ADVERTISEMENT

ന്യൂഡൽഹി∙ മോസ്കോയിൽ സെപ്റ്റംബർ പത്താം തീയതി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍ യിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപും അതിർത്തിയിൽ പല തവണ വെടിവയ്പ് നടന്നതായി റിപ്പോർട്ട്. സേനകൾ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിയുതിർത്തതായാണ് റിപ്പോർട്ട്. ഓഗസ്റ്റ് 29, 30 തീയതികളിൽ പാംഗോങ് തടാകത്തിന്‍റെ വടക്കൻ തീരത്ത് രണ്ടു തവണ വെടിവയ്പുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

സെപ്റ്റംബർ ഏഴിന് ചുഷൂൽ ഉപമേഖലയിൽ വെടിവയ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ സെപ്റ്റംബർ പത്താംതീയതിയാണ് സംഘർഷമുണ്ടായതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ലഡാക്കിലെ ഫിംഗർ 3,4 മേഖലയിൽ ഉണ്ടായ വെടിവയ്പ് സെപ്റ്റംബർ ഏഴിലെ സംഘർഷത്തിനേക്കാൾ ത്രീവമായിരുന്നുവെന്നാണ് റിപ്പോർട്ട്. 

ഓഗസ്റ്റ് 31ന് ലഡാക്കിലെ പാംഗോങ്, ചുഷൂൽ പ്രദേശങ്ങളിൽ ഇന്ത്യയുടെ കുന്നുകൾ പിടിച്ചെടുക്കാനും ചൈനീസ് സൈന്യം ശ്രമം നടത്തിയിരുന്നു. പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളിൽ നിലയുറപ്പിക്കാനായിരുന്നു ചൈനയുടെ നീക്കം. ഇരു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാൻഡർമാർ ചർച്ച നടത്തുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. എന്നാൽ ഈ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യൻ സൈന്യം പ്രതികരിക്കുകയും ചെയ്തു.

സെപ്റ്റംബർ ആദ്യ ആഴ്ച ഇന്ത്യൻ സൈന്യത്തിന്റെയും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സാന്നിധ്യത്തിൽ വെടിവയ്പ് നടന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.  പാംഗോങ് തടാകത്തിന്‍റെ തെക്കന്‍ തീരത്തുള്ള ഷെന്‍പാനോ പര്‍വ്വതത്തില്‍ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായി  പീപ്പിൾസ് ലിബറേഷൻ ആർമി പടിഞ്ഞാറന്‍ മേഖലാ കമാന്‍ഡിന്റെ വക്താവ് കേണല്‍ ഷാങ് ഷൂയി ആരോപണം ഉന്നയിക്കുകയും ചെയ്തു. 

ഈ സാഹചര്യത്തിലാണ് 200 റൗണ്ട് വെടിവയ്പ്പുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നത്. ചൈനീസ് സൈന്യം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോൾ മുന്നറിയിപ്പ് നൽകുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതായി ഇന്ത്യൻ സൈന്യവും വ്യക്തമാക്കിയിരുന്നു. മോസ്കോയിൽ വിദേശകാര്യമന്ത്രിമാർ തമ്മിൽ ന‌ടന്ന ചർച്ചയിൽ, അതിർത്തിയിൽ വലിയ തോതിൽ സൈന്യത്തെ വിന്യസിച്ചതിനു കൃത്യമായ വിശദീകരണം നൽകാൻ ചൈനയ്ക്കു കഴി‍ഞ്ഞിരുന്നില്ല.

English Summary: Before Moscow pact, Indian & Chinese troops fired 100-200 rounds on Pangong north bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com