ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. ഒരു വര്‍ഷത്തേക്കു സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കില്ല.

സ്കൂളിൽ ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥ ഒഴിവാക്കും. ഓഫിസുകളില്‍ അധികമായിട്ടുള്ള ടൈപ്പിസ്റ്റ് തസ്തികകള്‍ മറ്റു തസ്തികകളിലേക്കു പുനര്‍വിന്യാസം ചെയ്യാനും ഒരേ മേഖലയിൽ പൊതുവായ സേവന പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റസ്ഥാപനമാക്കാനും തീരുമാനിച്ചു. ജീവനക്കാരിൽനിന്ന് മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1നു പിഎഫില്‍ ലയിപ്പിക്കുന്നതു വരെ 9% പ്രതിവര്‍ഷ പലിശ നല്‍കും. പിഎഫില്‍ ലയിപ്പിച്ച ശേഷം പിഎഫ് നിരക്കില്‍ പലിശ നല്‍കും.

അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും. പിഎഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും. ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ മാത്രമെ പിഎഫില്‍നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കൂ. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമെ അനുവദിക്കൂ.

20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 5 വര്‍ഷത്തിനുശേഷം ജോലിക്കു ഹാജരാകാതിരുന്നാല്‍ കല്‍പ്പിത രാജി ആയി പരിഗണിക്കും. നിലവില്‍ അവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ലഭിച്ചവരുടെ കാര്യത്തില്‍ ഇത് ബാധകമല്ല. ഒരു ഉദ്യോഗസ്ഥന്‍ 90 ദിവസം അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. 

അധ്യാപന സമയം ആഴ്ചയിൽ 16 മണിക്കൂർ

ആഴ്ചയില്‍ കുറഞ്ഞത് 16 മണിക്കൂര്‍ അധ്യാപന സമയം ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് 2020 ജൂൺ പ്രാബല്യത്തില്‍ അനുമതി നല്‍കുക. ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍നിന്ന് ഒഴിവാക്കും.

സ്കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സര്‍ക്കാരിനായിരിക്കും. എയ്ഡഡ് സ്കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന. ഇതിനാവശ്യമായ നിയമ ചട്ട ഭേദഗതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു മാസത്തിനകം കൈക്കൊള്ളും. 

English Summary: Kerala government will cut high expenses to cover Covid crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com