ADVERTISEMENT

കൊച്ചി ∙ അൽഖായിദ ബന്ധത്തിന്റെ പേരിൽ എൻഐഎ മൂർഷിദാബാദിലും കൊച്ചിയിലുംനിന്നു പിടികൂടിയ പ്രതികൾ താമസിച്ചിരുന്നത് വ്യത്യസ്ത ഇടങ്ങളിൽ. കേരളത്തിൽ പിടിയിലായ മൂന്നു പേർ മൂന്നു സ്ഥലങ്ങളിൽ താമസിച്ചപ്പോൾ മൂർഷിദാബാദിൽ അറസ്റ്റിലായത് ആറിടങ്ങളിൽ നിന്നാണ്. സാധാരണക്കാരെപ്പോലെ താമസിച്ച് ജോലി ചെയ്ത് ഭീകര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയായിരുന്നു ഇവരെന്നാണ് വ്യക്തമാകുന്നത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇവർ സാധാരണ ജോലികളിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ സ്ഥിരമായി ഒരു ജോലിക്കും ഇവർ പോയിരുന്നില്ല എന്നും വ്യക്തമാകുന്നുണ്ട്.

പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതു സംബന്ധിച്ച് എൻഐഎ അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. പ്രതികളിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തിയ നാടൻ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ സ്വയരക്ഷയ്ക്കായി കരുതിയതാണ് എന്നാണ് വിലയിരുത്തൽ. പെട്ടെന്ന് പൊലീസിൽ നിന്നോ മറ്റേതെങ്കിലും അന്വേഷണഏജൻസികളിൽ നിന്നോ ആക്രമണമുണ്ടായാൽ മുൻകരുതൽ എന്ന നിലയിലായിരുന്നു ഇത്. എന്നാൽ അർധരാത്രിയിൽ ഒരു തിരച്ചിൽ പ്രതീക്ഷിക്കാതിരുന്നത് തീവ്രവാദി സംഘത്തിന് തിരിച്ചടിയാകുകയായിരുന്നു.

രാജ്യത്ത് അൽഖായിദ തീവ്രവാദ പ്രവർത്തനം നടത്താൻ ലക്ഷ്യമിടുന്നതായി ഈ മാസം ആദ്യമാണ് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. ഇതു സംബന്ധിച്ച് ഡൽഹിയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ എട്ടു ദിവസമായി പ്രതികളെ അന്വേഷണ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ ചിലർ ഡൽഹിയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെയാണ് നടപടിയുണ്ടായത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു എൻഐഎയുടെ നീക്കം. രാജ്യത്ത് 12 കേന്ദ്രങ്ങളിൽ ഒരേ സമയമായിരുന്നു പരിശോധനകളും അറസ്റ്റും. പാതാളത്തു പ്രതിയെ പിടികൂടിയ നടപടി 15 മിനിറ്റ് മാത്രമായിരുന്നെന്ന് ഇവിടെ താമസിച്ചിരുന്ന മറ്റുള്ളവർ വ്യക്തമാക്കുന്നത്. അഞ്ചു പേർ താമസിച്ചിരുന്ന വീട്ടിൽനിന്ന് കൃത്യമായി പ്രതിയിലേക്ക് അന്വേഷണ സംഘം എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിടിയിലായ തീവ്രവാദികൾ പദ്ധതിയിട്ടത് കേരളത്തിൽനിന്നു പണം സ്വരൂപിച്ച് കശ്മീരിൽ എത്തിക്കലായിരുന്നു എന്നാണ് വിവരം. കശ്മീരിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഡൽഹി ഉൾപ്പടെ രാജ്യത്തെ വൻ നഗരങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നാണ് വിവരം. ഒരു ഘട്ടത്തിൽ കേരളത്തിൽ നാവികസേനാ ആസ്ഥാനത്തും കപ്പൽ നിർമാണശാലയിലും ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്നും ‍‍‍‍ഡൽഹിയിലാണ് ആദ്യ ആക്രമണം പദ്ധതിയിട്ടതെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

പാതാളത്തെ വീട്ടിൽ പ്രതി എത്തിയത് ലോക്ഡൗൺ സമയത്താണെന്നാണ് വ്യക്തമാകുന്നത്. നേരത്തേ 25 പേർ വരെ താമസിച്ചിരുന്ന വീട്ടിൽ കുറച്ചു നാളായി മൂന്നു പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടെ, തൊഴിലാളികളെ എത്തിക്കുന്ന ഏജന്റ് പറഞ്ഞതിനാലാണ് ഇയാളെ ഇവിടെ താമസിപ്പിച്ചതെന്ന് വീട്ടുടമ നാസർ പറഞ്ഞു. യഥാർഥ തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ വാങ്ങിയ ശേഷമാണ് ഇവിടെ താമസിപ്പിച്ചത്. പരിശോധനയ്ക്ക് എൻഐഎ എത്തിയപ്പോൾ വിളിപ്പിച്ചിരുന്നു. അവരോട് കാര്യങ്ങൾ വിശദീകരിക്കുകയും രേഖകൾ കൈമാറുകയും ചെയ്തു. ഇപ്പോൾ പിടിയിലായ മൂർഷിദ് ഹസൻ എല്ലാ പണിക്കും പോയിരുന്നെന്നും താൻ വാടകയ്ക്കു നൽകിയിട്ടുള്ള ചായക്കടയിലും ജോലി ചെയ്തിട്ടുണ്ടെന്നും നാസർ പറഞ്ഞു.

English Summary: Terrorists stayed in different locations as normal people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com