ADVERTISEMENT

ന്യൂഡൽഹി ∙ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് കേസിലെ അനുബന്ധ കുറ്റപത്രത്തിൽ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യൻ മിഷേലിന്റെ പേര് ഉൾപ്പെടുത്തി സിബിഐ. ക്രിസ്റ്റ്യൻ മിഷേൽ ഉൾപ്പെടെ 15 ആളുകളുടെ പേരുകളാണ് അനുബന്ധ കുറ്റപത്രത്തിൽ ചേർത്തിട്ടുള്ളത്. 2018 ഡിസംബറിൽ യുഎഇ ഇന്ത്യയ്ക്കു കൈമാറിയ ക്രിസ്റ്റ്യൻ മിഷേൽ നിലവിൽ ഡൽഹി തിഹാർ ജയിലിലാണ്. വിചാരണ ചെയ്യാൻ അനുമതി ലഭിക്കാത്തതിനാൽ മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ശശികാന്ത് ശർമയുടെ പേര് സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഹെലികോപ്റ്റര്‍ ഇടപാടിൽ ക്രിസ്റ്റ്യൻ മിഷേലിന്റെ പങ്ക്, അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് എന്ന സ്ഥാപനത്തിന് ഹെലികോപ്റ്റര്‍ കരാർ ലഭിക്കുന്നതിന് മിഷേൽ എങ്ങനെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു തുടങ്ങിയവ കുറ്റപത്രത്തിൽ വിവരിക്കുന്നു. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബിസിനസുകാരനായ രാജീവ് സക്സേനയുടെ സഹായത്തോടെ എങ്ങനെ ക്രിസ്റ്റ്യൻ മിഷേൽ കോഴ കൈപറ്റിയെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് കൈമാറിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ബ്രിട്ടൻ, യുഎഇ, ഇറ്റലി, തുനീസിയ, മൗറിഷ്യസ് എന്നീ രാജ്യങ്ങളിൽ നിന്ന് സിബിഐ ശേഖരിച്ചിരുന്നു. ഇടപാടിൽ രാഷ്ട്രീയ നേതാക്കൾക്കുള്ള പങ്ക് സംബന്ധിച്ച് കുറ്റപത്രത്തിൽ പരാമർശമില്ലെന്നാണ് സൂചന. 

രാഷ്ട്രപതിയുൾപ്പെടെയുള്ള അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്‌റ്റ്ലാൻഡിൽനിന്ന് 12 എഡബ്ള്യു–101 ഹെലികോപ്ടറുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടിൽ മിഷേലിന് 225 കോടി രൂപ കോഴ ലഭിച്ചെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016 ൽ നൽകിയ കുറ്റപത്രത്തിലെ ആരോപണം. 2010 ഫെബ്രുവരിയിൽ ഉണ്ടാക്കിയ കരാർ സർക്കാരിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു സിബിഐ റജിസ്റ്റർ ചെയ്ത എഫ്ഐആറിലെ ആരോപണം.

English Summary: CBI names christian michel In supplementary chargesheet in AgustaWestland Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com