ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമ നിർമാണത്തിനൊരുങ്ങി സർക്കാർ. ഇതിനുള്ള ഓർഡിനൻസിനു മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കും.  

കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നത്. നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് തപാൽ വോട്ട് ഏർപ്പെടുത്തും. കിടപ്പു രോഗികൾക്കും കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ടു ചെയ്യാം. ഇതിനായി പഞ്ചായത്ത്, മുൻസിപ്പൽ നിയമത്തിൽ  ഭേദഗതി വരുത്തും. 

കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള വോട്ടെടുപ്പിൽ എല്ലാവർക്കും അവസരം ലഭിക്കണമെങ്കിൽ വോട്ടെടുപ്പ് സമയം നീട്ടണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ ദീർഘിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇത് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാക്കും. ഡിസംബറിൽ തിരഞ്ഞെടുപ്പ് നടത്താനാണ് സർക്കാർ ആലോചന. തിരഞ്ഞെടുപ്പ് പ്രചാരണ രീതികളിലും മാറ്റങ്ങളുണ്ടാകും.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ തപാൽ, പ്രോക്സി വോട്ടുകളുടെ സാധ്യത പരിശോധിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ  നേരത്തേ സർക്കാരിനോട് നിർദേശിച്ചിരുന്നു. പ്രോക്സി വോട്ടിനെ എൽഡിഎഫ് അനുകൂലിക്കുന്നില്ല. അതു ക്രമക്കേടുകൾക്ക് വഴിവയ്ക്കുമെന്നാണ് മുന്നണിയുടെ അഭിപ്രായം. യുഡിഎഫ് തപാൽ വോട്ടിനെയും എതിർക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിക്കുന്ന സർവകക്ഷിയോഗത്തിൽ  യുഡിഎഫ് ഇക്കാര്യം അറിയിക്കും.  

English Summary : Local body elections : Kerala government to organize postal votes for covid patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com