ADVERTISEMENT

വാഷിങ്ടൻ ∙ കള്ളപ്പണം വെളുപ്പിക്കാനായി അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റേതടക്കം  ഇടപാടുകളുടെ ശൃംഖല യുഎസ് ഏജൻസി ഫിൻസെൻ പുറത്തു വിട്ടതോടെ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ടാകുകയാണ് അൽതാഫ് ഖനാനി എന്ന 59കാരനായ പാക്ക് പൗരൻ. 

ദാവൂദ് ഇബ്രാഹിമുമായി പതിറ്റാണ്ടുകൾ ബന്ധമുള്ള ഖനാനി ലഷ്കറെ തയിബ, അൽഖായിദ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ്. രാജ്യാന്തര ഭീകര സംഘടനകൾക്കും മയക്കുമരുന്നു മാഫിയയ്ക്കും വേണ്ടി പ്രതിവര്‍ഷം 1400 കോടി ഡോളര്‍ മുതല്‍ 1600 കോടി ഡോളര്‍ വരെ അൽതാഫ് ഖനാനി കൈമാറിയിരുന്നതായാണ് റിപ്പോർട്ടുകൾ. 

ഖനാനി ആൻഡ് കാലിയ ഇന്റർനാഷനൽ (കെകെഐ) എന്ന ലോകവ്യാപകമായി പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ പണകൈമാറ്റ കമ്പനിയുടെ പ്രധാന ഡയറക്ടർമാരിലൊരാളായ അൽതാഫ് ഖനാനിയെ ഭീകരർക്കും ഭീകരസംഘടനകൾക്കും വേണ്ടി പണം വെളുപ്പിച്ചുകൊടുത്തു എന്ന കുറ്റത്തിനു ഫ്ലോറിഡ ഡിസ്ട്രിക്ട് കോടതി ശിക്ഷിച്ചിരുന്നു. രാജ്യാന്തര അന്വേഷണത്തെ തുടർന്ന് 2015 ലാണ് യുഎസിൽ അറസ്റ്റിലായത്. 

2016 ലായിരുന്നു ഖനാനിയുടെ സഹോദരൻ ജാവേദ് ഖനാനിയുടെ മരണം. പാക്കിസ്ഥാനിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽനിന്ന് വീണായിരുന്നു മരണം. ഇന്ത്യയിലെ നോട്ടുനിരോധനത്തെ തുടർന്നുള്ള ആത്മഹത്യ എന്ന നിലയിലായിരുന്നു ജാവേദ് ഖനാനിയുടെ മരണം രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ജാവേദ് ഖനാനിയുടെ മൃതദേഹം യാതൊരു പരിശോധനകളില്ലാതെ സംസ്കരിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

ഖനാനിക്ക് ദാവൂദുമായുള്ള ബന്ധം യുഎസിലെ ഫോറിന്‍ അസെറ്റ് കണ്‍ട്രോള്‍ ഓഫിസാണ് ആദ്യം പുറത്തെത്തിച്ചത്. അൽതാഫ് ഖനാനിയുടെ അറസ്റ്റിനും ജാവേദ് ഖനാനിയുടെ മരണത്തിനു ശേഷവും ഖനാനി വഴിയുള്ള സാമ്പത്തിക സഹായം ഭീകരസംഘടനകൾക്ക് കൃത്യമായി എത്തിയിരുന്നു. തട്ടിപ്പ് സംഘങ്ങളുടെയും കടലാസ് കമ്പനികളുടെയും മറവിൽ ഖനാനിയുടെ അനുയായികൾ ഭീകരപ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നത് തുടരുകയായിരുന്നു.

കള്ളപ്പണം തടയുന്നതിനുള്ള യുഎസ് റെഗുലേറ്ററി ഏജൻസിയായ ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്സ്മെന്റ് നെറ്റ്‌വർക്ക് (FinCEN) ആണ് നിർണായക വിവരങ്ങൾ പുറത്തു വിട്ടത്. ന്യൂയോർക്കിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സമർപ്പിച്ച എസ്എആറിലാണ് ഖനാനി കള്ളപ്പണം വെളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഖനാനിയുടെ കള്ളപ്പണം വെളുപ്പിക്കൽ സംഘടനയുടെയും അൽ സറൂണി എക്സ്ചേഞ്ചിന്റെയും ഇടപാടുകൾ വ്യക്തമാക്കുന്നതാണ് ഈ എസ്എആറുകളെന്നും റിപ്പോർട്ടിൽ പറയുന്നു.

English Summary: Dawood’s financier and Pakistani national Altaf Khanani laundered 14-16 billion USD annually to fund terror and drug cartels

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com