ADVERTISEMENT

പെരിയ ∙ കാസർകോട് കേരള കേന്ദ്ര സർവകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗം അസി. പ്രഫസർ ഡോ. ക്യൂരിയസ് ബാരേ (45) അന്തരിച്ചു. മേഘാലയയിലെ ജയന്തിയ ഹിൽസ് സ്വദേശിയാണ്. ഷില്ലോങ്ങിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം 20ന് നടക്കും. 2017ൽ ശ്വാസനാളത്തിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ സ്വനപേടകം നീക്കം ചെയ്തിരുന്നു. സംസാരശേഷി നഷ്ടപ്പെട്ടിട്ടും അധ്യാപനത്തിന്റെ പുതിയ മാതൃക തീർത്താണു ഡോ. ക്യൂരിയസ് ബാരേ വിടവാങ്ങുന്നത്. ഭാര്യ: ഒഡാക്ക. മകൻ: ജയ്ഡൻ.

ഷില്ലോങ്ങിലെ നോർത്ത് ഈസ്റ്റേൺ ഹിൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഭാഷാശാസ്ത്രത്തിൽ എംഎയും പിഎച്ച്ഡിയും എടുത്തു. 2007 മുതൽ 2011 വരെ നെഹുവിലെ (NEHU) ഭാഷാശാസ്ത്ര വകുപ്പിൽ റിസർച് അസോസിയേറ്റായിരുന്നു. 2009-2013 മുതൽ ആറ് അക്കാദമിക് സെമസ്റ്ററുകളിൽ നെഹുവിലെ ഭാഷാശാസ്ത്ര വകുപ്പിൽ ഗെസ്റ്റ് ഫാക്കൽറ്റിയായി പഠിപ്പിച്ചു.

കേരള കേന്ദ്ര സർവകലാശാലയിൽ അസിസ്റ്റന്റ് പ്രഫസറായി ചേരുന്നതിനു മുമ്പ് 2013 നവംബറിൽ ഭാഷാശാസ്ത്രത്തിൽ ഗവേഷണം നടത്തി. വിവരണാത്മക ഭാഷാശാസ്ത്രം, സ്വരസൂചകം, സ്വരശാസ്ത്രം, ഭാഷാപരമായ ടൈപ്പോളജി, ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകളുടെ ഘടന എന്നിവയിൽ ഗവേഷണ ലേഖനങ്ങൾ എഴുതി. 2014 ൽ 'A Descriptive Grammar' എന്ന പുസ്തകം ഈസ്റ്റേൺ ബുക്ക് ഹൗസ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചു. കേന്ദ്ര സർവകലാശാലയിൽ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് 2017 ൽ ശ്വാസനാളത്തിൽ കാൻസർ ബാധിച്ചത്.

Curiously-Bareh
ഡോ. ക്യൂരിയസ് ബാരേ ഭാര്യയ്ക്കും മകനും ഒപ്പം.

ലാറിഞ്ചെക്ടമി

വായ, മൂക്ക്, അന്നനാളം എന്നിവയിൽനിന്ന് ശ്വാസനാളത്തെ നീക്കം ചെയ്യുകയും വായുമാർഗ്ഗത്തെ വേർതിരിക്കുകയും ചെയ്യുന്നതാണ് ലാറിഞ്ചെക്ടമി (Laryngectomy). മൊത്തം ലാറിഞ്ചെക്ടമിയിൽ, മുഴുവൻ ശ്വാസനാളവും നീക്കംചെയ്യുന്നു (വോക്കൽ മടക്കുകൾ, ഹയോയിഡ് അസ്ഥി, എപ്പിഗ്ലോട്ടിസ്, തൈറോയ്ഡ്, ക്രൈക്കോയിഡ് തരുണാസ്ഥി, കുറച്ച് ശ്വാസനാള കാർട്ടിലേജ് വളയങ്ങൾ എന്നിവ ഉൾപ്പെടെ). ഭാഗിക ലാറിഞ്ചെക്ടമിയിൽ, ശ്വാസനാളത്തിന്റെ ഒരു ഭാഗം മാത്രമേ നീക്കംചെയ്യൂ.

