ADVERTISEMENT

ചണ്ഡീഗഡ്∙ വൻപ്രതിഷേധത്തിന് ഇടയിലും കാർഷിക ബില്ലുകൾ രാജ്യസഭയിലും പാസായതോടെ തെരുവിലിറങ്ങി കർഷകർ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലി പഞ്ചാബിൽനിന്ന് ആരംഭിച്ചു. കർഷകർ ട്രാക്ടറുകളിൽ ഡൽഹിയിലേക്ക് റാലി നടത്തുകയാണ്. സിറാക്പൂരിൽനിന്നു ഡൽഹിയിലേക്കാണ് കർഷകരുടെ യാത്ര. പഞ്ചാബിലെ വിവിധയിടങ്ങളിൽ കാർഷിക ബില്ലിന്റെ പകർപ്പുകൾ കർഷകർ കത്തിച്ചു. 

ഹരിയാനയിൽ ദേശീയ പാതകൾ തടഞ്ഞാണു കർഷകരുടെ പ്രതിഷേധം. ഭാരതീയ കിസാൻ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഗുർണം സിങ്ങിന്റെ നേതൃത്വത്തിലാണ് അംബാല – റൂർക്കി ദേശീയ പാതയിൽ പ്രതിഷേധം നടത്തുന്നത്. സർക്കാരിന് കർഷകരുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ലെന്നും ഇവ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

ഹരിയാനയുടെ വിവിധ ഇടങ്ങളിലായി വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രക്ഷോഭകർ റോഡുകളിൽ നിറയുകയാണ്. കൂടുതൽ പേരും ട്രാക്ടറുമായാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്. അംബാലയിലെ സദോപുർ അതിർത്തിയിൽ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

അതിനിടെ ശിരോമണി അകാലിദൾ എംപി നരേശ് ഗുജ്‌റാൽ പഞ്ചാബിലെ കർഷകരെ നിസ്സാരക്കാരായി കാണരുതെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പു നൽകി. ‘പഞ്ചാബിലെ കർഷകർ ദുർബലരാണെന്ന് നിങ്ങൾ വിചാരിക്കരുത്. എല്ലാ പഞ്ചാബികളും നമ്മുടെ ഗുരുവിന്റെ മക്കളാണ്, അവരിൽനിന്നാണ് ത്യാഗത്തെ കുറിച്ചും അടിച്ചമർത്തലിനെതിരെ പോരാടാനും ഞങ്ങൾ പഠിച്ചത്. പഞ്ചാബിലെ കർഷകരെ അടിച്ചമർത്തിയാൽ അകാലിദാൾ അവർക്കൊപ്പം മാത്രമേ നിൽക്കൂ.’– ഗുജ്‌റാൽ പറഞ്ഞു. 

പ്രതിപക്ഷ എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ് കാർഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കിയത്. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ പിൻബലത്തിലാണ് ബിൽ പാസാക്കിയത്. രണ്ടു ബില്ലുകളാണ് ഇന്ന് പാസാക്കിയത്. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുമുള്ള ബില്ലുകളാണ് ഇവ. ഭേദഗതി നിർദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. പ്രതിപക്ഷ അംഗങ്ങൾ സഭാ അധ്യക്ഷന്റെ അടുത്തേക്കു പാഞ്ഞടുത്തു. സഭാ അധ്യക്ഷന്റെ മൈക്ക് തട്ടിമാറ്റാനും ശ്രമം നടന്നു. ഇതു കയ്യാങ്കളിയിൽ കലാശിച്ചു.

ബില്ലുകൾ കർഷകവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കറുത്ത ദിനമെന്ന് ഈ ദിവസത്തെ ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്നാണ് കോൺഗ്രസിന്റെ രാജ്യസഭ എംപി അഹമ്മദ് പട്ടേൽ പ്രതികരിച്ചത്. എന്നാൽ താങ്ങുവിലയില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു ഡിഎംകെയുടെയും തൃണമൂല്‍ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആവശ്യം. എന്നാലിതു തള്ളി. അതേസമയം, കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്റാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

‘പ്രതിപക്ഷം കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2022ൽ കർഷക വരുമാനം ഇരട്ടിയാക്കുമെന്നാണ് കേന്ദ്രത്തിന്റെ വാഗ്ദാനം. എന്നാൽ ഇന്നത്തെ നിരക്കിൽ കർഷകരുടെ വരുമാനം 2028ന് മുൻപ് ഇരട്ടിയാകില്ല’ – തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒ ബ്രയൻ പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഓർഡിനൻസുകൾ നീക്കാൻ ഇതുവരെ മൂന്നു ബില്ലുകൾ ലോക്സഭയിൽ പാസാക്കിയിട്ടുണ്ട്.

English Summary : Heavy protest in Punjab and Haryana over agri bills, tractor rally to Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com