ADVERTISEMENT

തിരുവനന്തപുരം∙ യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയില്‍ കസ്റ്റംസ് കേസെടുത്തു. മൂന്നുവര്‍ഷം കൊണ്ട് നയതന്ത്രമാര്‍ഗത്തിലൂടെ 17,000 കിലോ ഈന്തപ്പഴം എത്തിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണം. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയും ഇതോടെ അന്വേഷണത്തിന്‍റെ നിഴലിലായി.

2016 ഒക്ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയത് 17,000 കിലോ ഈന്തപ്പഴം. എത്തിയത് കോണ്‍സുല്‍ ജനറലിന്‍റെ പേരിൽ.  ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്. സ്വന്തം ആവശ്യത്തിനെന്ന പേരില്‍ നികുതിയില്ലാതെ 17,000 കിലോ ഈന്തപ്പഴമെത്തിച്ച് പുറത്ത് വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് നയതന്ത്ര ബാഗേജുകള്‍ക്ക് നികുതി ഒഴിവാക്കി നല്‍കാന്‍ ആവശ്യം വന്നിരുന്നില്ലെന്നാണ് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി. അതുകൊണ്ടുതന്നെ ഈന്തപ്പഴം പുറത്ത് വിതരണം ചെയ്തതിലും അന്വേഷണമുണ്ടാകും. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അന്വേഷണ നിഴലിലാകുന്നത്.

സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സുല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റേ ചേംബറില്‍ വച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൂജപ്പുര ചില്‍ഡ്രണ്‍സ് ഹോമിലെ കുറച്ച് വിദ്യാര്‍ഥികള്‍ക്ക് ഈന്തപ്പഴം നല്‍കിയായിരുന്നു ഉദ്ഘാടനം. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം ബഡ്സ് സ്കൂളുകളുള്‍പ്പെടെ പലയിടത്തും ഈന്തപ്പഴ വിതരണം നടന്നിട്ടില്ലെന്നും ആരോപണമുണ്ട്. ഇതടക്കം വിശദമായ അന്വേഷണമാവും നടത്തുക.

English Summary: Import of dates: Customs registered cases against state government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com