ADVERTISEMENT

തിരുവനന്തപുരം ∙ വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയിൽ അഴിമതി നിരോധിത നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണു പരിശോധിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ പദ്ധതിക്കെതിരായി വടക്കാഞ്ചേരി പദ്ധതിയെ മാറ്റാൻ ശ്രമം നടക്കുന്നു. വടക്കാഞ്ചേരി പദ്ധതിയെക്കുറിച്ച് സുതാര്യമായ അന്വേഷണം നടത്തി ശക്തമായ നടപടി ഉണ്ടാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. നാട്ടിൽ നിലവിലുള്ള നിയമസംവിധാനത്തിലൂടെ തന്നെയാകും അത്തരം നടപടിയുണ്ടാകുക. ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.

പ്രതിപക്ഷ നേതാവിനു വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ എംഒയുവിന്റെ പകർപ്പ് നൽകാത്തതെന്താണെന്ന ചോദ്യത്തിന്, വിവരാവകാശം വഴി ചോദിച്ചവർക്ക് എംഒയു കോപ്പി കിട്ടിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. എംഒയു പരസ്യപ്പെടുത്തണം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സർക്കാർ അന്വേഷണത്തിനു തയാറായിട്ടുണ്ട്. പ്രതിപക്ഷ നേതാവിനു രേഖകൾ നൽകുന്നതിനു ബുദ്ധിമുട്ടില്ല. 

യൂണിടാക്കിനു വടക്കേഞ്ചേരി പദ്ധതിയുടെ നിർമാണക്കരാർ കൊടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ അന്വേഷണം ഉണ്ടാകില്ല എന്നു താൻ മുൻപ് പറഞ്ഞിട്ടില്ലെന്നു ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ആരെയൊക്കെ ചോദ്യം ചെയ്യണമെന്നു വിജിലന്‍സ് തീരുമാനിക്കട്ടെ.

പ്രതിപക്ഷം സമരം ചെയ്യുന്നത് കൊണ്ടാണ് കോവിഡ് വ്യാപിക്കുന്നതെന്നു മുഖ്യമന്ത്രി പറയുന്നത് അർഥ ശൂന്യമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന്, നാടിന്റെ അനുഭവം വച്ച് കാര്യങ്ങൾ കാണണമെന്നു മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് – യുഡിഎഫ് പ്രശ്നമല്ലിത്. രോഗവ്യാപനത്തിനു സഹായകരമായ പ്രവർത്തനം ആരും നടത്തരുത്. രാഷട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തണം. വാശിയോടെ രോഗം പടരാനുള്ള സംഘർഷം സൃഷ്ടിക്കുകയല്ല വേണ്ടത്. എന്തിനാണ് ദുർവാശിയോടെ കാര്യങ്ങളെ കാണുന്നതെന്നു മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് ഈ അന്തരീക്ഷത്തെ മാറ്റാനാണ് നോക്കേണ്ടത്. നിർഭാഗ്യവശാൽ അതല്ല നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെക്കുറിച്ച് തെറ്റിധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു നിയമോപദേശം തേടാന്‍ സർക്കാർ തീരുമാനിച്ചതു സംബന്ധിച്ച ചോദ്യത്തിന്, തീപിടിത്തത്തെ ചില മാധ്യമങ്ങൾ വക്രീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തീവയ്പ്പിനു നേതൃത്വം നൽകി എന്നു ചില മാധ്യമങ്ങൾ പറഞ്ഞു. അത് ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്. മാധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാനൊന്നും സർക്കാരില്ല. പ്രസ് കൗൺസിലിനു പരാതി നല്‍കും. മാനനഷ്ടക്കേസ് നൽകുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

English Summary: Investigation whether unlawful dealing in Life Mission project says chief minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com