ADVERTISEMENT

പാലക്കാട്∙ കേ‍ാവിഡ് സാഹചര്യത്തില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങളേ‍ാടെ രാജ്യത്തെ പരമേ‍ാന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം മഹാകവി അക്കിത്തത്തിന് അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തിൽ ലളിതമായ ചടങ്ങിൽ സമ്മാനിച്ചു. വീടിനേ‍ാടുചേർന്ന് തയാറാക്കിയ പ്രത്യേകവേദിയിൽ നടന്ന പ്രൗഢമായ ചടങ്ങിലായിരുന്നു മലയാളത്തിന്റെ മഹാഭാഗ്യമായ കവിക്ക് മന്ത്രി എ.കെ.ബാലൻ പുരസ്കാരം സമ്മാനിച്ചത്. രേ‍ാഗപ്രതിരേ‍ാധചട്ടമനുസരിച്ചു കർശന വ്യവസ്ഥകളോടെയായിരുന്നു പരിപാടി.

മുഖ്യമന്ത്രി പിണറായി വിജയൻ ഒ‍ാൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരസമർപ്പണം നടത്തി. നിരുപാധികസ്നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതബേ‍ാധവും പരിസ്ഥിതിബേ‍ാധവും മാനുഷിക തലവും അദ്ദേഹം എന്നും ഉയർത്തിപിടിച്ചു. ദർശനങ്ങൾകെ‍ാണ്ട് ഋഷിതുല്യനായ കവിയാണ് അക്കിത്തം. 20 ാം നൂറ്റാണ്ടിന്റെ ഇതിഹാസം കമ്യൂണിസ്റ്റ് വിരുദ്ധകവിതയെന്ന വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ വൈലേ‍‍ാപ്പള്ളിയുടെ കുടിയൊഴിപ്പിക്കലുമായി കൂട്ടിവായിക്കേണ്ട കൃതിയാണ് അതെന്നു മനസിലാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജ്ഞാനപീഠംപുരസ്കാരസമിതി ചെയർപേഴ്സൻ പ്രതിഭാറായി, സമിതി ഡയറക്ടർ മധുസൂദനൻ ആനന്ദ്, എം,ടി,വാസുദേവൻ നായർ, ഇ.ടി.മുഹമ്മദ് ബഷീർ എംപി എന്നിവർ ഒ‍ാൺലൈനായി കവിക്ക് ആശംസ നേർന്നു. പുരസ്കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകൻ വാസുദേവൻ മറുപടി പ്രസംഗം വായിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖൻ, അക്കാദമിസെക്രട്ടറി ഡേ‍ാ. കെ.പി.മേ‍ാഹനൻ, കവി പ്രഭാവർമ, മാടമ്പ് കുഞ്ഞുക്കുട്ടൻ, ഡേ‍ാ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രൻ, പി.സുരേന്ദ്രൻ, വി.ടി.വാസുദേവൻ, പ്രഫ. എം.എം.നാരായണൻ, ആലങ്കേ‍ാട് ലീലാകൃഷ്ണൻ, തൃത്താല എംഎൽഎ വി.ടി.ബൽറാം, ജ്ഞാനപീഠം പുരസ്കാരസമിതി പ്രതിനിധികൾ, കപ്പൂർഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ആർ.സദാശിവൻനായർ, ജില്ലാകലക്ടർ ഡി.ബാലമുരളി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

അക്കിത്തം അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന, ആത്മാരാമൻ തയാറാക്കിയ–അക്കിത്തം. സചിത്രജീവചരിത്രം എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. മകനും ചിത്രകാരനുമായ വാസുദേവന്റെ ചിത്രങ്ങളടങ്ങിയ പുസ്തകം ഡൽഹിയിലെ പ്രസാധകരാണ് പുറത്തിറക്കുന്നത്. ഭാരതീയ ഭാഷകളിലെ സാഹിത്യത്തിന് അതുല്യസംഭാവനകൾ നൽകുന്ന ഏഴുത്തുകാർക്കാണ് ജ്ഞാനപീഠം പുരസ്കാരം നൽകുന്നത്. മലയാളത്തിന് ഇത് ആറാംതവണയാണ് ജ്ഞാനപീഠം ലഭിക്കുന്നത്.

ജ്ഞാനപീഠപുരസ്കാര സമ്മാന ചടങ്ങിൽ അക്കിത്തത്തെ കാലിഗ്രാഫിയിൽ വിവിധഭാഷകളിൽ അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്ത ഷാളുമണിയിച്ചു. പ്രശസ്ത കാലിഗ്രാഫിസ്റ്റ് നാരായണഭട്ടതിരിയാണ് ഷാളിന്റെ നിർമാതാവ്. ബ്രൗൺ കളറിൽ 15 ഭാഷകളിലാണ് അക്കിത്തത്തിന്റെ പേര് ഇതിൽ ഏഴുതിയിട്ടുള്ളത്. കറൻസിയിലുള്ള ഭാഷകളുടെ എണ്ണമാണു എടുത്തതെന്നു ഭട്ടതിരി പറഞ്ഞു. നേരത്തെ ഒ വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നേ‍ാവലിനെ ആസ്പദമാക്കി അദ്ദേഹം തയാറാക്കിയ 30 കാലിഗ്രാഫിക് തസ്രാഖിൽ സ്ഥാപിച്ചിട്ടുണ്ട്.

English Summary: 2019 jnanpith award is given to Akkitham Achuthan Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com