ADVERTISEMENT

'1976 ലാണ് സംഭവം. എറണാകുളത്ത് അന്ന് കേരളപര്യടനത്തിനായി എത്തിയതാണ് പ്രധാനമന്ത്രി കൂടിയായ ഇന്ദിരാ ഗാന്ധി. ഇന്ദിരാ ഗാന്ധിയെ കാണാനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കുകയും ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരെ കാണണമെന്ന് ഇന്ദിര ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തത് ഒരുമിച്ചായിരുന്നു. അങ്ങനെ അവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഞാന്‍ പകര്‍ത്തിയതാണ് ഈ അപൂര്‍വചിത്രം.' രാഷ്ട്രീയ ചരിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അപൂര്‍വനേട്ടം കൈവരിക്കുമ്പോള്‍ താന്‍ പകര്‍ത്തിയ അപൂര്‍വ ചിത്രത്തെ കുറിച്ച് പറയുകയാണ് ചിത്ര കൃഷ്ണന്‍കുട്ടി. 

'കേരളഭൂഷണം കേരളം' എന്ന മാധ്യമത്തിനായി ചിത്ര കൃഷ്ണന്‍കുട്ടി പകര്‍ത്തിയ ചിത്രമാണ് ഇന്ദിരഗാന്ധിയും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ അന്നത്തെ യുവരക്തവും ഒത്തുചേരുന്ന അപൂര്‍വമുഹൂര്‍ത്തം. ഉമ്മന്‍ചാണ്ടിക്കു പുറമേ എ.കെ. ശശീന്ദ്രന്‍, കെ. മുഹമ്മദാലി, വി.എം. സുധീരന്‍, കെ.സി. ജോസഫ്, എം.എം ഹസന്‍, പി.സി. ചാക്കോ, സി.എച്ച്. ഹരിദാസ്, ചിറ്റാര്‍ രാജന്‍, പാലോട് രവി, സോളമന്‍ അലക്‌സ്, ജി. കാര്‍ത്തികേയന്‍, എന്‍. ശിവശങ്കരന്‍, പി.എം. സുരേഷ് ബാബു, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചെറിയാന്‍ ഫിലിപ്പ്, കെ.പി. പുരുഷോത്തമന്‍ നായര്‍, കോയിവിള വിജയന്‍, ജി. രാമന്‍ നായര്‍ എന്നിവരും ചിത്രത്തിലുണ്ട്. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. 

'അന്ന് ഉമ്മന്‍ചാണ്ടി എംഎല്‍എ ആയിരുന്നു. എനിക്കന്ന് ഇവരെയൊക്കെ നല്ല പരിചയമായിരുന്നു. ആ പരിചയം വച്ചാണ് എല്ലാവരെയും നിര്‍ത്തി ഗസ്റ്റ് ഹൗസിന്റെ മുന്നില്‍ വച്ച് ഈ ചിത്രം എടുക്കുന്നത്. അന്ന് പത്രത്തിലൊക്കെ കൊടുക്കുന്നത് ഇത്തരത്തില്‍ ഗ്രൂപ്പ് ഫോട്ടോകളാണല്ലോ. അതാണ് ഇങ്ങനെ ഒരു ചിത്രം തന്നെ പകര്‍ത്തിയത്. ഇന്നിപ്പോള്‍ ഇവരില്‍ പലരേയും തിരിച്ചറിയാന്‍ പോലും പ്രയാസമാണ്. എല്ലാവരും ഒരുപാട് മാറിയില്ലേ? അന്ന് എല്ലാവരും ഒറ്റക്കെട്ടായിരുന്നു. ഇന്നിപ്പോള്‍ എല്ലാവരും മാറിയില്ലേ' ഫൊട്ടോഗ്രഫി രംഗത്ത് അന്‍പതിലധികം വര്‍ഷങ്ങള്‍ പിന്നിട്ട ചിത്ര കൃഷ്ണന്‍കുട്ടി ഓര്‍ത്തെടുക്കുന്നു. 

