ADVERTISEMENT

തിരുവനന്തപുരം∙ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ – മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ തസ്തികയിലെ ഉദ്യോഗസ്ഥരെ തഴഞ്ഞ് വകുപ്പിലെ ക്ലാർക്കുമാർക്കു പ്രൊമോഷൻ നൽകി ജോയിന്റ് ആർടിഒ ആയി നിയമിക്കുന്ന സ്ഥാനക്കയറ്റ രീതിയിൽ പ്രതിഷേധിച്ചു മോട്ടോർ വാഹന വകുപ്പിൽ പണിമുടക്ക്. കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ, കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ടെക്നിക്കൽ എക്സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥരാണു ബുധനാഴ്ച പണിമുടക്കിൽ പങ്കെടുക്കുന്നത്. സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗാർഥികളെ മാത്രമേ ഈ തസ്തികകളിൽ നിയമിക്കാവൂ എന്ന് ഡിപ്പാർട്മെന്റ് പ്രൊമോഷൻ കമ്മിറ്റിയും ശമ്പള പരിഷ്കരണ കമ്മീഷനും സുപ്രീം കോടതി സമിതിയും ശുപാർശ ചെയ്തിട്ടും സർക്കാർ കണ്ടില്ലെന്നു നടിക്കുന്നതായാണ് ആരോപണം.

ഓട്ടോമൊബീൽ / മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഡിപ്ലോമയും  ഒരു വർഷത്തെ വർക്ക്ഷോപ്പ് പ്രവൃത്തി പരിചയവും മോട്ടോർ സൈക്കിൾ, ലൈറ്റ്, ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസും  ശാരീരികയോഗ്യതയും ഉള്ളവരാണ് പിഎസ്‍സി പരീക്ഷയിലൂടെ സബ് ഇൻസ്പക്ടർ റാങ്കിലുള്ള അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരാകുന്നത്. മൂന്ന് മാസത്തെ പൊലീസ് പരിശീലനവും ഓഫിസ് പരിശീലനവും ഇവർക്ക് ലഭിക്കും. എന്നാൽ സംസ്ഥാന ഗതാഗത വകുപ്പിൽ പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിക്കുന്നയാൾക്ക് സ്ഥാനക്കയറ്റം നൽകി ഡിവൈഎസ്പി റാങ്കിൽ ജോയിന്റ് ആർടിഒ പദവിയിലെത്തിക്കുന്നതിലാണ് ടെക്നിക്കൽ ജീവനക്കാർക്ക് എതിർപ്പ്. ഇതിനായി യാതൊരുവിധ ശാരീരിക യോഗ്യതകളും പരിഗണിക്കാറില്ലെന്നും ട്രെയിനിങ് നൽകാറില്ലെന്നും  ഡ്രൈവിങ് ലൈസൻസ് പോലും ആവശ്യമില്ലെന്നും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കീഴിൽ ക്ലാർക്കായ ഒരാൾ അവർക്കു മുൻപേ തന്നെ ജോയിന്റ്ആർടിഒ ആകുന്നതായുമാണ് സമരരംഗത്തുള്ള ജീവനക്കാർ ആരോപിക്കുന്നത്.

സമരക്കാർ ചൂണ്ടിക്കാട്ടുന്ന മറ്റു വിഷയങ്ങൾ

∙ 20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്താൻ ടെക്നക്കൽ ജോ.ആർടിഒ ഉള്ള ഓഫിസിലേക്ക് വാഹനം ഹാജരാക്കേണ്ടി വരുന്നു.

∙  ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ടെക്നിക്കൽ ജോയിന്റ് ആർടിഒ ഉള്ള ഓഫീസിൽ പോകാൻ നിർബന്ധിതരാകുന്നു.

∙ 2 പേരിൽ കൂടുതൽ മരണപ്പെട്ട അപകടങ്ങളുടെ പരിശോധനക്കും ടെക്നിക്കൽ ജോയിന്റ് ആർടിഒമാരുടെ സേവനം ആവശ്യമായി വരുന്നു.

