുന്നത് എങ്ങനെയെന്ന് ഡല്‍ഹി പൊലീസ് പറയണം. കരുതിക്കൂട്ടി തയാറാക്കിയ കുറ്റപത്രമാണിത്. കുറ്റപത്രം ആസൂത്രിതമാണ്. ഭീമ കൊറേഗാവ് പോലെ വളഞ്ഞവഴിയിലൂടെ കുടുക്കാനുള്ള തന്ത്രം. കേസില്‍ വളഞ്ഞവഴിയിലൂടെ കുടുക്കാനാണ് ശ്രമമെന്നും യച്ചൂരി ആരോപിച്ചു.

സീതാറാം യച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യേഗേന്ദ്ര യാദവ്, സാമ്പത്തികവിദഗ്ധ ജയതി ഘോഷ്, പ്രൊഫ. അപൂര്‍വാനന്ദ്, ഡോക്യുമെന്ററി സംവിധായകന്‍ രാഹുല്‍റോയ് എന്നിവരുടെ പേരുകളാണ് ഡല്‍ഹി കലാപ കേസിന്റെ അനുബന്ധ കുറ്റപത്രത്തിലുള്ളത്. നടപടി വിവാദമായതോടെ വിശദീകരണവുമായി ഡല്‍ഹി പൊലീസ് രംഗത്തെത്തിയിരുന്നു. നേതാക്കളെ പ്രതി ചേര്‍ത്തിട്ടില്ലെന്നും പ്രതികളുടെ മൊഴിയിലാണ് പേരുകളുള്ളതെന്നും പൊലീസ് വിശദീകരിച്ചു. 

ആളുകളെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിനിറങ്ങണമെന്ന് പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ യച്ചൂരിയും യോഗേന്ദ്ര യാദവും ആഹ്വാനം ചെയ്തെന്ന്, കേസില്‍ പ്രതിസ്ഥാനത്തുള്ള ജാമിയ സര്‍വകലാശാല വിദ്യാര്‍ഥിനി ഗുലിഷ ഫാത്തിമയുടെ മൊഴിയാണ് കുറ്റപത്രത്തിലുള്ളത്. മറ്റു മൂന്നു പ്രമുഖരുടെയും പേരുകള്‍ കേസില്‍ അറസ്റ്റിലായ പിന്‍ജ്രതോഡ് ആക്ടിവിസ്റ്റുകളായ ദേവാങ്കണ കലിത, നട്ടാഷ നര്‍വാല്‍ എന്നിവരുടെ മൊഴികളിലാണുള്ളത്.

അതേസമയം, ഈ മൊഴികളൊന്നും സാക്ഷ്യപ്പെടുത്തി ഒപ്പിട്ടുനല്‍കാന്‍ പ്രതികള്‍ തയാറായില്ലെന്നും കുറ്റപത്രത്തിലുണ്ട്. അതിനിടെ, യച്ചൂരിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നടപടി ദുരുദ്ദേശ്യത്തോടെയാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി  ആരോപിച്ചു.

English Summary: Sitaram Yechury on Delhi Riots Chargesheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com