chithra-krishnankutty
ചിത്ര കൃഷ്ണൻകുട്ടി

ഉമ്മന്‍ചാണ്ടിയുടെ പല അപൂര്‍വ ചിത്രങ്ങളും കൃഷ്ണന്‍കുട്ടിയുടെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. 1970ല്‍ ഉമ്മന്‍ചാണ്ടി ആദ്യമായി പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്കു മത്സരിക്കുന്ന സമയത്ത് അന്നത്തെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 

'അന്ന് തെങ്ങ് ചിഹ്നത്തിലാണ് ഉമ്മന്‍ചാണ്ടി മത്സരിച്ചത്. തെങ്ങു തൈ നാട്ടി അതില്‍ കൊടികെട്ടും. പിറ്റേദിവസം നോക്കിയാല്‍ സിപിഎമ്മുകാര്‍ അതിനടുത്ത് കവുങ്ങ് നാട്ടിയിരിക്കും. തെങ്ങ് ചിഹ്നമായതു കൊണ്ടു അത് തന്നെയാണ് ചിത്രങ്ങളിലും കൂടുതല്‍. തെങ്ങ് നാട്ടുന്നത്, വെട്ടത്തു കവലയില്‍ നിന്ന് ഘോഷയാത്രയായി പുതുപ്പള്ളിക്ക് കൊണ്ടുവരുന്നത് അങ്ങനെ. കോട്ടയം പ്രസ് ക്ലബ്ബില്‍ നിന്ന് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ദിവസവും ഞങ്ങള്‍ പോകുമായിരുന്നു.' പത്രങ്ങള്‍ക്ക് ഫ്രീലാന്‍സ് ഫൊട്ടോഗ്രഫറായി സേവനം അനുഷ്ഠിച്ച് തന്റെ ഇരുപതുകളിലെ അനുഭവം ഓര്‍ത്തെടുത്ത് അക്ഷരനഗരിയുടെ ഫൊട്ടോഗ്രഫര്‍ പറയുന്നു. 

tiruvanchoor-oommen-chandy
തിരുവഞ്ചൂർ രാധാകൃഷ്ണനും ഉമ്മൻചാണ്ടിയും. ചിത്രം∙ ചിത്ര കൃഷ്ണൻകുട്ടി

ഒരു വര്‍ഷം മുമ്പാണ് ഫൊട്ടോഗ്രഫിയില്‍ ചിത്ര കൃഷ്ണന്‍കുട്ടി 50 വയസ്സ് പിന്നിടുന്നത്. ഉമ്മന്‍ചാണ്ടി നിയമസഭാംഗമായി അമ്പതിന്റെ നിറവില്‍ എത്തിനില്‍ക്കുമ്പോള്‍ ഇന്നും അദ്ദേഹവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് അദ്ദേഹം. 'ഒരിക്കല്‍ ഉമ്മന്‍ചാണ്ടിയോട് അടുത്ത് സംസാരിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു അന്നത്തെ ചിഹ്നം എന്താണെന്ന് ഓര്‍മയുണ്ടോ എന്ന്. അദ്ദേഹം ഇല്ല എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു എനിക്ക് ഓര്‍മയുണ്ട്, തെങ്ങാണെന്ന് ...അപ്പോഴാണ് അദ്ദേഹത്തിന് ഓര്‍മവന്നത്'. തിരഞ്ഞെടുപ്പു പ്രചരണത്തിലെ മാത്രമല്ല, സ്റ്റുഡിയോയില്‍ വച്ചു പകര്‍ത്തിയ ഉമ്മന്‍ചാണ്ടിയുടെ ചിരിക്കുന്ന ചിത്രങ്ങളും ചിത്ര കൃഷ്ണന്‍കുട്ടിയുടെ ശേഖരത്തിലുണ്ട്. നിരവധി നേതാക്കളെ അടുത്തു പരിചയമുണ്ടെങ്കിലും ഉമ്മൻചാണ്ടിയെപ്പോലെ ഒരു ജനകീയ നേതാവ് ഇല്ലെന്നാണ് കൃഷ്ണൻകുട്ടി പറയുന്നത്. 

English Summary : Chithra Krishnankutty on his rare photos of Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com