2017 ലെ സർജറിക്ക് ശേഷം ഡോ. ബാരേയ്ക്ക് സംസാരശേഷി നഷ്ടപ്പെട്ടു. പിന്നീട് അദ്ദേഹം കംപ്യൂട്ടറും സ്പീക്കറും ഉപയോഗിച്ച് െടക്സ്റ്റ് ടു സ്പീച്ച് എന്ന സോഫ്റ്റ്‍വെയറിന്റെ സാധ്യതകളിലൂടെയാണ് മനോഹരമായി ക്ലാസ് എടുത്തിരുന്നത്. കുട്ടികൾക്കുള്ള അറിയിപ്പുകൾ കടലാസിൽ എഴുതിക്കൊണ്ടുവരികയും കുട്ടികളെ കൊണ്ടുതന്നെ വായിപ്പിക്കുകയും ചെയ്യുമായിരുന്നു. ഭാര്യയോടും മകനോടും ചുണ്ടുകൾ ഉപയോഗിച്ചു പ്രത്യേക ശബ്ദം പുറപ്പെടുവിച്ചായിരുന്നു സംസാരിക്കാറുള്ളതെന്നു വിദ്യാർഥികൾ പറഞ്ഞു.

ഓർമകൾ പങ്കിട്ട് വിദ്യാർഥികൾ

‘ശബ്ദം ഇല്ലാത്ത ഒരു മനുഷ്യൻ ഭാഷാശാസ്ത്ര അധ്യാപകനാവുക എന്നത് അദ്ഭുതമായിരുന്നു. പിന്നീടതൊരു പ്രചോദനമായിമാറി. തോൽക്കാൻ മനസ്സില്ലാത്തവരെ തോൽപ്പിക്കാൻ ഒരു പരിമിതിക്കും കഴിയില്ലായെന്നു കാണിച്ചു തന്നയാൾ. വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ കഴിയുന്ന ഒരനുഭവം ആയിരുന്നില്ല കഴിഞ്ഞ രണ്ടുവർഷങ്ങൾ. പരിചയപ്പെട്ടിട്ടുള്ളതിൽ, മനസ്സിൽ തങ്ങിനിൽക്കുന്ന രണ്ടു വ്യക്തികളാണ് ബാരേ സാറും ഭാര്യയും.’– ഭാഷാശാസ്ത്ര വിഭാഗം വിദ്യാർഥി കീർത്തന കരുണാകരൻ അനുസ്മരിച്ചു.

‘കഴിഞ്ഞ വർഷം കോളജ് ഇന്റർ സ്‌കൂൾ ഫുട്ബോൾ ടൂർണമെന്റ് നടന്നു. അന്നായിരുന്നു സാറിന്റെ ആദ്യത്തെ ഇന്റേണൽ എക്സാം വച്ചിരുന്നത്. തോൽക്കുമെന്ന് ഉറപ്പിച്ചു പോകുന്ന കളിയായിട്ടു കൂടി, അദ്ദേഹത്തെ കണ്ട് എക്സാം മാറ്റിവയ്ക്കാമോ, ക്ലാസ്സിന് മൊത്തം കാണാൻ പോകണമെന്നു പറഞ്ഞപ്പോൾ പരീക്ഷ പിറ്റേദിവസം വയ്ക്കാമെന്ന് വാക്കു തന്നു. ഞങ്ങൾ കളി ജയിച്ചപ്പോൾ പിറ്റേന്ന് ഫൈനലിൽ കളിക്കാൻ വീണ്ടും പരീക്ഷ മാറ്റിവയ്ക്കാമോ എന്നു ചോദിച്ചപ്പോൾ കളിക്കാൻ പോകുന്നവർക്ക് പിന്നീട് അവസരം തരാം എന്ന് സന്തോഷത്തോടെ അറിയിക്കുകയും ചെയ്തു. ഞങ്ങൾക്കദ്ദേഹം നല്ലൊരു സുഹൃത്തിനെ പോലെയായിരുന്നു.’– മൂന്നാം സെമസ്റ്റർ വിദ്യാർഥി പ്രാദ്യോത് സുരേന്ദ്രൻ പറഞ്ഞു.