∙ റോഡ് സുരക്ഷ കൗൺസിൽ, ആർടിഎ ബോർഡ്, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തുടങ്ങി സുപ്രധാന യോഗങ്ങളിൽ സാങ്കേതിക കാര്യങ്ങളിൽ ആധികാരികമായി മറുപടി നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നു. റോഡ് സുരക്ഷാ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും പാളിച്ചകൾ ഉണ്ടാകുന്നു.

∙ അപകടകരമായ പാലങ്ങൾ, റോഡുകൾ, മറ്റു വളവുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സാങ്കേതിക പരിശോധന നടത്തേണ്ട കമ്മറ്റികളിൽ ഒരഭിപ്രായവും ഇല്ലാതാവുന്നു.

∙ കീഴുദ്യോഗസ്ഥർക്ക് വാഹന പരിശോധനയിൽ സംഭവിക്കാവുന്ന തകരാറുകൾ ചൂണ്ടിക്കാണിക്കാനും, സൂപ്പർ ചെക്ക് നടത്താനും അപ്പീലിൽ തീരുമാനമെടുക്കാനും കഴിയാതാകുന്നു.

∙ കീഴുദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ മുതലായവർ നൽകിയ ചാർജ് മെമോയിൽ ലൈസൻസ് സസ്പെൻ്റ് ചെയ്യേണ്ടി വരുമ്പോൾ ഡ്രൈവിങ്ങിലുള്ള പോരായ്മയാണോ, അശ്രദ്ധയാണോ കാരണമെന്ന് വ്യക്തമായി വിശദീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നു.

∙ മിനിസ്റ്റീരിയൽ ജോയിനറ് ആർടിഒ മാർ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്ന രേഖകൾ ഉണ്ട് എന്ന് ഉറപ്പ് വരുത്താതെ താൽക്കാലിക റജിസ്ട്രേഷൻ അനുവദിക്കുകയും എഎംവിഐ വാഹന റജിസ്ട്രേഷൻ സമയത്ത് പരിശോധിക്കുമ്പോൾ അത് മനസിലാക്കി റദ്ദാക്കേണ്ടി വരികയും ചെയ്യുന്നു.

‘എഎംവിഐമാർ അക്കൗണ്ട് ടെസ്റ്റ്, എംവി ആക്റ്റ്, സിആർപിസി തുടങ്ങിയ പരീക്ഷകൾ പാസായാൽ മാത്രമേ ഏകദേശം പത്തു വർഷത്തിനു ശേഷം എംവി ഐ ആയി സ്ഥാനക്കയറ്റം ലഭിക്കൂ. ഇവരിൽ നിന്നുമാണ് ജോയിന്റ് .ആർടിഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഇതേ തസ്തികയാണ് ക്ലർക്കായി ചേർന്ന് സീനിയർ സൂപ്രണ്ട് ആകുന്ന ആളിന് 2:1 എന്ന അനുപാതത്തിൽ സ്ഥാനക്കയറ്റം നൽകുന്നത്. 290 എംവിഐമാരിൽ 60 പേർക്കു മാത്രം ജോയിന്റ് ആർടിഒ ആയി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ 36 സീനിയർ സൂപ്രണ്ടുമാരിൽ 31 പേർക്കു ജോയിന്റ് ആർടിഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നു.  ഇതുമൂലം 20 വർഷം സർവീസുള്ള ഒരു എഎംവിഐ അതേ തസ്തികയിലോ, തൊട്ടുമുകളിലുള്ള എംവിഐ തസ്തികയിലോ തന്നെ വിരമിക്കേണ്ടി വരുമ്പോൾ ക്ലാർക്ക് ആയി സർവിസിൽ കയറുന്ന ആൾ 20 വർഷം കഴിയുമ്പോൾ ജോയിന്റ് ആർടിഒ, ആർടിഒ തുടങ്ങിയ തസ്തികയിൽ എത്തുന്നതായും സമരരംഗത്തുള്ള ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

English Summary: Strike in Motor Vehicles Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com