ADVERTISEMENT

കൊച്ചി∙ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 12 കോടിയുടെ തിരുവോണം ബംപർ എറണാകുളത്തു ജോലി ചെയ്യുന്ന ഇടുക്കി സ്വദേശി അനന്തു വിജയന് (24). അയ്യപ്പൻ കാവിലെ വിഘ്നേശ്വര ലോട്ടറി ഏജൻസീസ് വഴി വിറ്റഴിച്ച ടിബി 173964 നമ്പർ ടിക്കറ്റിനാണു ബംപറടിച്ചത്. 12 കോടി രൂപയിൽ 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും കഴിച്ച് 7.56 കോടി രൂപയാണ് അനന്തുവിനു ലഭിക്കുക.

‘രാവിലെ ഒന്നാം സമ്മാനം എനിക്കാണെന്നു ഞാൻ തമാശയ്ക്കു കൂട്ടുകാരോടു പറഞ്ഞിരുന്നു. ഫലം വന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി.’ – അനന്തു മനോരമയോടു പറഞ്ഞു. ‘പരിചയമുള്ള ഒരു ബാങ്ക് ഉദ്യോഗസ്ഥ വഴി ടിക്കറ്റ് ബാങ്കിൽ ഏൽപിച്ചു. ഇതുവരെ അടിച്ച ഏറ്റവും വലിയ സമ്മാനം 5000 രൂപയായിരുന്നു.’ എറണാകുളം എളംകുളത്തെ ക്ഷേത്രത്തിലാണ് അനന്തുവിനു ജോലി. കണ്ണൂർ പെരളശേരിക്കാരനായ എൻ.അജേഷ് കുമാറാണ് വിഘ്നേശ്വര ഏജൻസീസ് ഉടമ.

ലോട്ടറി വിൽപനയ്ക്കിറങ്ങി കാൽ നൂറ്റാണ്ടിനിടെ പലപ്പോഴും ഒരു കോടിയും 70 ലക്ഷവുമെല്ലാം അടിച്ചിട്ടുണ്ടെങ്കിലും ബംപർ നേട്ടം ആദ്യം. വാവോട് കണ്ണോത്ത് കുഞ്ഞപ്പനായരുടെ മകനായ അജേഷ് 25 വർഷം മുൻപാണു കൊച്ചിയിലെത്തിയത്. വിഘ്നേശ്വര ഏജൻസി തുറന്നിട്ട് 15 വർഷം. കടവന്ത്ര കെ.പി.വള്ളോൻ റോഡിൽ തട്ടിൽ ലോട്ടറി നിരത്തി വിൽപന നടത്തുന്ന തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി അഴകച്ചാമി അജേഷിൽ നിന്നു വാങ്ങിക്കൊണ്ടുപോയ 10 ടിക്കറ്റുകളിൽ ഒന്നിനാണു 12 കോടി രൂപ അടിച്ചത്.

തിരുവോണം ബംപറിലെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ 6 പേർക്കു ലഭിച്ചു. ടിഎ 738408 (നെയ്യാറ്റിൻകര), ടിബി 474761 (പയ്യന്നൂർ), ടിസി 570941 (കരുനാഗപ്പള്ളി), ടിഡി 764733 (ഇരിങ്ങാലക്കുട), ടിഇ 360719 (കോട്ടയം), ടിജി 787783 (ആലപ്പുഴ). മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കു ലഭിക്കും. കോവിഡ് പശ്ചാത്തലത്തിലും ഭാഗ്യക്കുറി വകുപ്പിന് ഓണം ബംപർ ടിക്കറ്റ് വിൽപനയിലൂടെ ഇത്തവണ വൻ നേട്ടമാണുണ്ടായത്. 44.10 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 44,09,980 ടിക്കറ്റുകൾ വിറ്റു.

അച്ചടിപിശകു കാരണം 20 ടിക്കറ്റുകൾ വിറ്റില്ല. ആവശ്യക്കാർ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ വീണ്ടും അച്ചടിച്ചു. ശനിയാഴ്ചയും വിവിധ ജില്ലാ ഓഫിസുകൾ പ്രവർത്തിച്ചാണു ടിക്കറ്റുകൾ വിറ്റത്. ലോട്ടറിയുടെ ജിഎസ്ടി തീരുവ 28 ശതമാനമായി ഉയർത്തിയതിനാൽ ഇത്തവണത്തെ ഓണം ബംപർ ടിക്കറ്റ് വിൽപനയിലൂടെ 22 കോടി രൂപയുടെ ലാഭമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം 38.28 കോടി രൂപയാണ് സർക്കാരിന് ഓണം ബംപറിലൂടെ ലാഭം കിട്ടിയത്. അന്ന് 12 ശതമാനം മാത്രമായിരുന്നു ജിഎസ്ടി.

English Summary: Onam Bumper for Idukki Native

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com