‘സർവകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിലെ ആദ്യ ബാച്ച് ഞങ്ങൾ 9 പേരുടേതായിരുന്നൂ. രണ്ടാം വർഷമാണ് താൽക്കാലിക അധ്യാപകരെ മാറ്റി സ്ഥിരം അധ്യാപകരെ നിയമിച്ചത്. വരുന്ന അധ്യപകരൊക്കെ മലയാളികളല്ല എന്നറിഞ്ഞു. അധ്യാപകർ ഓരോരുത്തരായി ക്ലാസ്സിൽ വരാൻ തുടങ്ങി. അങ്ങനെ മേഘാലയയിലെ സാർ വന്നു സ്വയം പരിചയപ്പെടുത്തി. My Name is Curiously Bareh. ആകാംക്ഷയോടെ ഇരുന്ന ഞങ്ങളിൽ ചെറിയ ചിരി പടർത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സാർ ഞങ്ങളുടെ ആരൊക്കെയോ ആവുകയായിരുന്നു.

വളരെ മൃദുവായ ശബ്ദം, നിശബ്ദമായ സ്വഭാവം, ഇടയ്ക്കുള്ള നർമ സംഭാഷണങ്ങളും. വെറും പച്ചയായ മനുഷ്യൻ. ഇത്ര മതി സാറിനെ എന്നും ഓർമിക്കാൻ. പഠനം കഴിഞ്ഞു ജോലിക്ക് കയറിയപ്പോഴും വിളിച്ചു പറഞ്ഞു. പിന്നെ കല്യാണം വിളിക്കാൻ പോയി. കല്യാണത്തിന് സമ്മാനവുമായി സാർ വന്നു. കൂട്ടുകാരി ശ്വേത വിശ്വന്റെ കല്യാണത്തിന് പങ്കെടുക്കാൻ പറ്റാത്തത് കൊണ്ട് അവൾക്കുള്ള സമ്മാനം കൂടി കൊണ്ടാണു വന്നത്. ഭംഗിയുള്ള കുപ്പി ഗ്ലാസുകൾ. അനുഗ്രഹം തന്നു പോയതാണ്. അതിനു ശേഷം കാണാൻ പറ്റിയില്ല.’– മുൻ വിദ്യാർഥി ശ്വേത സുകുമാരൻ പറഞ്ഞു.

‘യൂണിവേഴ്‌സിറ്റി കലോത്സവമായ കങ്കാമയുടെ സമയത്ത് ഞാനും അനഘയും പ്രൊസഷൻ കഴിഞ്ഞ് ബാഗ് എടുക്കാൻ വേണ്ടി ക്ലാസ്സിലേക്ക് വന്നപ്പോൾ ആ മേക്കപ്പ് കണ്ടു പേടിച്ചു എന്നിട്ട് ശരിക്കും സ്കാറി ആണെന്ന് പറഞ്ഞു ഫോട്ടോ എടുത്തു. കുഞ്ഞു പിള്ളേരെ പേടിപ്പിക്കാലോ എന്നു പറഞ്ഞു ചിരിച്ചു. ശബ്ദങ്ങളെ സ്നേഹിച്ച എല്ലാവരുടെയും പ്രിയപ്പെട്ട ആ അധ്യാപകൻ ശബ്ദമില്ലാത്ത ലോകത്തേക്ക് യാത്രയായി.’– മൂന്നാം സെമസ്റ്റർ വിദ്യാർഥി ഐശ്വര്യ പ്രദീപ് പറഞ്ഞു.

തയാറാക്കിയത്: മോഹൻദാസ് വയലാംകുഴി

English Summary: Central University of Kerala Assistant Professor Dr Curiously Bareh passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com