ADVERTISEMENT

പിത്തോറഗഢ് ∙ നേപ്പാൾ – ചൈന അതിർത്തിയിൽ നേപ്പാളിന്റെ ഭാഗത്ത് ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) 9 കെട്ടിടങ്ങൾ നിർമിച്ചതായി റിപ്പോർട്ട്. നേപ്പാളിന്റെ കർനാലി പ്രവിശ്യയിൽപ്പെടുന്ന ഹുംല ജില്ലയുടെ ഒറ്റപ്പെട്ട പ്രദേശത്താണ് ഈ നിർമാണങ്ങൾ. ‌ഹുംലയിലെ നാംഖ ഗോപാലികയിലെ (മുനിസിപ്പാലിറ്റി)  ലാപ്ച–ലിമി മേഖലയിലാണ് നിർമാണങ്ങൾ.

അതിർത്തിയിൽനിന്ന് ഏകദേശം രണ്ടു കിലോമീറ്ററോളം ഉള്ളിലാണ് ഈ പ്രദേശം. നാംഖ മുനിസിപ്പാലിറ്റി ചെയർമാൻ വിഷ്ണു ബഹാദുർ ലാമ ഒരുമാസം മുൻപാണ് ഈ നിർമാണം കണ്ടെത്തിയത്. ഇവിടം സന്ദർശിക്കാനെത്തിയ ലാമയെ പിഎൽഎ സൈനികർ തടഞ്ഞെന്നും പ്രവേശിപ്പിച്ചില്ലെന്നുമാണ് റിപ്പോർട്ട്. മാത്രമല്ല, പ്രദേശത്തെ ഗ്രാമീണരെയും സൈനികർ ഇങ്ങോട്ടേക്കു കടത്തിവിടുന്നില്ല.

ഇതേത്തുടർന്ന് ലാമ ഇക്കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചെന്നും ഓഗസ്റ്റ് 30നും സെപ്റ്റംബർ 9നുമിടയിൽ സ്ഥലം സന്ദർശിക്കാൻ ഒരു സംഘത്തെ നിയോഗിച്ചെന്നും ദേശീയമാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതു സംബന്ധിച്ച റിപ്പോർട്ട് ഇവർ നൽകിയിട്ടുണ്ട്.

വർഷങ്ങൾക്കുമുൻപുതന്നെ ലാപ്ച – ലിമി മേഖലയിലേക്ക് ചൈന റോഡുകൾ നിർമച്ചിരുന്നുവെന്നാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന വിവരം. ടിബറ്റുമായി അതിർത്തി പങ്കിടുന്ന മേഖലയാണിത്. മാത്രമല്ല, ഇവിടം കൈപ്പിടിയിലായാൽ ചൈനയയ്ക്ക് കൈലാസ് മാനസരോവർ മേഖലയെ കൃത്യമായി നിരീക്ഷിക്കാനുമാകും. 

‘10 വർഷംമുൻപ് റോഡ് നിർമിച്ചപ്പോൾ ലാപ്ച – ലിമിയിൽ ഒരു കെട്ടിടം കൂടി നിർമിച്ചിരുന്നു. അന്ന് നേപ്പാൾ എതിർത്തപ്പോൾ ചൈന പറഞ്ഞത് അതൊരു വെറ്ററിനറി കേന്ദ്രമാണെന്നും ചരക്കു ചുമക്കുന്ന മൃഗങ്ങളെ ചികിത്സിക്കാമെന്നും ഇരുഭാഗത്തുനിന്നുമുള്ള രാജ്യക്കാർക്ക് ഉപകാരപ്പെടുമെന്നും ആയിരുന്നു. വളരെ ഒറ്റപ്പെട്ട പ്രദേശമാണ് ലാപ്ച – ലിമി. നേപ്പാൾ ഭരണകൂടത്തിന് കാര്യമായ സ്വാധീനവുമില്ല. അതിനാൽത്തന്നെ എന്നാണ് ഒന്നിൽനിന്ന് ഒൻപതു കെട്ടിടങ്ങൾ ഇവിടെ നിർമിക്കപ്പെട്ടതെന്നു വ്യക്തമല്ല’ – ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

കുറച്ചുമാസങ്ങളായി ടിബറ്റിൽ റോഡുകൾ നിർമിക്കുന്നതിനൊപ്പം ചില നദികൾ ചൈന ഗതി തിരിച്ചുവിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇതേത്തുടർന്ന് നേപ്പാളിലേക്ക് ഒഴുകിയിരുന്ന നദികളും ഗതിമാറി ഒഴുകാൻ തുടങ്ങി. ഇങ്ങനെ സംഭവിക്കുമ്പോൾ നദി ആദ്യം ഒഴുകിയിരുന്ന സ്ഥലം തങ്ങളുടെ ഭാഗമാണെന്നു കാട്ടി ചൈന കൈവശപ്പെടുത്തുക ആണെന്നുമായിരുന്നു റിപ്പോർട്ട്.

English Summary: China encroaches upon Nepal land, builds infra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com