‘യുദ്ധത്തിന് തയാർ; ഇന്ത്യയുടെ സൈനിക ശേഷി പുറത്തുള്ളവർക്ക് അറിയില്ല’

indian-army
ഇന്ത്യൻ സൈനികൻ (ഫയൽ ചിത്രം) (Photo by TAUSEEF MUSTAFA / AFP)
SHARE

ജമ്മു∙ ശൈത്യകാലത്തുപോലും കിഴക്കൻ ലഡാക്കിൽ സമ്പൂർണ യുദ്ധം നടത്താൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് നോർത്തേൺ കമാൻഡ്. യുദ്ധ സാഹചര്യം ചൈന സൃഷ്ടിക്കുകയാണെങ്കിൽ മികച്ച പരിശീലനം നേടിയ, സജ്ജരായ, വിശ്രമവും മാനസികപരവുമായി തയാറായ സൈനികരെയാണ് നേരിടേണ്ടി വരിക. ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ടിനോടു പ്രതികരിക്കുമ്പോഴാണ് സൈന്യത്തിന്റെ നോർത്തേൺ കമാൻഡ് വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനീസ് സൈന്യം നഗരമേഖലകളിൽനിന്നു വരുന്നവരാണ്. മലനിരകളിലും മറ്റും പ‌രിശീലനം സിദ്ധിച്ചവരാണ് ഇന്ത്യൻ സൈനികർ. ഇന്ത്യയുടെ ഓപ്പറേഷനൽ ലൊജിസ്റ്റിക്സ് സജ്ജമല്ലെന്നും ശൈത്യകാലത്ത് ഫലപ്രദമായി പോരാടാൻ കഴിയില്ലെന്നുമായിരുന്നു ഗ്ലോബൽ ടൈംസിന്റെ വിമർശനം.

‘ഇക്കാര്യം അവരുടെ അജ്ഞതയാണ്. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. അയൽക്കാരുമായി മികച്ച ബന്ധമാണ് ആഗ്രഹിക്കുന്നതും. ചർച്ചകൾ വഴി പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൽപ്പര്യപ്പെടുന്നത്. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ടുപോകുമ്പോൾ സൈനികപരമായി എത്രനാൾ മുഖാമുഖം നിൽക്കണമെങ്കിലും ഇന്ത്യ തയാറാണ്.

സമുദ്രനിരപ്പിൽനിന്ന് വളരെയധികം ഉയരംകൂടിയ മേഖലയാണ് ലഡാക്ക്. നവംബറിനുശേഷം കനത്ത മഞ്ഞുവീഴ്ചയുണ്ടാകും. 40 അടിയോളം കനത്തിൽ മഞ്ഞുവീണു കിടക്കും. ഇതിനൊപ്പം താപനില പൂജ്യത്തിനും താഴെ 30–40 ഡിഗ്രി വരെ എത്തുന്നത് സാധാരണമാണ്. തണുത്ത കാറ്റ് സൈന്യത്തിന്റെ കാര്യങ്ങൾ പ്രതികൂലമാക്കും. മഞ്ഞിനെത്തുടർന്ന് റോഡുകളും അടയ്ക്കും. പക്ഷേ, ഇത്രയൊക്കെയുണ്ടെങ്കിലും ഇന്ത്യൻ സൈനികർക്ക് ശൈത്യകാലത്തെ യുദ്ധമുറകളിൽ കാര്യമായ പരിശീലനം ലഭിച്ചിട്ടുണ്ട്. ലഭ്യമായ ചെറിയ സമയത്തിനുള്ളിൽ പോരാട്ടത്തിനു സജ്ജരാകാനുള്ള മാനസിക പരിശീലനവും ലഭിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങളൊക്കെ ലോകത്തിന് അറിയാവുന്നതാണ്. ഇന്ത്യയുടെ സൈനിക ബലം, ശേഷി തുടങ്ങിയവ പുറത്ത് ആർക്കും അറിയില്ല. ഈ മേയിൽ ചൈന പ്രകോപനത്തിന്റെ ആദ്യത്തെ ലക്ഷണങ്ങൾ കാണിച്ചപ്പോൾത്തന്നെ ഇന്ത്യൻ സൈന്യം തങ്ങളുടെ ശേഷി വർധിപ്പിച്ചു. ‌ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ പരിശീലനം നേടിയവരാണ് ഇന്ത്യൻ സൈനികർ. ചൈനയുമായി പോരാടേണ്ടുന്നതിലും വലിയ കഴിവു പുറത്തെടുക്കേണ്ട മേഖലയാണ് സിയാച്ചിൻ.

ലഡാക്കിലേക്കു നീങ്ങാൻ‌ പരമ്പരാഗതമായി രണ്ടു റൂട്ടുകളാണുള്ളത്. ശ്രീനഗർ – ലേ ദേശീയപാതയിലെ സോജില വഴിയും മണാലി – ലേ പാതയിലെ റോഹ്താങ് പാസ് വഴിയും. എന്നാൽ അടുത്തിടെ ഡാർച്ചയിൽനിന്ന് ലേയിലേക്ക് ഇന്ത്യ മൂന്നാമതൊരു വഴി വെട്ടിയിരുന്നു. ഇതു മേഖലയിലേക്കുള്ള ദൂരം വളരെ വെട്ടിക്കുറച്ചു. റോഹ്താങ് റൂട്ടിലെ അടൽ തുരങ്കം പൂർത്തിയായതോടെ സൈന്യത്തിനാവശ്യമായതെല്ലാം പെട്ടെന്ന് എത്തിക്കാനായി.

ഇതിനൊപ്പം സൈന്യത്തിന് ഉപയോഗിക്കാനായി നിരവധി വ്യോമ താവളങ്ങളാണ് സമീപത്തായുള്ളത്. മഞ്ഞു നീക്കുന്ന അത്യാധുനിക ഉപകരണങ്ങളുള്ളതിനാൽ നവംബറിനുശേഷവും റോഡുകൾ തുറന്നിടാൻ സാധിക്കും. ഇന്ധനം, ടാങ്കുകൾക്കുള്ള ലൂബ്രിക്കന്റുകൾ ഉൾപ്പെടെ ആവശ്യമുള്ള എല്ലാം ശേഖരിച്ചുവച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

English Summary: Indian Army fully geared to fight full-fledged war in eastern Ladakh: Northern Command

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA