കൊച്ചി∙ കഴിഞ്ഞ തവണ രണ്ടുവട്ടം ആരുമറിയാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായി മടങ്ങിയ മന്ത്രിക്ക് ഇക്കുറി കണക്കുകൂട്ടലുകൾ പാളി. മാധ്യമങ്ങളുടെ കണ്ണു വെട്ടിക്കുന്നതിനാണ് മന്ത്രി പുലര്‍ച്ചെ തന്നെ എന്‍ഐഎ ഓഫിസില്‍ എത്തിയത്. അതും ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലായിരുന്നു മന്ത്രിയുടെ വരവ്. 8.30ന് ശേഷമാണ് എൻഐഎ ഉദ്യോഗസ്ഥർ ഓഫിസിലെത്തിയത്.
എങ്കിലും ക്യാമറയ്ക്കു മുന്നിലേക്കു തന്നെയായിരുന്നു മന്ത്രി ചുവടുവച്ചത്. ഗേറ്റിനു പുറത്ത് ഇറങ്ങി ഓഫിസിലേക്കു കയറാന്‍ തീരുമാനിച്ച മന്ത്രി, ക്യാമറ തന്നെ പിന്തുടരുന്നതു കണ്ടതോടെ ഓഫിസ് ഗേറ്റിനുള്ളിലേക്കു വാഹനം കയറ്റിയ ശേഷം തിരിഞ്ഞു മാധ്യമങ്ങള്‍ക്കു മുഖം കൊടുക്കാതെ അകത്തേക്കു കയറിപ്പോകുകയായിരുന്നു എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ വട്ടം ചോദ്യം ചെയ്യലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിഷേധിച്ച മന്ത്രി പിന്നീട് 'മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്' എന്നു പ്രതികരിച്ചിരുന്നു. തനിക്ക് പറയാനുള്ളത് ഫെയ്സ്ബുക്കില്‍ പറയുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇന്നത്തെ വരവും രഹസ്യമാക്കാനായിരുന്നു മന്ത്രി ഉദ്ദേശിച്ചത്. 'ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റെ ആഘാതം അവര്‍ക്ക് ജീവനുള്ളിടത്തോളം മറക്കാനാവില്ല' എന്നു പറഞ്ഞ മന്ത്രി പുലര്‍ച്ചെ എന്‍ഐഎ ഓഫിസ് വാതില്‍ക്കല്‍ മാധ്യമങ്ങളെ പ്രതീക്ഷിച്ചിരുന്നില്ല.
എന്‍ഐഎ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ഇന്നലെ അര്‍ധരാത്രിയില്‍ ഓഫിസില്‍ എത്താമെന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇതു സമ്മതിക്കാതെ വന്നതോടെ രാവിലെ ആറുമണിക്ക് എത്തുന്നതിന് അനുമതി തേടുകയായിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ സമ്മതിച്ചതിനാലാണ് മന്ത്രി പുലര്‍ച്ചെ എത്തിയത് എന്നാണ് അറിയുന്നത്.
English Summary : Minister KT Jaleel at NIA office updates