ADVERTISEMENT

ബെംഗളൂരു∙ ചലച്ചിത്രതാരങ്ങളെ ഇടനിലക്കാരാക്കി െബംഗളൂരുവിൽ ലഹരി പാർട്ടികൾ സംഘടിച്ച കേസിൽ പ്രതികൾക്ക് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്തുവെന്ന് ആരോപണത്തിൽ നടപടിയുമായി ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് (സിസിബി). ലഹരി മരുന്ന് കേസിൽ അന്വേഷണ വിവരങ്ങൾ പ്രതികളുടെ കൂട്ടാളികൾക്ക് കൈമാറിയെന്ന് ആരോപിച്ച് വനിതാ സംരക്ഷണ വിഭാഗം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എം.ആർ. മുധവി, ഹെഡ് കോൺസ്റ്റബിൾ മല്ലികാർജുൻ എന്നിവരെ സിസിബി സസ്‌പെൻഡ് ചെയ്തു.

അന്വേഷണത്തിനിടെ ഇരുവരും പ്രതികളുടെ ചില സഹായികളുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തെ കുറിച്ചുള്ള വിവരങ്ങൾ ചോർന്നുവെന്നും ജോയിന്റ് പൊലീസ് കമ്മിഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. അന്വേഷണത്തെ കുറിച്ചുള്ള റിപ്പോർട്ട് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർ കമൽ പന്തിന് സമർപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഇരുവരെയും സസ്പെൻഡ് ചെയ്തു.

സെലിബ്രിറ്റി പാർട്ടി പ്ലാനർ എന്ന നിലയിൽ ലഹരി പാർട്ടികൾ ആസൂത്രണം ചെയ്തിരുന്ന പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്ന,ബോളിവുഡ് നടന്‍ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുവും കർണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനുമായ ആദിത്യ ആല്‍വ എന്നിവർക്ക് കർണാടക പൊലീസിലും അന്വേഷണ ഏജൻസിയിലും ഉന്നത സ്വാധീനമുണ്ടെന്ന വാർത്തകൾക്കു പിന്നാലെയാണ് സിസിബി പാളയത്തിലെ ഒറ്റുകാരെ കണ്ടെത്തിയത്.

ഒരുകാലത്ത് ബെംഗളൂരു നഗരത്തിലെ ലഹരി മാഫിയകളെ കുറിച്ച് പൊലീസിനും അന്വേഷണ ഏജൻസികൾക്കും കൃത്യമായി വിവരങ്ങൾ കൈമാറി നൽകിയിരുന്നത് വിരേൻ ഖന്നയായിരുന്നു. പൊലീസിന്റെ വിശ്വാസം ആർജ്ജിക്കാനും എതിർ സംഘങ്ങളെ ഇല്ലാതാക്കാനും വിരേൻ ഖന്ന പ്രയോഗിച്ച ഉപായമായിരുന്നു ഈ ഒറ്റെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ വിശ്വസ്തൻ തന്നെ സമീപകാലത്തെ ഏറ്റവും വലിയ ലഹരി മരുന്നു കേസിൽ അറസ്റ്റിലായതോടെ സ്വന്തം പാളയത്തിൽ നിന്ന് തന്നെ വിവരങ്ങളോ‍ ചോരുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ഗതികേടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.

ലഹരി മരുന്ന് കേസിൽ സിസിബി കന്നഡ നടൻ ദിഗന്ത് മഞ്ചാലെ, കന്നഡ സീരിയൽ താരങ്ങളായ അഭിഷേക് ദാസ്, ഗീത ഭാരതി ഭട്ട് എന്നിവരെ വിളിച്ചുവരുത്തിയിരുന്നു. നടൻ യോഗേഷ്, ക്രിക്കറ്റ് താരം എൻ.സി അയ്യപ്പ എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കും.

നടിമാരായ രാഗിണി ദ്വിവേദിക്കും സഞ്ജന ഗൽറാണിക്കുമൊപ്പം അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്നയുടെ മൊബൈലിൽ നിന്ന് ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ഫോൺ നമ്പരുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചിരുന്നു.

English Summary: Sandalwood drugs case: ACP, head constable suspended for ‘leaking info to accused’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com