ADVERTISEMENT

തിരുവനന്തപുരം∙ കേരള രാഷ്ട്രീയത്തെയും കോൺഗ്രസിനെയും സംബന്ധിച്ചു നിർണായക വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഉമ്മൻ ചാണ്ടിയെ അനുമോദിക്കാൻ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തപ്പോഴായിരുന്നു ആന്റണിയുടെ വെളിപ്പെടുത്തൽ.

2004ൽ മുഖ്യമന്ത്രി പദവി ഒഴിയുമ്പോൾ തന്റെ പിൻഗാമിയായി ഉമ്മൻ ചാണ്ടി വരണമെന്നു ഹൈക്കമാൻഡിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് ആന്റണി പറഞ്ഞു. കോൺഗ്രസും മുന്നണിയും ദയനീയമായി പരാജയപ്പെട്ട ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന 2004 മേയ് 13ന്, ധാർമിക ഉത്തരവാദിത്വം എറ്റെടുത്ത് ഹൈക്കമാൻഡിനെ രാജി സന്നദ്ധത അറിയിച്ചിരുന്നു. സോണിയാ ഗാന്ധിക്ക് കത്തും അയച്ചെങ്കിലും അന്ന് രാജിക്കാര്യത്തിൽ തീരുമാനമായില്ല. 2004 ജൂലായിൽ ഡൽഹിയിൽ വച്ചാണ് സോണിയാ ഗാന്ധി രാജിക്ക് അനുമതി നൽകിയത്. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന സോണിയയുടെ ചോദ്യത്തിന് ഉമ്മൻ ചാണ്ടിയുടെ പേരാണ് താൻ നിർദേശിച്ചത്. രാജിവയ്ക്കേണ്ട സമയവും നിശ്ചയിച്ചാണ് അന്ന് ഡൽഹിയിൽനിന്ന് മടങ്ങിയത്.

ഇക്കാര്യം ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആർക്കും അറിയില്ലായിരുന്നു. ഏതു പ്രതിസന്ധിയിലും വിശ്വസിക്കാവുന്ന അത്താണിയാണ് ഉമ്മൻ ചാണ്ടി. രാജിക്കുള്ള അനുമതി ഹൈക്കമാൻഡ് നൽകി ഒന്നര മാസം കഴിഞ്ഞ് 2004 ഓഗസ്റ്റ് 28നാണ് രാജിവച്ചത്. ചില വാക്കുകൾ പാലിക്കാനും ചില കടമകൾ പൂർത്തീകരിക്കാനുമാണ് ഒന്നര മാസത്തോളം രാജി വൈകിയത്. രാജി വയ്ക്കാൻ തീരുമാനിച്ച മുഖ്യമന്ത്രിയാണ് ഇക്കാലയളവിൽ കർമനിരതനായി പ്രവർത്തിക്കുന്നതെന്നു ആർക്കും അറിയില്ലായിരുന്നു.

രാജി നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരുന്നു. ഉമ്മൻ ചാണ്ടിക്കോ തന്റെ കുടുംബത്തിനോ പോലും അറിയാത്ത രഹസ്യമാണിത്. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യം എത്തിയതിനാലാണ് ഇതെല്ലാം വിശദീകരിക്കുന്നതെന്നും ആന്റണി കൂട്ടിച്ചേർത്തു.

English Summary: AK Antony reveals secret about his resignation from CM post and Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com